Deshabhimani

'കല്ലെറിയാൻ നല്ല സുഖമാണ്, പത്ത് വർഷം ഞാനും കല്ലെറിഞ്ഞിരുന്നു': ആരോഗ്യവകുപ്പിലെ പ്രതിസന്ധികൾക്കിടെ കെ മുരളീധരൻ

muraleedharan
വെബ് ഡെസ്ക്

Published on Oct 16, 2026, 02:40 PM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യരംഗത്തെ പ്രശ്നങ്ങൾ രൂക്ഷമായിരിക്കെ പറയുന്നപോലെ എളുപ്പമല്ല പ്രവര്‍ത്തനമെന്ന ഏറ്റുപറച്ചിലുമായി മന്ത്രി കെ മുരളീധരൻ. ആരോഗ്യവകുപ്പ് കല്ലേറ് കൊള്ളാൻ വിധിക്കപ്പെട്ടതാണെന്നും വിമര്‍ശനങ്ങള്‍ കേൾക്കേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു. കല്ലെറിയുന്നവർക്ക് സുഖമാണ്. കഴിഞ്ഞ പത്ത് വർഷം താനും സുഖമായി കല്ലെറിഞ്ഞിരുന്നു. എന്നാൽ ഇങ്ങോട്ട് ഏറ് കിട്ടുമ്പോഴാണ് അതിന്റെ പ്രയാസം മനസ്സിലാകുന്നതെന്നുമായിരുന്നു മന്ത്രിയുടെ പരാമർശം. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ ബിരുദദാന ചടങ്ങിനിടെയായിരുന്നു പ്രതികരണം.


യുഡിഎഫ് സർക്കാർ അധികാരത്തിലെത്തി മാസങ്ങൾ പിന്നിട്ടിട്ടും ആരോഗ്യരംഗത്തെ അടിയന്തര പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാത്തതിനെതിരെ വിമർശനം ശക്തമാകുന്നതിനിടെയാണ് മന്ത്രിയുടെ പ്രസ്താവന. സർക്കാർ ആശുപത്രികളിലെ മരുന്നുക്ഷാമവും ചികിത്സാസൗകര്യങ്ങളുടെ അപര്യാപ്തതയും ആരോഗ്യപ്രവർത്തകരുടെ കുറവും ചർച്ചയാകുമ്പോഴാണ് വിമർശനങ്ങൾ നേരിടുന്നതിന്റെ പ്രയാസത്തെക്കുറിച്ച് മന്ത്രി സംസാരിക്കുന്നത്. പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ട സർക്കാർ തന്നെ വിമർശനങ്ങളെ മുഖവിലയ്ക്കെടുക്കാതെ പണ്ട് താനും ഇങ്ങനെയായിരുന്നു എന്ന് പറഞ്ഞ് കൈയൊഴിയുകയാണ്.


ആരോഗ്യരംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ തന്റെ കൈയിൽ അലാവുദ്ദീന്റെ അത്ഭുതവിളക്കില്ലെന്നും മന്ത്രി നേരത്തേ പ്രതികരിച്ചിരുന്നു. മരുന്നുക്ഷാമം ഉൾപ്പെടെയുള്ള പരാതികൾ ശക്തമാകുന്നതിനിടെ പ്രശ്നങ്ങളില്ലെന്ന മന്ത്രിയുടെ വാദവും വിവാദമായിരുന്നു. ഇതിനുപിന്നാലെയാണ് ആരോഗ്യവകുപ്പ് കല്ലേറ് ഉണ്ടാകാൻ വിധിക്കപ്പെട്ടതാണെന്ന പുതിയ പ്രസ്താവന.


സർക്കാർ ആശുപത്രികളിൽ ജീവിതശൈലീ രോഗങ്ങൾക്കുള്ള മരുന്നുകൾ ഉൾപ്പെടെ അവശ്യമരുന്നുകൾ ഒന്നുംതന്നെ ലഭ്യമല്ലെന്ന് വ്യാപക പരാതികളുണ്ട്. പ്രതിസന്ധി ചൂണ്ടിക്കാട്ടി എൽഡിഎഫ് അടിയന്തരപ്രമേയത്തിന് നിയമസഭയിൽ നോട്ടീസ് നൽകിയിരുന്നു. മരുന്നുക്ഷാമവും ആരോഗ്യപ്രവർത്തകരുടെ ഒഴിവുകളും ചികിത്സാപിഴവുമടക്കമുള്ള വിഷയങ്ങളാണ് കെ വി സുമേഷ് എംഎൽഎ ഉന്നയിച്ചത്. ജീവിതശൈലീരോഗങ്ങൾക്കുള്ള മരുന്നുകൾ പോലും സർക്കാർ ആശുപത്രികളിൽ ലഭ്യമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home