print edition അതിദരിദ്രരുടെ ഭക്ഷ്യക്കൂപ്പൺ തട്ടൽ: കോൺഗ്രസ് കൗൺസിലർക്കെതിരെ പൊലീസ് നടപടി


സ്വന്തം ലേഖകൻ
Published on Nov 05, 2025, 12:42 AM | 1 min read
ചേർത്തല: സംസ്ഥാന സർക്കാരിന്റെ അതിദാരിദ്ര്യ നിർമാർജന പദ്ധതിപ്രകാരമുള്ള ഗുണഭോക്താക്കൾക്ക് നഗരസഭ നൽകിയ ഭക്ഷ്യക്കിറ്റ് കൂപ്പൺ അടിച്ചുമാറ്റിയ കോൺഗ്രസ് കൗൺസിലർക്കെതിരായ കേസ് തുടർ നിയമനടപടിക്കായി അയച്ചു. പ്രാഥമികാന്വേഷണത്തിൽ ഗുരുതര കുറ്റകൃത്യം കണ്ടെത്തിയതിനെതുടർന്നാണ് തുടർനടപടിക്കായി റിപ്പോർട്ട് പൊലീസ് നിയമോപദേശത്തിന് അയച്ചത്.
ചേർത്തല മുനിസിപ്പാലിറ്റി 25-ാം വാർഡ് കൗൺസിലർ എം എ സാജുവിനെതിരെ ഗുണഭോക്താവ് ചന്ദ്രാനന്ദമഠത്തിൽ ആനന്ദകുമാറിന്റെ പരാതി പരിശോധനാ റിപ്പോർട്ട് സഹിതം നഗരസഭ പൊലീസിന് കൈമാറിയതോടെയാണ് പ്രാഥമികാന്വേഷണം തുടങ്ങിയത്. പരാതിക്കാരനുപുറമെ വാർഡിലെ ഗുണഭോക്താവായ മറ്റൊരു വീട്ടമ്മയും തട്ടിപ്പിനിരയായെന്ന് നഗരസഭ കണ്ടെത്തിയിരുന്നു.
തട്ടിപ്പിനിരയായവർ, നഗരസഭാ ഉദ്യോഗസ്ഥർ എന്നിവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ചൊവ്വാഴ്ച സാജുവിനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി പൊലീസ് മൊഴിയെടുത്തു. നഗരസഭയിൽനിന്ന് വാങ്ങിയ കൂപ്പൺ മറ്റുചിലർക്ക് നൽകിയെന്നാണ് ഇയാളുടെ വിശദീകരണം.എന്നാൽ ഭക്ഷ്യക്കിറ്റ് ഉള്ളതായി കൗൺസിലർ അറിയിച്ചിട്ടില്ലെന്നാണ് തട്ടിപ്പിനിരയായവരുടെ മൊഴി.









0 comments