പുവർ ഹോമിലെ കുട്ടികളുടെ ആത്മഹത്യാശ്രമം; ബാലാവകാശ കമീഷൻ സ്വമേധയ കേസെടുത്തു

തിരുവനന്തപുരം : ശ്രീചിത്ര പുവർ ഹോമിൽ മൂന്ന് പെൺകുട്ടികൾ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ ബാലാവകാശ കമീഷൻ സ്വമേധയ കേസെടുത്തു. കമീഷൻ അംഗം എൻ സുനന്ദ ഹോം സന്ദർശിക്കുകയും കുട്ടികളുടെ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. വിഷയത്തിൽ സ്വമേധയാ കേസെടുത്ത കമീഷൻ ഹോം സൂപ്രണ്ടിനോടും സിഡബ്ല്യൂസിയോടും പൊലീസിനോടും അടിയന്തര റിപ്പോർട്ടു തേടി.
ഞായർ രാത്രി എട്ടോടെയാണ് പുവർ ഹോമിലെ മൂന്ന് പെൺകുട്ടികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വീട്ടിലേക്ക് പോകാൻ കഴിയാത്തതിന്റെ വിഷമത്തിലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് വിവരം. 10, ഒമ്പത്, ആറ് ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളാണ് പാരസെറ്റമോളും വൈറ്റമിൻ ഗുളികകളും കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. സംശയം തോന്നിയ കെയർടേക്കർ ചോദിച്ചപ്പോഴാണ് ഗുളിക കഴിച്ച വിവരം പുറത്തുപറയുന്നത്. ഉടനെ മെഡിക്കൽകോളേജ് ആശുപത്രിയിൽ എത്തിച്ചു. ആരോഗ്യനില തൃപ്‌തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
കുട്ടികളെ വീട്ടിലേക്ക് മടക്കിവിടാൻ കഴിയുന്ന കുടുംബാന്തരീക്ഷമല്ലാത്തതിനാൽ കൗൺസലിങ് കൊടുത്തുവരികയായിരുന്നു. എന്നാൽ കുഞ്ഞുങ്ങളുടെ ഭാവി സുരക്ഷിതമാക്കുന്ന സ്ഥാപനത്തെ അപകീർത്തിപ്പെടുത്താനാണ് ചില മാധ്യമങ്ങൾ ശ്രമിച്ചതെന്ന് സൂപ്രണ്ട് പറഞ്ഞു.








0 comments