‘സഭാവസ്ത്രങ്ങൾ ധരിച്ച് പുരോഹിതൻമാർക്കും കന്യാസ്ത്രീകൾക്കും പുറത്തിറങ്ങാൻ ഭയം’
ന്യൂനപക്ഷ അതിക്രമം തടയേണ്ടത് കേന്ദ്ര സർക്കാരിന്റെ കടമ: സിബിസിഐ

ന്യൂഡൽഹി
ഛത്തീസ്‌ഗഡിൽ കന്യാസ്ത്രീകൾക്കെതിരെ അതിക്രമം നടത്തിയത് ഭരണഘടനയെ മാനിക്കാത്ത ദേശവിരുദ്ധരായ ബജ്‌റംഗദൾ പ്രവർത്തകരാണെന്ന് പറയാൻ ഭയമില്ലെന്ന് കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ. രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കുനേരെ ആക്രമണങ്ങൾ വർധിക്കുകയാണ്. ഈ മാസത്തെ മൂന്നാമത്തെ സംഭവമാണ് കന്യസ്ത്രീകൾക്കുനേരെ നടന്നത്. ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളിൽ അവസാനം വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാരുമായും പ്രധാനമന്ത്രിയുടെ ഓഫീസുമായും സഭ നിരന്തരം ബന്ധപ്പെടുന്നുണ്ട്. കന്യസ്ത്രീകളെ മോചിപ്പിക്കേണ്ടതും ന്യൂനപക്ഷ അതിക്രമങ്ങൾ തടയേണ്ടതും രാജ്യം ഭരിക്കുന്ന സർക്കാരിന്റെ കടമയാണെന്നും സിബിസിഐ സെക്രട്ടറി ജനറൽ ആർച്ച് ബിഷപ്പ് അനിൽ ജെ ടി കുട്ടോ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മഹാരാഷ്ട്രയിൽ കഴിഞ്ഞമാസം 17ന് ക്രൈസ്തവർക്കുനേരെ ആക്രമണം നടത്താൻ ബിജെപി എംഎൽഎ ഗോപിചന്ദ് പടൽകർ പരസ്യമായി ആഹ്വാനം ചെയ്യുന്ന സ്ഥിതിയുണ്ടായി. സഭാവസ്ത്രങ്ങൾ ധരിച്ച് പുരോഹിതൻമാർക്കും കന്യാസ്ത്രീകൾക്കും പുറത്തിറങ്ങാൻ ഭയമാണ്. കന്യാസ്ത്രീകൾക്ക് ജാമ്യത്തിനായി ശ്രമിക്കുന്നുണ്ട്. കേന്ദ്രസർക്കാരുമായും ഛത്തീസ്‌ഗഡ് സർക്കാരുമായും ബന്ധപ്പെട്ടിട്ടുണ്ടെന്നും ആർച്ച്‌ബിഷപ്പ് പറഞ്ഞു.









0 comments