തൃത്താലയിൽ കാറും ബസും കൂട്ടിയിടിച്ച് അപകടം; ഒരു വയസുകാരൻ മരിച്ചു

പാലക്കാട്: തൃത്താലയിൽ ബസ്സും കാറും കൂട്ടിയിടിച്ച് ഒന്നര വയസ്സുകാരന് ദാരുണാന്ത്യം.അപകടത്തിൽ പട്ടാമ്പി ഗ്രീൻ പാർക്കിൽ താഴത്തേതിൽ അബാസ്, റഹീന ദമ്പതികളുടെ മകൻ ഒന്നര വയസ്സുള്ള ഹൈസിൻ ആണ് മരി ച്ചത്. അപകടത്തിൽ ആറു പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ കുന്നം കുളത്തും, തൃശൂരിലുമുള്ള സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്ന ഏഴും, രണ്ടും വയസുള്ള കുട്ടികൾ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. പട്ടാമ്പി സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. ഇന്ന രാവിലെ 6.40 തോടെയാണ് നാടിനെ നടുക്കിയ അപകടം.
കുട്ടിയുടെ ഉമ്മ റഹീന (35), റഹീനയുടെ പിതാവ് ഹനീഫ (60), മാതാവ് റംല (55), സഹോദരി റസീന (33), റസീനയുടെ മകൻ മിഥിലാജ് (5), കാർ ഓടിച്ചിരുന്ന സഹോദരൻ മുസ്തഫ (26), എന്നിവർക്കാണ് പരുക്ക്. റസീനയുടെ മകൾ രണ്ടു വയസ്സുകാരി മനാൽ മറിയത്തിന് പ്രാഥമിക ചികിത്സ നൽകി. മരിച്ച ഹൈസിന്റെ സഹോദരിയായ ഏഴു വയസ്സുകാരി ഫാത്തിമ ബത്തുൾ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു.
വിദേശത്തായിരുന്ന മകൾ റഹീനയെ അച്ഛൻ ഹനീഫയും, അമ്മ റംലയും, സഹോദരൻ മുസ്തഫയും ചേർന്ന് കോഴിക്കോട് എയർപോട്ടിൽ നിന്നും കൊണ്ടുവരികയായിരുന്നു. ഇടക്കു വെച്ച് പെരുമ്പഴത്തുള്ള മകൾ റസീനയേയും, കുട്ടികളെയും ഒപ്പം കൂട്ടി. തുടർന്ന് പട്ടാമ്പിയിലേക്കുള്ള മടക്ക യാത്രയിൽ തൃത്താല പി ഡബ്ലിയു ഡി റസ്‌റ്റ് ഹൗസിനു മുന്നിൽ വെച്ച് സ്വകാര്യ ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഹൈസിനെ പട്ടാമ്പിയിലെ സ്വാകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.









0 comments