ആരോഗ്യം ആനന്ദം–അകറ്റാം അർബുദം ; ചികിത്സാ മാനദണ്ഡത്തിന് സർക്കാർ അംഗീകാരം

തിരുവനന്തപുരം : അർബുദരോഗം അതിവേഗം കണ്ടെത്തി ചികിത്സ നൽകാൻ ആരോഗ്യവകുപ്പ് നടപ്പാക്കുന്ന ആരോഗ്യം ആനന്ദം–അകറ്റാം അർബുദം ക്യാമ്പയിൻ രണ്ടാംഘട്ടത്തിലേക്ക്. രോഗം സ്ഥിരീകരിച്ചവർക്കുള്ള ചികിത്സാ മാനദണ്ഡം സർക്കാർ അംഗീകരിച്ചു.
ഫെബ്രുവരി നാലിന് ആരംഭിച്ച ഒരു വർഷത്തെ ക്യാമ്പയിന്റെ ആദ്യഘട്ടത്തിൽ സ്‌ത്രീകളിലാണ് പരിശോധന നടത്തിയത്. വിവിധ അർബുദങ്ങൾ സ്ഥിരീകരിച്ചവർക്കുള്ള ചികിത്സാ മാർഗനിർദേശമടക്കം രണ്ടാംഘട്ടത്തിനായി രൂപീകരിക്കാൻ മാർച്ച് ഏഴിന് ചേർന്ന സാങ്കേതിക സമിതി യോഗം സർക്കാരിന് ശുപാർശ നൽകി. ഈ ശുപാർശയാണ് സർക്കാർ അംഗീകരിച്ചത്. സ്തന, ഗർഭാശയ ഗള, വായ്, കുടൽ അർബുദങ്ങളുടെ ചികിത്സയ്ക്ക് സ്വീകരിക്കേണ്ട രീതികൾ ഉൾപ്പെടുത്തിയതാണ് മാർഗനിർദേശം.
സ്തനാർബുദ പരിശോധനയിൽ നെഗറ്റീവ് ഫലം വന്നാൽ ആറുമാസത്തിനകം സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വീണ്ടും ഹാജരാകണം. രോഗം സ്ഥിരീകരിക്കുന്നവരെ മെഡിക്കൽ കോളേജുകളിലേക്ക് റഫർ ചെയ്യണം. രോഗസ്ഥിരീകരണവും രോഗിയുടെ നിരീക്ഷണവും പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ ചുമതലയാണ്. ക്യാമ്പയിൻ വിജയത്തിന് പ്രാഥമികാരോഗ്യകേന്ദ്രം, ഗ്രിഡ് ആശുപത്രികൾ, ജില്ലാ ആശുപത്രികൾ, മെഡിക്കൽ കോളേജ്, ഉന്നതതല അർബുദ ചികിത്സാ കേന്ദ്രങ്ങൾ എന്നിവയുടെ സഹകരണം അത്യാവശ്യമാണെന്നും സമിതി വ്യക്തമാക്കി. രോഗികളുടെ ചികിത്സ മാത്രമല്ല രോഗസാധ്യത കൂടുതലുള്ളവരുടെ ഭാവി പരിശോധനകളും ഉറപ്പുവരുത്തേണ്ടതുണ്ട്. മാർച്ച് എട്ടുവരെയുള്ള കണക്കുകൾ പ്രകാരം 10 ലക്ഷത്തിലധികം (10,69,703) പേർ അർബുദ പരിശോധനയ്ക്ക് വിധേയരായിരുന്നു. 86 പേർക്ക് രോഗവും സ്ഥിരീകരിച്ചു.









0 comments