ബിജെപിയുടെ തിരക്കഥ ; ഇഡി വാലാട്ടി

തൃശൂർ
കരുവന്നൂർ സഹകരണ ബാങ്ക് ക്രമക്കേടിൽ സിപിഐ എം നേതാക്കളെ കേസിൽ പ്രതികളാക്കിയതിന് പിന്നിൽ ആർഎസ്‌എസ് ബിജെപി ഗൂഢാലോചന. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചയുടൻ കുറ്റപത്രം സമർപ്പിച്ചതിൽനിന്ന് ഇത് വ്യക്തം. ബിജെപി മുഖപത്രമായ ജന്മഭൂമിയിൽ സിപിഐ എം ഉന്നതനേതാക്കൾ പ്രതിയാണെന്ന് നേരത്തേ വാർത്ത നൽകിയതും ഈ നീക്കം വെളിവാക്കുന്നു. ബിജെപി ഉന്നതനേതാക്കളും കേന്ദ്രമന്ത്രിയും സിപിഐ എം നേതാക്കളെ കുടുക്കുമെന്നും പലകുറി പ്രഖ്യാപിച്ചിരുന്നു.
ഇരട്ടത്താപ്പ് വ്യക്തം
കൊടകര കുഴൽപ്പണക്കേസിലെ ഇഡിയുടെ ഇരട്ടത്താപ്പ് നേരത്തെ വ്യക്തമായതാണ്. ബിജെപി തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ ആറു ചാക്കിലായി ഒമ്പത് കോടി കള്ളപ്പണം എത്തിച്ചതിനും ബിജെപി നേതാക്കൾ വിതരണം ചെയ്‌തതിനും സാക്ഷിയാണെന്ന് മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ് വെളിപ്പെടുത്തിയിട്ടും മൊഴിയെടുക്കാൻ പോലും തയ്യാറായില്ല. കള്ളപ്പണ ഇടപാടിൽ ബിജെപി നേതാക്കളുടെ ബന്ധം വ്യക്തമാക്കുന്ന കൃത്യമായ റിപ്പോർട്ട് ഇഡിക്ക് കേരള പൊലീസ് കൈമാറിയിരുന്നു. ബിജെപി നേതാക്കളെ പൂർണമായും ഒഴിവാക്കിയാണ് കുറ്റപത്രം നൽകിയത്.
സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കെ രാധാകൃഷ്‌ണൻ എംപി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ സി മൊയ്‌തീൻ എംഎൽഎ, എം എം വർഗീസ് എന്നിവരെ ഉൾപ്പെടെയാണ് ഇപ്പോൾ പ്രതിചേർത്തിരിക്കുന്നത്. പാർടി ജില്ലാ സെക്രട്ടറിമാരായിരുന്നുവെന്ന പേരിലാണിത്. നേരത്തേ എ സി മൊയ്‌തീന്റെ വീട്ടിൽ റെയ്‌ഡ് നടത്തിയിരുന്നു. ഒന്നും കണ്ടെത്തിയില്ലെന്ന് ഇഡി എഴുതി നൽകി. എന്നാൽ, 15 കോടി രൂപ പിടിച്ചെടുത്തെന്ന് പത്രക്കുറിപ്പിറക്കി.
ചോദ്യം ചെയ്യലിൽ കെ രാധാകൃഷ്‌ണനും എം എം വർഗീസും സഹകരണ ബാങ്ക് ഇടപാടുകളിൽ ബന്ധമില്ലെന്ന് വ്യക്തമാക്കിയതാണ്. എന്നാൽ, നേതാക്കളെ കരിനിഴലിൽ നിർത്താനാണ് ഇഡിയുടെ നീക്കം.
കരുവന്നൂർ ബാങ്ക് ക്രമക്കേടിലെ ഉത്തരവാദികളെ സിപിഐ എം പുറത്താക്കിയിരുന്നു. സഹകരണവകുപ്പ് നടപടി സ്വീകരിച്ചു. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. പ്രതികളെ അറ്‌സ്‌റ്റ് ചെയ്‌തു. പണം തിരിച്ചുപിടിക്കാനുള്ള നടപടി തുടരുന്നു. ക്രൈംബ്രാഞ്ച് പ്രതിയാക്കിയ ആളെ മാപ്പുസാക്ഷിയാക്കിയാണ് ഇഡി സിപിഐ എം നേതാക്കളെ കള്ളക്കേസിൽ കുടുക്കുന്നത്.








0 comments