ഭൂട്ടാൻ വാഹനക്കടത്ത്‌ 
ഉത്തരവാദി കേന്ദ്രസർക്കാർ; ആയിരത്തോളം വാഹനങ്ങൾ എത്തിച്ചെന്ന്‌ നിഗമനം

bhutan vehicle issue Operation Numkhor
വെബ് ഡെസ്ക്

Published on Sep 25, 2025, 02:21 AM | 2 min read

കൊച്ചി : ഭൂട്ടാനിൽനിന്നുള്ള വാഹനങ്ങളുടെ അനധികൃത കടത്തിൽ കേന്ദ്രസർക്കാരിന്റെ വീഴ്‌ച വ്യക്തം. അതിർത്തിയിലൂടെ വാഹനങ്ങൾ നിർബാധം ഇന്ത്യയിലേക്ക്‌ കടത്തിയപ്പോൾ കേന്ദ്രസർക്കാർ സംവിധാനങ്ങൾ കണ്ണടച്ചു. ഏജന്റുമാർ ഇത്‌ സ‍ൗകര്യമാക്കിയതോടെ വിദേശ ആഡംബര സെക്കൻഡ്‌ഹാൻഡ്‌ വാഹനങ്ങൾ നിർബാധം രാജ്യത്തെത്തി. ഭൂട്ടാനിൽനിന്ന്‌ കൊണ്ടുവരുന്ന വാഹനം അതിർത്തിയിലെ റോഡ്‌ സുരക്ഷ–സേനാ പരിശോധനകൾ വളരെ വേഗം മറികടന്നാണ്‌ ഇന്ത്യയിലെത്തുന്നത്‌. ഇവിടെ എത്തിച്ചശേഷം ഇന്ത്യൻ എംബസിയുടെ വ്യാജസീലും രേഖകളും ഉണ്ടാക്കിയാണ്‌ വിവിധ സംസ്ഥാനങ്ങളിൽ രജിസ്‌റ്റർ ചെയ്യുന്നത്‌.


കേന്ദ്ര റോഡ്‌ ഗതാഗത മന്ത്രാലയത്തിന്റെ പരിവഹൻ വെബ്‌സൈറ്റ്‌ ഹാക്ക്‌ ചെയ്‌താണ്‌ പലയിടത്തും രജിസ്‌ട്രേഷൻ നേടിയെടുക്കുന്നതെന്ന്‌ കസ്‌റ്റംസ്‌ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. വർഷങ്ങളായി വിദേശ വാഹനകടത്തുകാർക്ക്‌ കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കാതെയാണ്‌, നിരത്തിൽ ഓടുന്ന വാഹനങ്ങൾ കസ്‌റ്റംസിനെ ഉപയോഗിച്ച്‌ പിടിച്ചെടുക്കുന്നത്‌. ഏജന്റുമാർ നിയമം ലംഘിച്ച്‌ കടത്തിക്കൊണ്ടുവന്നതാണെന്ന്‌ അറിയാതെയാണ്‌ പലരും വാഹനങ്ങൾ സ്വന്തമാക്കിയത്‌. ചില പ്രമുഖരുടെ വാഹനങ്ങൾ കേന്ദ്രീകരിച്ച്‌ കേന്ദ്ര ഏജൻസി പരിശോധന നടത്തുന്നതിലെ ഉദ്ദേശ്യം സംബന്ധിച്ച്‌ സംശയവും ഉയർന്നിട്ടുണ്ട്‌.


ഓപ്പറേഷൻ നുംഖോറിലൂടെ പിടിച്ചെടുത്ത വാഹനങ്ങളുടെ വിവരങ്ങൾ മാധ്യമങ്ങളോട്‌ വിശദീകരിക്കാൻ കൊച്ചി കസ്‌റ്റംസ്‌ കമീഷണർ ഡോ. ടി ടിജു ചൊവ്വാഴ്‌ച നടത്തിയ വാർത്താസമ്മേളനം ഉന്നത കേന്ദ്ര ഉദ്യോഗസ്ഥർ ഇടപെട്ട്‌ നിർത്തിവയ്‌പ്പിച്ചിരുന്നു. ബുധനാഴ്‌ച നടന്ന പരിശോധനയിൽ കുണ്ടന്നൂരിൽനിന്ന്‌ അരുണാചൽ രജിസ്‌ട്രേഷനിലുള്ള ലാന്‍ഡ് ക്രൂസര്‍ കാർ പിടിച്ചെടുത്തു. തന്റെ എട്ടു വാഹനങ്ങൾ പിടിച്ചെടുത്തെന്ന കസ്‌റ്റംസിന്റെ വിശദീകരണം ശരിയല്ലെന്ന്‌ നടൻ അമിത്‌ ചക്കാലക്കൽ പറഞ്ഞു. ഒരു വാഹനംമാത്രമാണ്‌ പിടിച്ചത്‌.


അന്വേഷിക്കുമെന്ന് ഇഡി

ഭൂട്ടാനിൽനിന്ന് ആഡംബരക്കാറുകൾ കടത്തിക്കൊണ്ടുവന്ന്‌ സംസ്ഥാനത്ത്‌ വിൽപ്പന നടത്തിയത്‌ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുമെന്ന് ഇഡി അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചു. മറ്റൊരു കേസിൽ ഹാജരായ അഭിഭാഷകനോട് മാധ്യമവാർത്തയുടെ അടിസ്ഥാനത്തിൽ കോടതി വിഷയം പരാമർശിച്ചപ്പോഴായിരുന്നു മറുപടി.


കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമവുമായി ബന്ധപ്പെട്ട കേസിലെ അപ്പീൽ പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് എസ് മുരളീകൃഷ്ണ എന്നിവരുടെ ബെഞ്ചാണ് കാർ കടത്ത് പരാമർശിച്ചത്. വിഷയം ഇഡിയുടെ പരിധിയിൽ വരുന്നതാണെന്നും പരിശോധിക്കുന്നുണ്ടെന്നും അഭിഭാഷകൻ ജയശങ്കർ വി നായർ മറുപടി നൽകി.


ആയിരത്തോളം വാഹനങ്ങൾ എത്തിച്ചെന്ന്‌ നിഗമനം

ഭൂട്ടാനിൽനിന്ന്‌ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് വ്യാജരേഖ ചമച്ചും നികുതിവെട്ടിച്ചും ആയിരത്തോളം ആഡംബര വാഹനം കടത്തിയെന്ന നിഗമനത്തിൽ കസ്‌റ്റംസ്‌. കോയന്പത്തൂരിലെ ഏജന്റുമാർ കേരളത്തിലേക്ക്‌ കൊണ്ടുവന്ന ഇരുനൂറോളം വാഹനങ്ങൾ സിനിമാ മേഖലയിലുള്ളവർക്കും വ്യവസായികൾക്കുമാണ്‌ വിറ്റതെന്നും കസ്‌റ്റംസ്‌ കമീഷണർ ഡോ. ടി ടിജു വ്യക്തമാക്കി.


വിദേശ ആഡംബര വാഹനങ്ങൾ ഭൂട്ടാനിൽ ഇറക്കുമതി ചെയ്യുമ്പോൾ ചില ഇളവുകളുണ്ട്. അതുകൊണ്ട് വാഹനങ്ങൾ ഭൂട്ടാനിൽ വ്യാജ മേൽവിലാസം ഉണ്ടാക്കി രജിസ്റ്റർ ചെയ്യും. തുടർന്നാണ്‌ അതിർത്തി കടത്തുന്നത്‌. കരസേന, ഇന്ത്യൻ എംബസി എന്നിവയുടെ വ്യാജരേഖ ഉണ്ടാക്കി ഹിമാചൽ, അരുണാചൽ, യുപി സംസ്ഥാനങ്ങളിലാണ് രജിസ്റ്റർ ചെയ്യുന്നത്. അവിടെനിന്ന് ഇന്ത്യയിലെ പല ഭാഗങ്ങളിലേക്കെത്തിക്കും.


കേന്ദ്ര റോഡ്‌ ഗതാഗത മന്ത്രാലയത്തിന്റെ പരിവഹൻ വെബ്‌സൈറ്റിൽ കൃത്രിമം കാണിച്ച്‌ രജിസ്‌റ്റർ ചെയ്‌തതായും കണ്ടെത്തി. വിദേശത്ത്‌ രജിസ്‌റ്റർ ചെയ്‌ത സെക്കൻഡ്‌ ഹാൻഡ്‌ വാഹനം ഇറക്കുമതി ചെയ്യുന്നതിന് നിരോധനമുണ്ട്‌. മൂന്നുവർഷത്തിലേറെ വിദേശത്ത്‌ ഉപയോഗിച്ച വാഹനം കൊണ്ടുവരാൻ 160 ശതമാനം നികുതി അടക്കണം. അത് ചെയ്യാതെ രണ്ടുവർഷമായി വാഹനങ്ങൾ കേരളത്തിൽ എത്തുന്നുണ്ട്‌. ആറുമാസമായി കസ്‌റ്റംസ്‌ നടത്തിയ അന്വേഷണത്തിനൊടുവിലാണ്‌ കോയന്പത്തൂർ കേന്ദ്രീകരിച്ചുള്ള ഏജന്റുമാരിൽനിന്ന്‌ ഉപഭോക്താക്കൾ ആരൊക്കെയെന്ന് കണ്ടെത്തിയത്. ചൊവ്വാഴ്‌ച ‘ഓപ്പറേഷൻ നുംഖോർ’ എന്ന പേരിൽ നടത്തിയ കസ്‌റ്റംസ്‌ റെയ്‌ഡിൽ സംസ്ഥാനത്തെ 35 ഇടങ്ങളിൽനിന്ന്‌ 36 വാഹനങ്ങൾ പിടിച്ചെടുത്തിരുന്നു. പരിശോധന തുടരുമെന്ന്‌ കസ്‌റ്റംസ്‌ അറിയിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home