ശബരിമല ലോകശ്രദ്ധയിൽ വരണം; അയ്യപ്പസംഗമത്തിന് അഭിവാദ്യം നേർന്ന്‌ അശോകൻ ചരുവിൽ

ashokan chervioil
വെബ് ഡെസ്ക്

Published on Sep 20, 2025, 11:09 AM | 2 min read

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പമ്പയിൽ സംഘടിപ്പിക്കുന്ന അയ്യപ്പസംഗമത്തിന് അഭിവാദ്യം നേർന്ന്‌ അശോകൻ ചരുവിൽ.


ശബരിമല ലോകശ്രദ്ധയിൽ വരണമെന്നും പ്രത്യാശ നൽകുന്ന ദൈവം ജാതിക്കും മതത്തിനും അതീതനായിരിക്കണമെന്നും ആദ്യം നമുക്ക് മത, വംശവിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും ഇടയിൽപ്പെട്ട് ഞെരിയുന്ന കുഞ്ഞുങ്ങളുടെ നിലവിളി ഇല്ലാത്ത ഒരു ലോകം സൃഷ്ടിക്കാമെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.





കുറിപ്പിന്റെ പൂർണരൂപം:

"പമ്പയിലെ അയ്യപ്പസംഗമത്തിന് അഭിവാദ്യങ്ങൾ. ജാതിമതഭേദമില്ലാതെ ജനങ്ങൾ ആരാധന നടത്തുന്ന ദേവാലയങ്ങൾക്ക് ഇന്നത്തെ ഇന്ത്യയിൽ വലിയ പ്രധാന്യമുണ്ട്. ശബരിമലയെ കൂടുതൽ ലോകശ്രദ്ധയിലേക്ക് കൊണ്ടുവരേണ്ടത് കാലത്തിൻ്റെ ആവശ്യമാണ്. ശ്രീനാരായണഗുരുവിൻ്റെ ദർശനമാണ് ഇവിടെ പ്രസക്തം: എല്ലാവരും എല്ലാ മതങ്ങളുടേയും ആചാരങ്ങൾക്കപ്പുറത്തെ തത്വം പഠിക്കട്ടെ; വിശ്വാസികൾ എല്ലാ ആരാധനാലയങ്ങളിലും ദർശനം/ ആരാധന നടത്തട്ടെ.


എന്റെ കുട്ടിക്കാലത്തിന്റെ സംഗീതമായിരുന്നു പ്രഭാതത്തിലെ ശരണം വിളികൾ. വൈകിട്ടും അത് കേൾക്കുമായിരുന്നു. മഞ്ഞുകാലമാണല്ലോ. രാത്രിയിൽ ഉടുക്കുകൊട്ടിയുള്ള ശാസ്താംപാട്ടുകൾ ഏറെനേരം കേട്ടുകൊണ്ടിരിക്കും. പിന്നെ വീടുകളിൽ അയ്യപ്പൻവിളക്കും ഊട്ടും പായസവും കെട്ടുനിറയും. വാഴകൾ കൊണ്ടുള്ള ക്ഷേത്രനിർമ്മാണവും കുരുത്തോല കൊണ്ടുള്ള അലങ്കാരങ്ങളും. ദളിത് പിന്നാക്കവിഭാഗങ്ങളിലെ ആളുകളാണ് അന്ന് വ്രതമെടുത്ത് മലക്ക് പോയിരുന്നത്. അദ്ധ്വാനിക്കുന്ന ജനത. തിരിച്ചുവരുമ്പോൾ അവർ പറയുന്ന കഥകൾ കേൾക്കാൻ ഇഷ്ടമായിരുന്നു. വീരസാഹസിക വിവരണങ്ങളുണ്ട്. വാവരുടെ പള്ളിയെപ്പറ്റിയും ചേർത്തലക്കടപ്പുറത്തെ അർത്തുങ്കൽ പള്ളിയെപ്പറ്റിയും അവർ ആവേശത്തോടെ പറയുന്നത് കേട്ടിട്ടുണ്ട്.


ക്ഷേത്രപ്രവേശന വിളംബരവും കുട്ടംകുളം, പാലിയം സമരങ്ങളും കഴിഞ്ഞ് കേരളപ്പിറവിക്ക് ശേഷമാണ് ഞാൻ ജനിക്കുന്നത്. പക്ഷേ സാമാന്യജനങ്ങൾ അന്നും നാട്ടിലെ സവർണ്ണക്ഷേത്രങ്ങളിൽ വലിയ ആവേശം കാണിച്ചിരുന്നില്ല. ഭയം കലർന്ന ഒരു പക ആ ക്ഷേത്രങ്ങളോട് അന്നും അവർക്കുണ്ടായിരുന്നു. പക്ഷേ ശബരിമല അയ്യപ്പനും മലകയറ്റവും അവർക്കൊരു വികാരം തന്നെയായിരുന്നു. അതെന്തുകൊണ്ട് എന്ന് ഞാൻ അന്ന് ആലോചിച്ചു.


മഹാക്ഷേത്രങ്ങൾ നിരവധിയുണ്ടല്ലോ കേരളത്തിൽ. വൈക്കം ഗുരുവായൂർ ക്ഷേത്രങ്ങൾക്ക് സത്യഗ്രഹസമരങ്ങൾ നടന്നതിന്റെ ലോകപ്രസിദ്ധി കൂടിയുണ്ട്. പക്ഷേ അവയെയെല്ലാം പിന്തള്ളി സാമാന്യജനങ്ങളുടെ വലിയ ആരാധനകേന്ദ്രമായി ശബരിമല ഉയർന്നു നിൽക്കുന്നത് പുരാതനകാലം മുതൽക്കേ അവിടെ നിലനിൽക്കുന്ന മതനിരപേക്ഷവും ജാതിമേധാവിത്ത വിമുക്തവുമായ അന്തരീക്ഷമാണ്. ബുദ്ധമതകേന്ദ്രമായിരുന്നു അതെന്ന് ചരിത്രകാരന്മാർ പറയുന്നു. ഗോത്രവിഭാഗങ്ങളുടെ സ്വന്തം ആരാധനാലയമായിരുന്നു എന്നതിലും സംശയമില്ല. ഗോത്രജനതക്ക് മതഭേദമില്ലല്ലോ. പിന്നീട് ബ്രാഹ്മണാധിപത്യത്തിനും അവരുടെ ദുരാചാരങ്ങൾക്കും (തന്ത്രസമുച്ചയം, കുഴിക്കാട്ട് പച്ച) കീഴ്പ്പെട്ടുവെങ്കിലും മറ്റ് ക്ഷേത്രങ്ങളിൽ ഉണ്ടായതുപോലെ പൂർണ്ണമായ അധിനിവേശം അവിടെ സംഭവിച്ചിട്ടില്ല.


വീണ്ടും പറയട്ടെ ശബരിമല ലോകശ്രദ്ധയിൽ വരണം. പ്രത്യാശ നൽകുന്ന ദൈവം ജാതിക്കും മതത്തിനും അതീതനായിരിക്കണം. ആദ്യം നമുക്ക് മത, വംശവിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും ഇടയിൽപ്പെട്ട് ഞെരിയുന്ന കുഞ്ഞുങ്ങളുടെ നിലവിളി ഇല്ലാത്ത ഒരു ലോകം സൃഷ്ടിക്കാം."



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home