സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടി കേരളത്തിൽ ക്ലിനിക്കുകൾ: രാജ്യത്ത് ആദ്യം

തിരുവനന്തപുരം: സ്ത്രീകളുടെ മാനസികവും ശാരീരികവുമായ സൗഖ്യം പരിപാലിക്കുന്നതിനായി കേരളത്തിൽ ക്ലിനിക്കുകൾ ( വുമൺസ് വെൽനസ് ക്ലിനിക്ക്). രാജ്യത്ത് ആദ്യമായാണ് സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിനായി ഇത്തരം ഒരു പദ്ധതി ആരംഭിക്കുന്നത്. കഴിഞ്ഞ രണ്ട് മാസക്കാലമായി ജനകീയ ആരോഗ്യ കേന്ദ്രങ്ങളിൽ സ്ത്രീകൾക്കായുള്ള ക്ലിനിക്കുകൾ പ്രവർത്തിക്കുന്നു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം സപ്തംബർ 16ന് നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.
ചൊവ്വാഴ്ചകളിലാണ് വുമൺസ് വെൽനസ് ക്ലിനിക്കുകൾ പ്രവർത്തിക്കുന്നത്. എല്ലാ ആരോഗ്യ പ്രവർത്തകരും ക്ലിനിക്കിനെക്കുറിച്ച് പൊതുജനങ്ങളുമായി ആശയവിനിമയം നടത്തണമെന്ന് മന്ത്രി പറഞ്ഞു. പ്രമേഹം, രക്ത സമ്മർദ്ദം എന്നിവ പരിശോധിക്കുന്നതിലൂടെയും വിളർച്ച തടയുന്നതിലൂടെയും സ്ത്രീകളുമായി ബന്ധപ്പെട്ട ജീവിത ശൈലി രോഗങ്ങൾ പ്രതിരോധിക്കുകയാണ് ലക്ഷ്യം വയ്ക്കുന്നത്. രക്തസ്രാവം, മെനോപോസ്, തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സ്ത്രീ ക്ലിനിക്കുകൾ സഹയകമാകുമെന്നും മന്ത്രി അറിയിച്ചു.
രോഗപ്രതിരോധം, രോഗനിർമാർജനം, ആരോഗ്യ സംരക്ഷണം എന്നിവ ലക്ഷ്യം വച്ചാണ് സംസ്ഥാനത്തെ ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലൂടെ ആരോഗ്യം ആനന്ദം, അകറ്റാം അർബുദം, വിളർച്ചയിൽ നിന്ന് വളർച്ചയിലേക്ക് കേരളം (വിവ) എന്നിങ്ങനെ നിരവധി കാമ്പയിനുകളും നടക്കുന്നു.
ഈ സർക്കാരിൻ്റെ കാലഘട്ടത്തിലാണ് 5415 ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ ആരംഭിച്ചത്. പഞ്ചായത്ത് തലത്തിൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റി. താലൂക്ക് ആശുപത്രി തലം മുതൽ സ്പെഷ്യാലിറ്റി സേവനങ്ങൾ ആരംഭിച്ചു. ഒപിഡി ട്രാൻസ്ഫർമേഷൻ തുടങ്ങി.
12 ഡയാലിസിസ് യൂണിറ്റുകളിൽ നിന്ന് 126 ഡയാലിസിസ് സെന്ററുകൾ ഇപ്പോൾ പ്രവർത്തിക്കുന്നു. ജില്ലാ ആശുപത്രികളിൽ കാത്ത് ലാബുകൾ സ്ഥാപിച്ചു. കാസർകോടും വയനാടുമാണ് അടുത്തിടെ കാത്ത് ലാബുകൾ സ്ഥാപിച്ചത്. ആലപ്പുഴയിൽ നിർമാണ പ്രവവർത്തനങ്ങൾ പൂർത്തിയായി. ഇടുക്കിയിലും അടിസ്ഥാന നിർമാണം പൂർത്തിയായി. ജില്ലാ ആശിപത്രിയിൽ സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങൾ, മെഡിക്കൽ കോളേജുകൾ മികവിന്റെ കേന്ദ്രങ്ങളായുള്ള പ്രവർത്തനങ്ങൾ എന്നിവയും നടക്കുന്നുണ്ട്.
മെഡിക്കൽ വിദ്യാഭ്യാസം രംഗത്തും കേരളം മികച്ച നേട്ടം കൈവരിച്ചു. എല്ലാ ജില്ലകളിലും മെഡിക്കൽ കോളേജുള്ള സംസ്ഥാനമായി കേരളം. ഈ സർക്കാരിന്റെ കാലത്ത് മാത്രം നാല് ജില്ലകളിൽ മെഡിക്കൽ കോളേജ് ആരംഭിക്കാൻ കഴിഞ്ഞു. 21 നഴ്സിങ് കോളേജുകൾ സർക്കാർ, സർക്കാർ ഇതര കോളേജുകൾ ആരംഭിക്കാൻ കഴിഞ്ഞു.
2023-24 കാലഘട്ടത്തിൽ നടത്തിയ പരിശോധനയിലൂടെയാണ് കേരളം അമീബിക് മസ്തിഷ്കജ്വരം കണ്ടെത്തുന്നത്. പരിശോധനകളിൽ ഫലം നെഗറ്റീവാണെങ്കിലും രോഗം കണ്ടെത്തുന്നതെന്തുകൊണ്ട് എന്ന അന്വേഷണത്തിലാണ് പിന്നീട് അമീബയാണ് രോഗത്തിന് കാരണമെന്ന് മനസിലാക്കുന്നത്.
അമീബിക് മസ്തിഷ്ക ജ്വരം മൂലമുള്ള മരണ നിരക്ക് കേരളത്തിന് ഗണ്യമായി കുറയ്ക്കാൻ സാധിച്ചു. കൂട്ടായ പ്രവർത്തനമാണ് രോഗപ്രതിരോധത്തിനായി നടക്കുന്നത്. ജലമാണ് ജീവൻ എന്ന ക്യാമ്പയിനും ബോധവത്കരണത്തിന്റെ ഭാഗമായി നടക്കുന്നുണ്ട്. അമീബിക് മസ്തിഷ്ക ജ്വരവും ഫംഗസ് ബാധയുമുണ്ടായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞ വിദ്യാർഥി രോഗമുക്തി നേടിയെന്നും ഇത് ലോകത്ത് തന്നെ ആദ്യമായാണെന്നും മന്ത്രി പറഞ്ഞു.
ദേശിയ സർവേയിൽ രാജ്യത്ത് ശിശു മരണ നിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമാണ്. യു എസിനെക്കാൾ കുറവ് ശിശുമരണ നിരക്കിലേക്ക് കേരളമെത്തി. ഈ പ്രവർത്തനത്തിൽ പങ്കാളികളായ എല്ലാവരെയും മന്ത്രി അഭിനന്ദിച്ചു.








0 comments