സ്ത്രീ സൗഹൃദ ടൂറിസം: സംരഭകർക്ക് 4% പലിശ നിരക്കിൽ വായ്പ

Women friendly tourism
വെബ് ഡെസ്ക്

Published on Aug 05, 2025, 06:54 PM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് ടൂറിസം വകുപ്പ് നടപ്പാക്കുന്ന സ്ത്രീസൗഹൃദ ടൂറിസം പദ്ധതിയിൽ സംരംഭക പ്രോത്സാഹനത്തിനായി പ്രത്യേക സബ്സിഡി വായ്പാ പദ്ധതി ആവിഷ്ക്കരിക്കാൻ തീരുമാനം. സംസ്ഥാന വനിതാ വികസന കോർപ്പറേഷനും ഉത്തരവാദിത്ത ടൂറിസം മിഷനും ചേർന്നാണ് പദ്ധതി നടപ്പാക്കുക. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസും വീണാ ജോർജ്ജും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.


ഉത്തരവാദിത്ത ടൂറിസം മിഷന്റെ സ്ത്രീ സൗഹൃദ പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്ന സംരംഭങ്ങൾക്ക് വായ്പ നൽകുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. സ്ത്രീസൗഹൃദ വിനോദ സഞ്ചാര പദ്ധതിയിൽ 18,000 ത്തോളം പേർ ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുണ്ട്. 24 ഓളം വ്യത്യസ്ത വിഭാഗങ്ങളിലാണ് സംരംഭങ്ങൾ തുടങ്ങാൻ താത്പര്യമറിയിച്ചിരിക്കുന്നത്. ഇവർക്ക് വനിതാ വികസന കോർപ്പറേഷൻ നിശ്ചയിക്കുന്ന നിബന്ധനകൾക്ക് വിധേയമായി വായ്പ ഉറപ്പാക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നാലു കോടി രൂപ ടൂറിസം വകുപ്പ് പദ്ധതിക്കായി മാറ്റിവെച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.


സ്ത്രീസൗഹൃദ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതിക്ക് വനിതാ വികസന കോർപ്പറേഷന്റെ എല്ലാ പിന്തുണയും നൽകുമെന്ന് മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. രാജ്യത്ത് തന്നെ ആദ്യമായിട്ടായിരിക്കും ടൂറിസം മേഖലയിലെ വനിതാ സംരംഭങ്ങൾക്ക് ഇത്തരമൊരു പദ്ധതി ആരംഭിക്കുന്നത്. പദ്ധതി നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങൾ വനിതാ വികസന കോർപ്പറേഷൻ വേഗത്തിൽ തന്നെ പൂർത്തിയാക്കും. വനിതാ സംരംഭ മേഖലയിലെ മാതൃകയായി ടൂറിസവുമായുള്ള സഹകരണം മാറുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.


പദ്ധതി പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ ആർ ടി മിഷൻ സൊസൈറ്റി സിഇഒ കെ രൂപേഷ് കുമാറിനെയും വനിതാ വികസന കോർപ്പറേഷൻ എംഡി വി സി ബിന്ദുവിനെയും ചുമതലപ്പെടുത്തി. അഡീഷണൽ സെക്രട്ടറി രാജൻ ഖോബ്രഗഡെ, ടൂറിസം ഡയറക്ടർ ശിഖാ സുരേന്ദ്രൻ, ടൂറിസം വകുപ്പിലെയും ധനകാര്യ വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയരും യോഗത്തിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home