Deshabhimani

യുഡിഎഫ് സമരക്കാരെ കണ്ടില്ലെന്ന് നടിക്കുന്നു; എൽപിഎസ്‌ടി ഉദ്യോഗാർഥികളെ സന്ദർശിച്ച് എം വി ​ഗോവിന്ദൻ

mv govidan LPST Rank Holders.jpg

സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ എൽപിഎസ്ടി ഉദ്യോഗാർഥി സമരപന്തലിലെത്തി സമരസമിതി സെക്രട്ടറി വളർമതിയുമായി സംസാരിക്കുന്നു. വി ശിവൻകുട്ടി, ജോൺ ബ്രിട്ടാസ് എംപി എന്നിവർ സമീപം.

ഫോട്ടോ: Niliya Venugopal
വെബ് ഡെസ്ക്

Published on Nov 11, 2026, 12:27 PM | 1 min read

തിരുവനന്തപുരം: നിയമനം തേടി സെക്രട്ടറിയറ്റിനു മുന്നിൽ 129–ാം ദിവസവും സമരം തുടരുന്ന എൽപിഎസ്ടി ഉദ്യോഗാർഥികളെ സന്ദർശിച്ച് പിന്തുണ അറിയിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. യുഡിഎഫ് സർക്കാർ സമരത്തെ കണ്ടില്ലെന്ന് നടിക്കുകയാണെന്നും മനുഷ്യത്വപരമല്ലാത്ത നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എം വി ​ഗോവിന്ദനൊപ്പം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം വി ശിവൻകുട്ടിയും ജോൺ ബ്രിട്ടാസ് എംപിയും ഉണ്ടായിരുന്നു.


mv govidan LPST Rank Holders 1.jpgസിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ എൽപിഎസ്ടി ഉദ്യോഗാർഥി സമരപന്തലിലെത്തി സമരസമിതി സെക്രട്ടറി വളർമതിയുമായി സംസാരിക്കുന്നു. വി ശിവൻകുട്ടി, ജോൺ ബ്രിട്ടാസ് എംപി എന്നിവർ സമീപം | ഫോട്ടോ: നിലിയ വേണു​ഗോപാൽ


സമരസമിതി സെക്രട്ടറി വളർമതി 17 ദിവസമായി നിരാഹാരം തുടരുകയാണ്. സമരം ശക്തമായി തുടരാനാണ് ഉദ്യോഗാർഥികളുടെ തീരുമാനം. ഡ്രിപ്പിന്റെ സഹായത്തോടെയാണ്‌ വളർമതി ജീവൻ നിലനിർത്തുന്നത്‌. സർക്കാർ ക്രൂരമായ വേട്ടയാടലും ദ്രോഹനടപടിയും തുടർന്നതോടെ ചികിത്സ വേണ്ടെന്നു വെക്കുമെന്ന വളർമതി പ്രഖ്യാപിച്ചിരുന്നു. ജനറൽ ആശുപത്രിയിൽനിന്ന്‌ സമരപ്പന്തലിലെത്തി ഡോക്‌ടർ ആരോഗ്യനില വിലയിരുത്തി.


1:25 എന്ന അനുപാതം നടപ്പിലാക്കണമെന്നാണ് ഉദ്യോ​ഗാർഥികളുടെ പ്രധാന ആവശ്യം. എന്നാൽ ഈ ആവശ്യം അം​ഗീകരിക്കില്ലെന്ന നിലപാടിലാണ് സർക്കാർ. ഉദ്യോ​ഗാർഥികൾ സമരം ആരംഭിച്ചതിനുപിന്നാലെ വിഷയം പഠിക്കാനെന്നുപറഞ്ഞ് സർക്കാർ 45 ദിവസം ആവശ്യപ്പെട്ടിരുന്നു. എന്നാൽ യാതൊരു നടപടിയും ഉണ്ടാകാഞ്ഞ സാഹചര്യത്തിലാണ് ഉദ്യോ​ഗാർഥികൾ വീണ്ടും സമരം ആരംഭിച്ചത്.


സമരം കടുപ്പിക്കുന്നതിന്റെ ഭാ​ഗമായി വളർമതി തല മുണ്ഡനം ചെയ്ത് നിരാഹാരം ആരംഭിച്ചിരുന്നു. മൂന്നുതവണ എൽപിഎസ്ടി പരീക്ഷ എഴുതി റാങ്ക് പട്ടികയിൽ ഇടംനേടിയതാണ്‌ വളർമതി. അവസാന അവസരമായി ഒടുവിലെഴുതിയ പരീക്ഷയിൽ പാലക്കാട്‌ ജില്ലയിൽ 168–ാം റാങ്ക്‌. 2025 മെയ് 31ന് പ്രസിദ്ധീകരിച്ച പട്ടികയിലെ ഒന്നാം റാങ്കുകാരനുപോലും ജോലി ലഭിച്ചില്ല. സംസ്ഥാനത്താകെ നിയമനം ലഭിച്ചത്‌ 239 പേർക്കുമാത്രം. സംസ്ഥാനത്ത്‌ 11,000 പേരാണ്‌ എൽപിഎസ്‌ടി റാങ്ക്‌ പട്ടികയിലുള്ളത്‌.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home