ad
Deshabhimani

print edition അമീബിക്‌ മസ്‌തിഷ്‌ക ജ്വരവും പ്രതിരോധിച്ച്‌ ആരോഗ്യകേരളം;
പിടിച്ചുകെട്ടി മരണനിരക്ക്‌

amoebic meningoencephalitis
avatar
സ്വന്തം ലേഖിക

Published on Apr 15, 2026, 12:01 AM | 1 min read

കോഴിക്കോട്‌: മരണസാധ്യത 90 ശതമാനത്തോളമുള്ള അമീബിക്‌ മസ്‌തിഷ്‌ക ജ്വരത്തെ പരിശോധനയും ചികിത്സയുംകൊണ്ട്‌ കുറഞ്ഞ കാലത്തിനുള്ളിൽ പ്രതിരോധിച്ച്‌ ആരോഗ്യകേരളം. രോഗം നേരത്തെ കണ്ടെത്താനും മരണനിരക്ക്‌ പടിപടിയായി കുറയ്‌ക്കാനും സാധിച്ചു. ഇ‍ൗ വർഷം 84 പേർക്കാണ്‌ രോഗബാധ. ഇതിൽ 15 പേരാണ്‌ മരിച്ചത്‌. 18 ശതമാനമാണ്‌ മരണനിരക്ക്‌.


2025 ജനുവരി മുതൽ മാർച്ച്‌ വരെ 10പേർക്കായിരുന്നു രോഗം. നാല്‌ മരണവും. 40 ശതമാനമായിരുന്നു മരണനിരക്ക്‌. തുടർന്ന്‌ ബോധവൽക്കരണവും ശ്രദ്ധയും നൽകി ആരോഗ്യവകുപ്പ്‌ പ്രതിരോധ പ്രവർത്തനങ്ങൾ ഉ‍ൗർജിതമാക്കി. ലക്ഷണം തോന്നുന്ന എല്ലാ കേസുകളിലും പരിശോധന നടത്തി. ഇത്‌ മരണ നിരക്ക്‌ കുറയ്‌ക്കുന്നതിൽ പ്രധാന ഘടകമായി. ഇ‍ൗ വർഷം ജനുവരി മുതൽ മാർച്ച്‌ വരെ 72 പേർക്കാണ്‌ രോഗം കണ്ടെത്തിയത്‌. 14 മരണവും. ഇ‍ൗ കാലയളവിൽ മരണനിരക്ക്‌ 40ൽനിന്ന്‌ 19 ശതമാനമായി കുറയ്‌ക്കാനായി. ഇ‍ൗ വർഷം കൂടുതൽ രോഗികൾ തിരുവനന്തപുരത്താണ്‌, 44 എണ്ണം. രണ്ടാമത്‌ കൊല്ലവും (15) മൂന്നാമത്‌ കോഴിക്കോടുമാണ്‌ (ഏഴ്‌). അക്കാന്തമീബ എന്ന ബാക്ടീരിയ മൂലമാണ്‌ 70 പേരിലും രോഗമുണ്ടായത്‌.


ലക്ഷണങ്ങളില്ലാതെയും രോഗം


​​സാധാരണ പനി, തലവേദന, ഛർദി തുടങ്ങിയ ലക്ഷണങ്ങളാണ്‌ അമീബിക്‌ മസ്‌തിഷ്‌ക ജ്വരത്തിന്‌ കാണാറുള്ളത്‌. എന്നാൽ സമീപ കാലത്തായി ഇത്തരം ലക്ഷണങ്ങളില്ലാത്തവരിലും രോഗം കണ്ടുവരുന്നതായി ഡയറക്ടറേറ്റ്‌ ഓഫ്‌ ഹെൽത്ത്‌ സർവീസിലെ അസി. ഡയറക്ടർ (പിഎച്ച്‌) ഡോ. എസ്‌ ഹരികുമാർ പറഞ്ഞു. ന്യൂറോ സംബന്ധപ്രശ്‌നങ്ങളുമായി വരുന്നവരിലും അമീബിക്‌ മസ്‌തിഷ്‌ക ജ്വരം തിരിച്ചറിഞ്ഞിട്ടുണ്ട്‌.


​അവധിക്കാലത്ത്‌ 
ജാഗ്രത വേണം


നെഗ്ലേരിയ ഫ‍ൗളറി ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗത്തിന്‌ അക്കാന്തമീബ ബാക്ടീരിയ ഉണ്ടാക്കുന്നതിനേക്കാൾ തീവ്രത കൂടുതലാണ്‌. വേനൽക്കാലത്ത്‌ വെള്ളത്തിൽ നെഗ്ലേരിയ ഫ‍ൗളറി ബാക്ടീരിയ കൂടുതലായതിനാൽ വരുംദിവസങ്ങളിൽ ജാഗ്രത പുലർത്തേണ്ടതുണ്ട്‌.

അവധിക്കാലത്ത്‌ കുളം, സ്വിമ്മിങ്‌ പൂൾ എന്നിവയിൽ മുങ്ങിക്കുളിക്കാൻ കുട്ടികളും മുതിർന്നവരും ഏറെയെത്തും. കെട്ടിക്കിടക്കുന്നതും ശുചിത്വമില്ലാത്തതുമായ വെള്ളത്തിലൂടെയാണ്‌ രോഗാണു ശരീരത്തിൽ എത്തുന്നത്‌.


ജലാശയങ്ങൾ കൃത്യമായി ക്ലോറിനേറ്റ്‌ ചെയ്യുന്നുവെന്ന്‌ ഉറപ്പാക്കണം. നേരത്തെ തലയ്‌ക്ക്‌ പരിക്കേറ്റവരും ശസ്‌ത്രക്രിയ കഴിഞ്ഞവരും മുറിവുള്ളവരും മുങ്ങിക്കുളി ഒഴിവാക്കണമെന്ന്‌ വിദഗ്‌ധർ പറയുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home