'ആരോഗ്യം ആനന്ദം- അകറ്റാം അർബുദം': കാൻസർ സ്‌ക്രീനിങ് നടത്തിയത് ഒരു ലക്ഷത്തിലധികം പേർ

cancer prevention
വെബ് ഡെസ്ക്

Published on Feb 14, 2025, 05:59 PM | 2 min read

തിരുവനന്തപുരം: കാൻസർ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന 'ആരോഗ്യം ആനന്ദം-അകറ്റാം അർബുദം' ജനകീയ കാൻസർ പ്രതിരോധ ക്യാമ്പയിനിൽ പങ്കെടുത്തുകൊണ്ട് ഒരു ലക്ഷത്തിലധികം (1,10,388) പേർ കാൻസർ സ്‌ക്രീനിങ് നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഒരു വർഷം നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങളാണ് ആരോഗ്യ വകുപ്പ് ആസൂത്രണം ചെയ്തിട്ടുള്ളത്. അതിന്റെ ആദ്യഘട്ട ക്യാമ്പയിൻ സ്ത്രീകൾക്ക് വേണ്ടിയുള്ളതാണ്. സ്ത്രീകളെ പ്രധാനമായി ബാധിക്കുന്ന സ്തനാർബുദം, ഗർഭാശയഗള കാൻസർ എന്നിവയോടൊപ്പം മറ്റ് കാൻസർ സ്‌ക്രീനിങ്ങും നടത്തുന്നുണ്ട്. സംസ്ഥാനത്തെ 1321 സർക്കാർ ആശുപത്രികളിൽ സ്‌ക്രീനിങ്ങിനായുള്ള സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്. സ്‌ക്രീൻ ചെയ്തതിൽ 5185 പേരെ കാൻസർ സംശയിച്ച് തുടർ പരിശോധനയ്ക്ക് റഫർ ചെയ്തു. പരിശോധനയിൽ കാൻസർ സ്ഥിരീകരിക്കുന്നവർക്ക് ചികിത്സയും തുടർ പരിചരണവും ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.


98,329 സ്ത്രീകൾക്ക് സ്തനാർബുദം ഉണ്ടോയെന്നറിയാൻ സ്‌ക്രീനിങ് നടത്തി. അതിൽ 3193 പേരെ (3 ശതമാനം) സ്തനാർബുദം സംശയിച്ച് തുടർ പരിശോധനയ്ക്ക് റഫർ ചെയ്തു. 51,950 പേരെ ഗർഭാശയഗള കാൻസറിന് സ്‌ക്രീൻ ചെയ്തതിൽ 2042 പേരെ (4 ശതമാനം) തുടർ പരിശോധനയ്ക്കായും 30,932 പേരെ വായിലെ കാൻസറിന് സ്‌ക്രീൻ ചെയ്തതിൽ 249 പേരെ (1 ശതമാനം) തുടർ പരിശോധനയ്ക്കായും റഫർ ചെയ്തു.


സർക്കാർ, സ്വകാര്യ, സഹകരണ മേഖലകൾ, സന്നദ്ധ പ്രവർത്തകർ, സംഘടനകൾ, പൊതുസമൂഹം തുടങ്ങി എല്ലാവരും സഹകരിച്ച് കൊണ്ടാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. പല കാൻസറുകളും വളരെ നേരത്തെ കണ്ടെത്തി ചികിത്സിച്ചാൽ ഭേദമാക്കാൻ സാധിക്കും. വ്യക്തികൾക്കും പ്രിയപ്പെട്ടവർക്കും ഉണ്ടാകുന്ന പ്രയാസങ്ങൾ കുറയുകയും ചെയ്യും. ഇത് മുന്നിൽ കണ്ടാണ് സംസ്ഥാന ആരോഗ്യ വകുപ്പ് പൊതുജന പങ്കാളിത്തത്തോടെ കാൻസർ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി ജനകീയ കാൻസർ ക്യാമ്പയിൻ ആരംഭിച്ചത്.


സ്തനാർബുദം സ്വയം പരിശോധനയിലൂടെ പലപ്പോഴും കണ്ടെത്താൻ കഴിയാറില്ല. അതിനാൽ എല്ലാ സ്ത്രീകളും തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിലെത്തി സ്‌ക്രീനിംഗ് നടത്തണം. ശരീരത്തിൽ ഏതെങ്കിലും തരത്തിലുള്ള അസ്വാഭാവികമായ മുഴകളോ മരവിപ്പോ മറ്റ് പ്രശ്‌നങ്ങളോ ഉണ്ടെങ്കിൽ സ്‌ക്രീനിങ്ങിൽ പങ്കെടുക്കുമ്പോൾ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കണം. രോഗം സംശയിക്കുന്നവർ വിദഗ്ധ പരിശോധനയ്ക്കും ചികിത്സയ്ക്കും തയ്യാറാവണം. സർക്കാർ ആശുപത്രികൾക്ക് പുറമേ സ്വകാര്യ ആശുപത്രികളിലും പ്രത്യേക സ്‌ക്രീനിംഗ് ലഭ്യമാണ്. ബിപിഎൽ വിഭാഗക്കാർക്ക് പൂർണമായും സൗജന്യമായിട്ടാണ് പരിശോധന. എപിഎൽ വിഭാഗക്കാർക്ക് മിതമായ നിരക്കിലും പരിശോധനാ സൗകര്യം ഒരുക്കിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home