കോഴിക്കോട്ടെ ഗതാഗതകുരുക്കിന് പരിഹാരമാവുന്നു; മാനാഞ്ചിറ- വെള്ളിമാട്കുന്ന് റോഡ് വികസനത്തിന് പുതുജീവൻ

riyas
വെബ് ഡെസ്ക്

Published on Oct 07, 2025, 06:39 PM | 2 min read

കോഴിക്കോട്: കോഴിക്കോട് നഗരത്തിന്‍റെ മുഖച്ഛായ മാറുന്ന പദ്ധതിയായ മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വികസനത്തിന്‍റെ ഒരു തടസം കൂടി നീങ്ങി. മലാപ്പറമ്പു മുതൽ വെള്ളിമാടുകുന്ന് വരെയുള്ള ഭാഗത്ത് നിര്‍മാണം നടത്താന്‍ ദേശീയപാതാ അതോറിറ്റി പൊതുമരാമത്ത് വകുപ്പിന് അനുമതി നല്‍കി. ഇതോടെ തുടര്‍നടപടികൾ വേഗത്തിലാകും.


കോഴിക്കോട് ജില്ലയിലെ ഗതാഗതകുരുക്കുമായി ബന്ധപ്പെട്ട ഒരു വിഷയത്തിന് കൂടി പരിഹാരമായെന്ന് മന്ത്രി മുഹമ്മദ് റിയാസ് ഫെയ്സ്ബുക്കിൽ കുറിച്ചു. മലാപ്പറമ്പ്- മുത്തങ്ങ ദേശീയ പാത റോഡ് വികസന പദ്ധതിയിൽ ഉൾപ്പെട്ടതിനാൽ ഈ മേഖലയിൽ പ്രവൃത്തി നടത്തുവാൻ സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് നേരത്തെ അനുമതി ലഭിച്ചിരുന്നില്ല. കേന്ദ്ര ഉപരിതല മന്ത്രാലയവുമായി നടത്തിയ നിരന്തര ചർച്ചകൾക്ക് ഒടുവിലാണ് കോഴിക്കോട് നഗരവികസന പദ്ധതിയുടെ ഭാഗമായി റോഡ് വികസനത്തിന്‌ അനുമതി ലഭിച്ചത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയെ ഡൽഹിയിൽ സന്ദർശിച്ചപ്പോൾ വിഷയം നേരിട്ട് ശ്രദ്ധയിൽപെടുത്തിയിരുന്നു. അനുകൂലമായ മറുപടിയും അന്ന് ലഭിച്ചിരുന്നു. മുഖ്യമന്ത്രിക്കും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിക്കും പ്രത്യേകം നന്ദിയെന്നും മന്ത്രി പറഞ്ഞു.


പദ്ധതിയുടെ ആദ്യ ഘട്ടമായി മാനാഞ്ചിറ- മലാപ്പറമ്പ് സ്‌ട്രെച്ചിൽ പ്രവൃത്തി പുരോഗമിച്ചു വരികയാണ്. കേന്ദ്ര അനുമതി ലഭിച്ച സാഹചര്യത്തിൽ പദ്ധതിയുടെ മലാപ്പറമ്പ് - വെള്ളിമാട്കുന്ന് ഭാഗത്ത് തുടർ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുവാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി റിയാസ് അറിയിച്ചു.


481.94 കോടി രൂപയാണ് റോഡിനായി ആകെ ചെലവാകുക. ഭൂമി ഏറ്റെടുക്കാൻ 344.5 കോടി രൂപ അനുവദിച്ചിരുന്നു. നിർമാണത്തിനായി 137.44 കോടി രൂപയുടെ ഭരണാനുമതിയാണ് നൽകിയത്. കോഴിക്കോട് സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പ്രോജക്ടിനുകീഴിൽ മാനാഞ്ചിറ മുതൽ മലാപ്പറമ്പ് വരെ 5.3 കിലോമീറ്റർ റോഡ് 24 മീറ്റർ വീതിയിൽ നാലുവരിപ്പാതയായാണ് നിർമിക്കുക. റോഡിനു നടുവിൽ രണ്ടുമീറ്റർ വീതിയിൽ മീഡിയനും ഇരുവശങ്ങളിലും ഏഴുമീറ്റർ വീതം വീതിയിൽ രണ്ടുവരിപ്പാതയും നിർമിക്കും. കാര്യേജ് വേയുടെ ഇരുവശത്തും ഒന്നര മീറ്റർ വീതം പേവ്‌മെന്റും നിർമിക്കും. രണ്ടുമീറ്റർ വീതിയുള്ള നടപ്പാതയും ഇരുവശത്തും നിർമിക്കും. ഈ സ്ട്രെച്ചിൽ ഉടനീളം വഴിവിളക്കുകളും സ്ഥാപിക്കും. ജങ്‌ഷനുകളിൽ ട്രാഫിക് സിഗ്നലുകളും ഉണ്ടാകും. ഓരോ 250 മീറ്റർ ഇടവിട്ടും റോഡിനടിയിൽ കുറുകെ യൂട്ടിലിറ്റി ഡക്ടുകൾ നിർമിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home