17 July Wednesday

അവർ കൊണ്ട മഴ, ഞാൻ കേട്ട കഥ...ആന്‍ പാലി എഴുതുന്നു

ആന്‍ പാലിUpdated: Sunday Sep 1, 2019

"തലയിണ കൊണ്ടാ ഞാനയാളുടെ മുഖത്തമർത്തിയത് , കള്ള് കുടിച്ചു ബോധമില്ലാതിരുന്നത് കൊണ്ട് വലിയ ബഹളമൊന്നുമുണ്ടായില്ല, പക്ഷെ പിടയ്ക്കാൻ തുടങ്ങിയപ്പോളേക്കും ഒരു ഫോൺ വന്നു. നിർത്താതെ ബെല്ലടിച്ചുകൊണ്ടിരുന്നപ്പോ ശല്യം കാരണമാ ഫോണെടുത്തത്, കൊറേ ദേഷ്യപ്പെട്ടു, കൊറേ കരഞ്ഞു ..."
പാലായിലെ വീട്ടിലെ പാഷൻ ഫ്രൂട്ട്‌   പന്തലിനു താഴെയിരുന്നാണ് സുഹൃത്ത് അവളുടെ ജീവിതത്തെക്കുറിച്ചു പറഞ്ഞു തുടങ്ങിയത്. വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം നാട്ടിൽ നിൽക്കുമ്പോൾ  വേറെ എങ്ങോട്ടും പോവാതെ, മറ്റൊന്നും ചെയ്യാൻ കൂട്ടാക്കാതെ ഒരു ദിവസം മുഴുവൻ അവളുടെ കേൾവിക്കാരിയാവുക എന്നത് മാത്രമായിരുന്നു എനിക്ക് ചെയ്യാൻ കഴിഞ്ഞ കാര്യം. പടപാടാന്ന് മിടിയ്ക്കുന്ന നെഞ്ചുമായി മുറ്റത്ത് ചുരുണ്ടിരുന്ന എനിക്ക് മദ്യവും ഛർദിയും വിഴുപ്പുകളും നിറഞ്ഞ  ഒരു  മുറിയും അവിടെ കുടിച്ചു ബോധംകെട്ട് കിടക്കുന്ന ഒരു മനുഷ്യനേയും കാണാൻ കഴിഞ്ഞു.

എന്റെ  സുഹൃത്തുക്കളിൽ വെച്ചേറ്റവും സെൻസ് ഓഫ് ഹ്യൂമർ ഉള്ള ഒരുത്തിയാണ് മുന്നിലിരിക്കുന്നത്. ചിരിക്കാൻ പ്രത്യേകിച്ച് കാരണങ്ങൾ ഒന്നും വേണ്ടാത്തവൾ, എന്നാൽ കരയാനായി വേണമെങ്കിൽ ഒരുപാട് കാര്യങ്ങൾ നിരത്തിവയ്ക്കാവുന്ന ജീവിതമുള്ളവൾ. മദ്യപാനിയായ അച്ഛനുള്ള വീട്, അവിടെ  അച്ഛന്റെ സ്ഥാനത്തു നിൽക്കേണ്ട ഒരാളിൽ നിന്നും പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വരുന്ന അവസ്ഥ! എന്നാൽ ചെറിയ കുട്ടിയായിരുന്നപ്പോളുള്ള സങ്കടങ്ങളെക്കാൾ കൂടുതൽ കല്യാണം കഴിച്ചതിന് ശേഷമാണ്  എന്നു പറയുമ്പോൾ ആ ജീവിതം കുറേക്കൂടി വ്യക്തമായി.  മദ്യപാനം മാത്രമല്ല , ഇടയ്ക്കിടെ അസ്വസ്ഥപ്പെടുത്തുന്ന ഭ്രാന്തൻ ചിന്തകളിൽ കുഞ്ഞുങ്ങളുടെ സുരക്ഷകൂടി ഇല്ലാതാവുന്നത് കണ്ടപ്പോളാണ് അയാളെയങ്ങു ഞെക്കിക്കൊല്ലമെന്ന് അവൾ തീരുമാനിച്ചത്.

"ഇത്ര വിദ്യാഭ്യാസവും ലോകവിവരവുമുള്ള നിനക്ക് ഇമ്മാതിരി ഒരു പൊട്ടത്തരം ചെയ്താൽ എന്താ ഉണ്ടാവാന്ന് അറിയില്ലേ ? നീ ജയിലിലും കുട്ടികൾ ഏതെങ്കിലുമൊക്കെ ബന്ധുക്കളുടെ വീട്ടിലും..."

അവൾ തോള് കുലുക്കി ," അപ്പൊ അതൊന്നും ആലോചിച്ചില്ല. എന്നെ ഉപദ്രവിക്കുമെന്നു പറഞ്ഞു കുട്ടികളെ ദ്രോഹിച്ചപ്പോൾ അയാളിനി ജീവിക്കണ്ടാന്നു തോന്നി..." പ്രത്യേകിച്ചൊരു ഭാവമാറ്റമോ പതർച്ചയോ ഇല്ലാതെ അവളിതൊക്കെ പറയുമ്പോൾ ഞാൻ കണ്ണും മിഴിച്ചിരിക്കയാണ്. പത്രത്തിൽ ഇതുപോലുള്ള വാർത്തകളൊക്കെ വായിച്ചിട്ടുള്ള ഞാൻ  പരാജയപ്പെട്ടതെങ്കിലും ഒരു 'കൊലപാതകശ്രമം' നടത്തിയ വ്യക്തിയെ  ആദ്യമായി കാണുകയാണ്. തമ്മിൽ പിരിഞ്ഞു ലോകത്തിന്റെ രണ്ടു ദിക്കുകളിൽ താമസിക്കുന്ന അപരിചിതരായി അവർ മാറിയെന്ന സമാധാനമുണ്ട്, കുട്ടികൾ അവൾക്കൊപ്പം മിടുക്കരായി വളരുന്നുവെന്ന സന്തോഷവും. അവളെ യാത്രയാക്കിയ ആ രാത്രി ഉറങ്ങാൻ പറ്റാത്തവണ്ണം  ചില ചോദ്യങ്ങൾ എന്നെ അസ്വസ്ഥപ്പെടുത്തുവാൻ തുടങ്ങി.
സത്യത്തിൽ ആദ്യമായിട്ടാണോ ഇതുപോലൊരാളെ ഞാൻ കാണുന്നത്?  എത്ര തവണ പാലായിലെ വീട്ടിൽ  മമ്മിയുടെ മുറിയിലും  അടുക്കളപ്പുറത്തും ഇതുപോലുള്ള പരിഭവങ്ങൾ പറയുന്ന ശബ്ദങ്ങൾ കേട്ടിട്ടുണ്ട്? കുടിച്ചു ലക്ക് കെട്ടുവന്ന കെട്ട്യോൻ നാഭിക്ക് ചവിട്ടിയതിന്റെ പിറ്റേന്ന് വയറും താങ്ങി വീട്ടിൽ വന്ന ഒരു ചേച്ചിയുണ്ടായിരുന്നില്ലേ? അവരേം കൂട്ടി ആശുപത്രിയിൽ പോകാനിറങ്ങിയ മമ്മിയോട് ," എന്റെ ചേച്ചി, കുറച്ചു എലിവിഷമെങ്കിലും മേടിച്ചു അയാൾക്ക്‌ കഞ്ഞീൽ കലക്കി കൊടുക്കണം. ചത്ത് പോയാൽ എനിക്ക് അത്രേം സമാധാനം..."എന്നും പറഞ്ഞു അവർ സ്വന്തം മുടിയിൽപ്പിടിച്ചു വലിക്കുന്ന ഓർമ്മയുണ്ട്. വ്യാജമദ്യദുരന്തത്തിൽ കുറേപ്പേർ മരിച്ചതറിഞ്ഞു സ്വന്തം കെട്ട്യോനത് കുടിച്ചില്ലല്ലോ എന്ന് സങ്കടപ്പെട്ട വേറൊരു അമ്മച്ചി. അങ്ങനെ പതുക്കെ കരഞ്ഞും ഉറക്കെ പ്രാകിയും എത്രയോ സ്ത്രീകളാണ് പലപ്പോഴായി വീട്ടിലെത്തിയിരുന്നത്.

ഭാര്യയുടെ ധൈര്യക്കുറവോ അല്ലെങ്കിൽ അവനവന്റെ  ഭാഗ്യമോ കൊണ്ട് ജീവിക്കുന്ന എത്ര പേരെ കണ്ടിരിക്കുന്നു എന്ന ബോധ്യം നെഞ്ചിനുള്ളിൽ കിരുകിരുപ്പുണ്ടാക്കുന്ന ഒരു തണുപ്പാണ്. പക്ഷെ ഇത്തരം ദുരിതങ്ങളിൽ പോലും മുന്നോട്ടുപോകുവാനുള്ള ധൈര്യമുണ്ടാവും സ്ത്രീകൾക്ക്. കഷ്ടപ്പെടുത്തുന്ന ഒരുത്തനെ വേണ്ടെന്നു വയ്ക്കാൻ , ഇനി അതിന്  കഴിഞ്ഞില്ലെങ്കിൽ അയാളുടെ സാന്നിദ്ധ്യം പൂർണ്ണമായി അവഗണിക്കാൻ, ചിലപ്പോ അതിനെയൊരു ശീലമാക്കി ഭാരം കുറഞ്ഞൊരു മാറാപ്പായി മാറ്റുവാൻ സ്ത്രീകൾക്ക് ഒരു പ്രത്യേക കഴിവാണ്.

അത്രയ്ക്കൊന്നും സങ്കടപ്പെടുവാനുള്ളതല്ല ഈ ജീവിതമെന്നു സ്വയമങ്ങു  തീരുമാനിച്ച്‌ ഈ ചേച്ചിമാർ ഇന്ന് വേളാങ്കണ്ണിക്ക്‌ ടൂർ പോകുന്നതും ചിട്ടിപ്പണം കൊണ്ട് പുതിയ കമ്മല് മേടിക്കുന്നതും പെണ്മക്കളെ നേഴ്സിങ്ങിന് വിടുന്നതും ഓരോ കാഴ്ചകളാണ്. ചേട്ടന് സുഖമല്ലേ എന്ന ചോദ്യത്തിന് "ആ , ആർക്കറിയാ..."എന്ന് മുഖം കോട്ടി, തോർത്ത് കൊണ്ട് നെറ്റി തുടയ്ക്കാൻ അവരെക്കൊണ്ടേ കഴിയൂ. പിന്നെയും ഒരവധിക്കാലത്തു നാട്ടിൽ ചെല്ലുമ്പോൾ  തൊഴിലുറപ്പു പദ്ധതിക്കായി  രാവിലെ വീട്ടിൽ നിന്ന് ഇറങ്ങുന്ന ഈ ചേച്ചി തന്നെ കിടപ്പിലായ ഭർത്താവിന് കട്ടിലിനരികിൽ കഴിക്കാനുള്ളതൊക്കെ എടുത്തുവെച്ചിട്ടുണ്ടാവും. "കിടപ്പിലായോണ്ട് ഞാൻ പണി ചെയ്യണോന്നെ ഒള്ളൂ കൊച്ചെ , അങ്ങേരെക്കൊണ്ട് ഒരു ശല്ല്യോമില്ല" എന്നും പറഞ്ഞു കൂളായി ചിരിക്കാനും അവർക്കേ കഴിയൂ. അത്രയും അരക്ഷിതമായ ഭൂതകാലത്തിൽ നിന്നും ഇന്നിന്റെ പുഞ്ചിരിയിലേക്കു അവരെങ്ങനെയാവും നടന്നെത്തിയതെന്നു അത്ഭുതപ്പെടാനേ എന്നെപോലുള്ളവർക്കാവൂ.കാരണം അവർ  കൊണ്ട മഴയും മഞ്ഞും വെയിലുമൊക്കെ ഒരു ജനാലയ്ക്കിപ്പറം നിന്നേ ഞാൻ കണ്ടിട്ടുള്ളൂ, അത്രയ്ക്കുള്ള അനുഭവമൊക്കെയല്ലേ എന്നെപ്പോലുള്ള ഭീരുക്കൾക്കുള്ളൂ.

 ( ടെലിവിഷൻ അവതാരകയും എഴുത്തുകാരിയുമാണ്‌ ലേഖിക)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top