അവധി ആഘോഷിക്കാം മീൻപിടിപ്പാറയിൽ

മീൻപിടിപ്പാറ. photo credit: dtpc kollam
ജി രംഗനാഥൻ
Published on May 07, 2026, 01:02 PM | 1 min read
കൊട്ടാരക്കര : അവധിക്കാലം ചെലവഴിക്കാൻ കൊട്ടാരക്കരയിൽ മനോഹരമായ ഒരിടമുണ്ട് കൊല്ലം ജില്ലയിൽ– മീൻപിടിപ്പാറ. പാറക്കെട്ടുകൾ നിറഞ്ഞ അരുവിയിലൂടെ വരുന്ന വെള്ളം മനസ്സിനെ കുളിരണിയിക്കും. അരുവിക്ക് ചുറ്റം പച്ചപ്പിന്റെ മനോഹാരിത. കൊല്ലം – തിരുമംഗലം ദേശീയപാതക്കരികിൽ കൊട്ടാരക്കര കോളേജ് ജങ്ഷനിലാണ് മീൻപിടിപ്പാറ.
സംസ്ഥാന ടൂറിസം വകുപ്പിന്റെ കീഴിലുള്ള പാർക്കിൽ രാവിലെയും വൈകിട്ടുമെല്ലാം നിരവധി സഞ്ചാരികളാണ് എത്തുന്നത്. കുട്ടികൾക്ക് കളിക്കാനുള്ള പാർക്കും പൂന്തോട്ടവും ഇരിപ്പിടങ്ങളും അരക്കിലോമീറ്ററിലധികം നീളുന്ന മനോഹര നടപ്പാതയുമെല്ലാം സജ്ജമാണ്. മീൻപിടിപ്പാറയിലെ വെള്ളം ഒൗഷധഗുണങ്ങൾ ഉള്ളതാണെന്നും പറയുന്നു. സഞ്ചാരികൾക്ക് ലഘുഭക്ഷണശാലയും വൃത്തിയുള്ള ടോയ്‌ലറ്റ് സൗകര്യവുമുണ്ട്. വലിയ വാഹനങ്ങളിൽ വരുന്നവർ സമീപത്തുള്ള ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ വാഹനം പാർക്ക് ചെയ്യണം.
കൊട്ടാരക്കരയിലെ ടൂറിസം മേഖലയ്ക്ക് മീൻപിടിപ്പാറ വലിയ സാധ്യതകളാണ് നൽകുന്നത്. അഷ്ടമുടിക്കായൽ, മൺറോതുരുത്ത്, മുട്ടറ മരുതിമല, ജടായുപ്പാറ, തെന്മല, അച്ചൻകോവിൽ എന്നിവയുമായി മീൻപിടിപ്പാറയെ ബന്ധിപ്പിച്ച് ബയോ ഡൈവേഴ്സിറ്റി ടൂറിസം സർക്യൂട്ടും നിലവിലുണ്ട്.










0 comments