ഇനി എയർപോർട്ടിൽവച്ച് ബാഗ് കാണാതായാൽ പേടിക്കണ്ട; ലഗേജിന്റെ തത്സമയ ലൊക്കേഷൻ അറിയാൻ ഗൂഗിളിന്‍റെ പുതിയ ഫീച്ചര്‍

യാത്രക്കാർക്ക് ഏറെ ആശ്വാസം നൽകുന്ന പുതിയ ഫീച്ചറുമായി ഗൂഗിൾ രംഗത്തെത്തിയിരിക്കുകയാണ്. വിമാനത്താവളങ്ങളിൽ ലഗേജ് നഷ്ടപ്പെടുന്നതുമൂലമുള്ള സമ്മർദ്ദം കുറയ്ക്കാൻ, ബാഗുകളുടെ തത്സമയ ലൊക്കേഷൻ വിമാനക്കമ്പനികളുമായി നേരിട്ട് പങ്കുവെക്കാൻ കഴിയുന്ന 'ഫൈൻഡ് ഹബ്' അപ്‌ഡേറ്റാണ് ഗൂഗിൾ അവതരിപ്പിച്ചത്. ടർക്കിഷ് എയർലൈൻസ് ഉൾപ്പെടെ പത്തിലധികം പ്രമുഖ അന്താരാഷ്ട്ര വിമാനക്കമ്പനികൾ ഇതിനോടകം തന്നെ ഈ സേവനത്തിൽ ഗൂഗിളിന്റെ പങ്കാളികളായിക്കഴിഞ്ഞു.
എങ്ങനെയാണ് ഇത് ഉപയോഗിക്കുന്നത്?
ലഗേജിൽ ഫൈൻഡ് ഹബ് പിന്തുണയുള്ള ട്രാക്കറോ ആക്സസറിയോ ഘടിപ്പിച്ചിട്ടുണ്ടെങ്കിൽ ലഗേജ് ലഭിക്കാത്ത സാഹചര്യത്തിൽ യാത്രക്കാർക്ക് താഴെ പറയുന്ന കാര്യങ്ങൾ ചെയ്യാം:
ഫൈൻഡ് ഹബ് ആപ്പ് തുറന്ന ശേഷം കാണാതായ വസ്തു തിരഞ്ഞെടുക്കുക.
'Share Item Location' എന്നതിൽ ടാപ്പ് ചെയ്യുക
ബാഗിന്റെ തത്സമയ സ്ഥാനം കാണിക്കുന്ന ഒരു സുരക്ഷിത യുആർഎൽ (URL) ലഭിക്കും
വിമാനക്കമ്പനിയുടെ ആപ്പിലോ വെബ്സൈറ്റിലോ ഉള്ള ബാഗേജ് ക്ലെയിം ഫോമിൽ ഈ ലിങ്ക് പേസ്റ്റ് ചെയ്യുക.
ഇതുവഴി ജീവനക്കാർക്ക് ബാഗിന്റെ പുതുക്കിയ ലൊക്കേഷൻ വിവരങ്ങൾ കാണാനും അത് വേഗത്തിൽ കണ്ടെത്താനും സാധിക്കും.
സുരക്ഷയുടെ കാര്യത്തിലും വിട്ടുവീഴ്ചയില്ല
പൂർണ്ണമായും എൻക്രിപ്റ്റ് ചെയ്ത രീതിയിലാണ് വിവരങ്ങൾ കൈമാറുന്നത് എന്നതിനാൽ യാത്രക്കാരുടെ സ്വകാര്യത സുരക്ഷിതമായിരിക്കും. നിങ്ങൾ പങ്കുവെക്കുന്ന ലിങ്കുകൾക്ക് ഏഴ് ദിവസത്തെ കാലാവധി മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. കൂടാതെ, കാണാതായ ബാഗ് നിങ്ങളുടെ ഫോണിന് അടുത്തായി എത്തിയെന്ന് ആപ്പ് തിരിച്ചറിഞ്ഞാൽ ലൊക്കേഷൻ പങ്കിടുന്നത് തനിയെ ഓഫാകുകയും ചെയ്യും. ലൊക്കേഷൻ ഷെയറിംഗ് എപ്പോൾ വേണമെങ്കിലും യാത്രക്കാരന് അവസാനിപ്പിക്കാനും സാധിക്കും.
നിലവിൽ ഈ സൗകര്യം ലഭ്യമാകുന്ന എയർലൈനുകൾ ഇവയാണ്:
എയർ ഇന്ത്യ
ടർക്കിഷ് എയർലൈൻസ്
ലുഫ്താൻസ ഗ്രൂപ്പ് (ലുഫ്താൻസ, ഓസ്ട്രിയൻ എയർലൈൻസ്, ബ്രസൽസ് എയർലൈൻസ്, സ്വിസ്)
സൗദിയ
ചൈന എയർലൈൻസ്
എജെറ്റ് (AJet)
സ്കാൻഡിനേവിയൻ എയർലൈൻസ് (SAS)
ക്വാന്റാസ് (Qantas) ഉൾപ്പെടെയുള്ള കൂടുതൽ വിമാനക്കമ്പനികൾ ഉടൻ തന്നെ ഈ പട്ടികയിലേക്ക് ചേരുമെന്നാണ് റിപ്പോർട്ടുകൾ.










0 comments