മൂന്നാറിന്റെ മടിത്തട്ടിലെ അപൂർവ സൗന്ദര്യം; കൈകൊട്ടി വിളിക്കും കള്ളിമാലി വ്യൂ പോയിന്റ്

കള്ളിമാലി വ്യു പോയിൻ്റ്
ബേബിലാൽ
Published on May 07, 2026, 12:40 PM | 2 min read
രാജാക്കാട്: നീലജലാശയ മനോഹാരിതയും ഇളംകാറ്റിന്റെ അനുഭൂതിയും അനുഭവിക്കാനുള്ള കേന്ദ്രമായി കള്ളിമാലി വ്യൂ പോയിന്റ്. രാജാക്കാടിലാണ് കള്ളിമാലി വ്യൂ പോയിന്റ് എന്ന കാഴ്ചാവിസ്മയം. മലനിരകളുടെ നടുവിൽ ഒളിഞ്ഞും തെളിഞ്ഞും നിലകൊള്ളുന്ന പൊന്മുടി ജലാശയം എന്ന നീലക്കണ്ണാടിയുടെ സൗന്ദര്യമാണ് സഞ്ചാരികൾക്ക് നവ്യാനുഭൂതി സമ്മാനിക്കുന്നത്.
പച്ചപ്പാർന്ന ചെറുതുരുത്തുകളും ഇല്ലിമുളം കാടുകളും ജലാശയത്തിന്റെ ശാന്തതയുമെല്ലാം കൂടുതൽ ചേതോഹരം. സന്ധ്യാനേരത്ത് മലമുകളിലേക്ക് വീഴുന്ന സ്വർണനിറത്തിലുള്ള സൂര്യാസ്തമയവും ഇവിടെ എത്തുന്നവരെ വിസ്മയിപ്പിക്കും. പൊന്മുടി ടൂറിസത്തിന്റെ ബോട്ടിങ് അനുഭവവും ഈ പ്രദേശത്തിന്റെ ആകർഷണം വർധിപ്പിക്കുന്നു. ജലഹൃദയത്തിലൂടെ ഓളങ്ങളെ വകഞ്ഞുമാറ്റി മത്സ്യബന്ധനം നടത്തുന്ന ഗ്രാമീണരെ കാണാം.
കള്ളിമാലി വ്യു പോയിൻ്റ്
തെക്കിന്റെ കാശ്മീർ എന്നറിയപ്പെടുന്ന മൂന്നാറിന്റെ മടിത്തട്ടിലാണ് ഈ അപൂർവ സൗന്ദര്യമുള്ളത്. മൂന്നാറിൽ നിന്ന് ഏകദേശം 28 കിലോമീറ്റർ സഞ്ചരിച്ചാൽ കള്ളിമാലിയിലെ ഈ പ്രകൃതി ഭംഗി നേരിൽ കാണാം. രാജാക്കാട് ടൗണിൽനിന്ന് നാലര കിലോമീറ്റർ മാത്രം അകലെയാണെന്നതിനാൽ സഞ്ചാരികൾക്ക് വേഗം എത്താനാവും.
റോഡരികിൽ നിന്നുതന്നെ പൊന്മുടി അണക്കെട്ടിന്റെ ക്യാച്ച്മെന്റ് ഏരിയയുടെ അതിവിസ്തൃതമായ കാഴ്ച ലഭിക്കുമെന്നതാണ് കള്ളിമാലി വ്യൂ പോയിൻറിന്റെ വലിയ പ്രത്യേകത. സാഹസികത ഇഷ്ടപ്പെടുന്നവർക്ക് ശ്രദ്ധാപൂർവം താഴേക്ക് ഇറങ്ങി കൂടുതൽ അടുത്തുനിൽക്കാം. ട്രക്കിംഗ് പ്രിയർക്കും ഇതൊരു മികച്ച കേന്ദ്രമാണ്.
അമേരിക്കൻകുന്ന്
ഇവിടെനിന്ന് കാണുന്ന മറ്റൊരു പ്രത്യേക കാഴ്ചയാണ് ‘അമേരിക്കൻ കുന്ന്’. ജലാശയത്തിനിടയിൽ ദ്വീപിനെപ്പോലെ ഉയർന്ന് നിൽക്കുന്ന ഈ പ്രദേശം ഒരുകാലത്ത് കുരുമുളക് കൃഷിക്ക് പ്രശസ്തമായിരുന്നു. കുരുമുളകിന് ഉയർന്ന വില ലഭിച്ചിരുന്ന ഘട്ടത്തിലാണ് അമേരിക്കൻ കുന്ന് എന്ന പേര് ലഭിച്ചത്. സന്പന്നതയാണ് പ്രതീകം. ജലാശയത്തിലൂടെ വള്ളം തുഴഞ്ഞ് ഈ തുരുത്തിലെത്താൻ കഴിയുന്നത് സഞ്ചാരികൾക്ക് വേറിട്ട അനുഭവം നൽകുന്നു.
പൊന്മുടിയുടെ ഇളംകാറ്റും കോടമഞ്ഞും ചേർന്ന കാലാവസ്ഥയും കള്ളിമാലിയുടെ ആകർഷണത്തെ ഇരട്ടിയാക്കുന്നു. സമീപത്തുള്ള ശ്രീ നാരായണപുരം വെള്ളച്ചാട്ടം, നാടുകാണി വ്യു പോയിന്റ് എന്നിവ പ്രദേശത്തെ സമ്പൂർണ ടൂറിസം കേന്ദ്രമാക്കി മാറ്റുന്നു.
എന്നാൽ, വികസനം ആരംഭ ഘട്ടത്തിലായതിനാൽ സുരക്ഷാ സംവിധാനങ്ങൾ ഇനിയും പരിമിതം. കൈവരികളോ ടൂറിസം പൊലീസോ ഇല്ലാത്തതിനാൽ, സഞ്ചാരികൾ സ്വന്തം സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്. ഇടുക്കിയുടെ ടൂറിസം ഭൂപടത്തിൽ പുതിയ പ്രതീക്ഷയായി മാറിക്കൊണ്ടിരിക്കുകയാണ് കള്ളിമാലി വ്യൂ പോയിന്റ്. പൊതുവെ ജില്ലയുടെയും പ്രത്യേകിച്ച് രാജാക്കാടിന്റെയും മുഖച്ഛായ മാറ്റാൻ കഴിയുന്ന മനോഹര കേന്ദ്രമാണിത്.










0 comments