ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസുമായി സഞ്ചരിക്കാവുന്ന 21 വിദേശ രാജ്യങ്ങൾ

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: സ്വന്തമായി വാഹനമോടിച്ച് വിദേശരാജ്യങ്ങൾ തേടിപ്പോകാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ യാത്രികർക്കായി പുതിയ അവസരങ്ങൾ തുറക്കുന്നു. അന്താരാഷ്ട്ര ഡ്രൈവിംഗ് പെർമിറ്റ് (IDP) സ്വന്തമാക്കാതെ തന്നെ ചില നിർദിഷ്ട നിബന്ധനകൾ പാലിച്ചുകൊണ്ട് ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസോടുകൂടി വാഹനമോടിക്കാൻ അനുമതി നൽകുന്ന 21 രാജ്യങ്ങളാണുള്ളത്.
യാത്രയ്ക്കു മുൻപ് ഓരോ രാജ്യത്തിന്റെയും ഗതാഗത നിയമങ്ങളും ആവശ്യമായ രേഖകളും വ്യക്തമായി പരിശോധിക്കണമെന്ന് വിദഗ്ധർ നിർദേശിക്കുന്നു. പല രാജ്യങ്ങളിലും ലൈസൻസിന്റെ ലീഗലൈസ്ഡ് ട്രാൻസ്ലേഷൻ അല്ലെങ്കിൽ ഐ ഡി പി ആവശ്യമായി വരാം.
രാജ്യങ്ങളും പ്രധാന നിബന്ധനകളും;
ഓസ്‌ട്രേലിയയിൽ നോർതേൺ ടെറിറ്ററി, ന്യൂ സൗത്ത് വേൽസ്, വിക്ടോറിയ എന്നിവ ഒഴികെയുള്ള പ്രദേശങ്ങളിൽ കാലപരിധിയില്ലാതെ ഇന്ത്യൻ ലൈസൻസോടെ ഡ്രൈവ് ചെയ്യാം. ഭൂട്ടാനിൽ സ്വന്തം വാഹനത്തോടെ ഒരു വർഷം വരെ സഞ്ചരിക്കാം. ചെക്ക് പോസ്റ്റ് മാനേജ്‌മന്റ് സിസ്റ്റം രജിസ്ട്രേഷൻ നിർബന്ധമാണ്.
അപകടസാധ്യതയുള്ള മലനിര റോഡുകൾ ഉള്ളതിനാൽ ലോക്കൽ ഗൈഡോ ലൈസൻസുള്ള ഡ്രൈവറോ ഇല്ലാതെ വാഹനങ്ങൾ വാടകയ്‌ക്ക് എടുക്കാൻ അനുവദിക്കുന്നതല്ല. കാനഡയിൽ പ്രവിശ്യകൾ അനുസരിച്ച് നിയമങ്ങൾ മാറുന്നതാണ്. ഒന്റാരിയോയിൽ മൂന്ന് മാസം വരെ ലൈസൻസ് മാത്രം മതിയെങ്കിലും അതിനു മുകളിൽ ഐഡിപി ആവശ്യമാണ്.
ഫ്രാൻസും മൊണാക്കോയും, ഫിൻലാൻഡ് എന്നിവിടങ്ങളിൽ ലീഗലൈസ്ഡ് ട്രാൻസ്ലേഷൻ അല്ലെങ്കിൽ ഐഡിപി സഹിതം ആറുമാസം മുതൽ ഒരു വർഷം വരെ ഡ്രൈവ് ചെയ്യാൻ സാധിക്കും.
ജർമ്മനി: പ്രവേശിച്ചതിന് ശേഷം ആറുമാസം വരെ ഇന്ത്യൻ ലൈസൻസോടുകൂടി ഡ്രൈവ് ചെയ്യാം.
ഹോങ്കോങ്: 12 മാസം വരെ
ഇസ്‌ലാൻഡ്: ഒരു വർഷം വരെ
ഇറ്റലി: ലീഗലൈസ്ഡ് ട്രാൻസ്ലേഷൻ അല്ലെങ്കിൽ ഐഡിപി സഹിതം രണ്ട് വർഷം വരെ
മലേഷ്യ: ഇംഗ്ലീഷ് അല്ലെങ്കിൽ മലായ് വിവർത്തനത്തോടെ മൂന്ന് മാസം വരെ
നേപ്പാൾ: പെർമിറ്റ് നേടിയാൽ സ്വന്തം വാഹനത്തിൽ ഒരു മാസം വരെ സഞ്ചരിക്കാം
ന്യൂസിലാൻഡ്: 18 മാസം വരെ ഡ്രൈവ് ചെയ്യാമെങ്കിലും ലൈസൻസിന്റെ ലീഗലൈസ്ഡ് ട്രാൻസ്ലേഷൻ അല്ലെങ്കിൽ ഐഡിപി നിർബന്ധമാണ്.
നോർവെ: മൂന്ന് മാസം വരെ ഡ്രൈവ് ചെയ്യാവുന്നതാണ് ചില സാഹചര്യങ്ങളിൽ മാത്രം ഐഡിപി ആവശ്യമായേക്കും.
സൗദി അറേബ്യ: ഒരു വർഷം വരെ
സിംഗപ്പൂർ: ഐഡിപി ഉണ്ടെങ്കിൽ 12 മാസം വരെ ഡ്രൈവ് ചെയ്യാം.
സ്പെയിൻ: ആറുമാസം വരെ
സ്വീഡൻ: ഒരു വർഷം വരെ
സ്വിറ്റ്സർലൻഡ്: ഒരു വർഷം വരെ ഇന്ത്യൻ ലൈസൻസോടെ ഡ്രൈവ് ചെയ്യാം.
യുകെ: 12 മാസം വരെ ഡ്രൈവ് ചെയ്യാമെങ്കിലും ലൈസൻസിൽ അനുവദിച്ചിരിക്കുന്ന വാഹന വിഭാഗം മാത്രമേ ഓടിക്കാൻ കഴിയൂ.
അമേരിക്ക: ഒരു വർഷം വരെ ലൈസൻസിലുള്ള വാഹന വിഭാഗത്തിൽപ്പെട്ട കാറുകൾ വാടകയ്‌ക്ക് എടുത്ത് ഡ്രൈവ് ചെയ്യാം.
യുഎഇയിൽ ഇന്ത്യ ഉൾപ്പെടെ 50 രാജ്യങ്ങൾക്ക് സ്വന്തം ഡ്രൈവിംഗ് ലൈസൻസോടെ സഞ്ചരിക്കാൻ അനുമതി നൽകിയിട്ടുണ്ട്. ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസോടെ വാഹനമോടിക്കാൻ അനുമതി നൽകുന്ന രാജ്യങ്ങളിലേക്കുപോലും യാത്ര ചെയ്യുന്നവർക്ക് അന്താരാഷ്ട്ര ഡ്രൈവിംഗ് പെർമിറ്റ് കൈവശം വയ്ക്കുന്നത് കൂടുതൽ സുരക്ഷിതമാണ്.










0 comments