സ്ക്വിഡ് ഗെയിം 03; മരണക്കളി മൂന്നാമതും

squid game 3.png
avatar
ഷഹാമിൽ ചെറുകര

Published on Aug 16, 2025, 11:26 PM | 3 min read

നാഢ്യർക്ക്‌ വിനോദം പകരാൻ സ്വജീവിതം പന്തയംവച്ച്‌, കൂട്ടത്തിൽ ഓരോരുത്തർ കൊല്ലപ്പെട്ടുവീഴുമ്പോഴും അധികമായി തങ്ങൾക്ക്‌ വീതിച്ചെടുക്കാനാവുന്ന പണം കണക്കുകൂട്ടി മരണക്കളി തുടരുന്ന മത്സരാർഥികൾ. നെറ്റ്‌ഫ്ലിക്‌സിന്റെ ലോകപ്രശസ്‌തമായ ദക്ഷിണകൊറിയൻ സീരിസ് ‘സ്‌ക്വിഡ് ഗെയിം’ മൂന്നാം സീസൺ അവസാനിക്കുമ്പോഴും കഥാ പരിസരത്തിന്‌ മാറ്റങ്ങളൊന്നുമില്ല.
ആദ്യ രണ്ടുസീസണുകളെക്കാൾ വൈകാരിക രംഗങ്ങൾ നിറഞ്ഞതാണ്‌ മൂന്നാം സീസൺ. എല്ലാതരം ആസ്വാദകർക്കും ഇതിഷ്‌ടമായിക്കൊള്ളണമെന്നില്ല. ആദ്യ സീസണിൽ മത്സരത്തിൽ വിജയിച്ച സിയോങ് ജി-ഹുൻ (പ്ലെയർ 456) തന്നെയാണ്‌ മൂന്നാം സീസണിലെയും കേന്ദ്രകഥാപാത്രം. ‘മനുഷ്യത്വത്തിന്റെ അംശമില്ലാത്ത ഈ മരണക്കളി അവസാനിപ്പിക്കണം’ എന്ന്‌ തീരുമാനിച്ചുറപ്പിച്ചാണ്‌ പ്ലെയർ 456 വീണ്ടും ഗെയിമിനെത്തുന്നത്‌. രണ്ടാം സീസണിൽ മത്സരാർഥിയായി കടന്നുകൂടി, പകുതിയിൽ സംഘാടകർക്കെതിരെ വലിയൊരു കലാപശ്രമവും ഇയാളുടെ നേതൃത്വത്തിൽ നടന്നു. ഈ കലാപശ്രമം പരാജയപ്പെടുന്നിടത്താണ്‌ രണ്ടാം സീസൺ അവസാനിക്കുന്നത്‌.
മത്സരത്തിൽ പരാജയപ്പെടുന്നവർ എലിമിനേറ്റ്‌ ചെയ്യപ്പെടുമെന്നാണ്‌ നിയമം. എലിമിനേഷൻ എന്നാൽ അജ്ഞാതദ്വീപിൽനിന്ന്‌ പുറത്താവുക എന്നതല്ല, കളിക്കളത്തിൽ വെടിയേറ്റ്‌ കൊല്ലപ്പെടുകയാണ്‌. സംഘാടകർ കൊല്ലുന്നത്രയും തന്നെ മത്സരത്തിന്റെ ഭാഗമായും അല്ലാതെയും മത്സരാർഥികളും തങ്ങളുടെ സഹകളിക്കാരെ കൊന്നുതീർക്കുന്നുണ്ട്‌. ആദ്യ രണ്ടു സീസണുകളും കണ്ടുതീർത്തവർക്ക്‌ ഇത്തരം ക്രൂരതയും മനുഷ്യത്വമില്ലായ്‌മയും നിറഞ്ഞ രംഗങ്ങളൊന്നും ഞെട്ടലുണ്ടാക്കണമെന്നില്ല. അവസാന മത്സരത്തിന്റെ ഫലം ഏറിയപങ്ക്‌ ആസ്വാദകർക്കും രസിച്ചില്ലെന്നാണ്‌ പ്രതികരണങ്ങൾ. ശുഭാന്ത്യമല്ല കരുതിവച്ചിരിക്കുന്നതെന്ന്‌ സ്രഷ്‌ടാവായ ഹ്വാങ് ഡോങ് -ഹ്യുക്ക് ആദ്യമെ മുന്നറിയിപ്പ്‌ നൽകിയതല്ലായിരുന്നോ എന്നാണ്‌ ഇക്കൂട്ടരോട്‌ മറുവിഭാഗം ആസ്വാദകർ ചോദിക്കുന്നത്‌.


കുത്തിനിറച്ചോ വൈകാരികത ?


ഒളിച്ചുകളിയിൽ ചുവപ്പുകുപ്പായക്കാർക്ക് ജീവനോടെ കളത്തിന് പുറത്തിറങ്ങണമെങ്കിൽ നീലക്കുപ്പായക്കാരെ ആരെയെങ്കിലും കണ്ടെത്തി കൊല്ലണം. ചുവപ്പുകുപ്പായക്കാർക്കാകട്ടെ കൊലക്കത്തിയിൽപ്പെടാതെ ഒളിച്ച്‌ പുറത്തിറങ്ങാനുള്ള വാതിൽ കാണണം. നീലക്കുപ്പായക്കാരെ പിടികൂടി കുത്തിക്കൊല്ലുന്ന ചുവപ്പുകുപ്പായക്കാരിലൂടെയാണ് മൂന്നാം സീസൺ ആരംഭിക്കുന്നത്. ഇടുങ്ങിയ പാലത്തിലൂടെ വള്ളിച്ചാട്ടം ഓർമിപ്പിക്കുന്ന കളിയാണ്‌ അടുത്തത്‌. കറങ്ങുന്ന ഇരുമ്പുകയർ, അതിൽ കാൽതട്ടാതെ പാലം മുറിച്ചുകടക്കണം. വീണുപോയാൽ പാലത്തിന്‌ താഴെവീണ്‌ തലയടിച്ചു മരിക്കും. സമയത്തിനുള്ളിൽ അപ്പുറത്ത്‌ എത്തിയില്ലെങ്കിൽ വെടിയേറ്റ് കൊല്ലപ്പെടും. ആദ്യമെത്തിയയാളാകട്ടെ പിന്നാലെയെത്തുന്നവരെ താഴ്‌ചയിലേക്ക്‌ തള്ളിയിടുന്നു. അവസാന ഗെയിം മൂന്ന്‌ റൗണ്ടായിട്ടാണ്‌. ഓരോന്നിലും നിശ്ചിത എണ്ണം ആളുകളെ കൊല്ലണം, എങ്കിൽ മാത്രം അടുത്ത ഘട്ടത്തിലേക്ക്‌ ‘യോഗ്യത’.
ഇങ്ങനെ ആളെക്കൊന്നും കൊല്ലിച്ചുമുള്ള മത്സരങ്ങൾ. മത്സരത്തിനിടെ കുഞ്ഞിനെ പ്രസവിക്കുന്ന ജൂൺഹി (പ്ലെയർ 222), ഗർഭിണിയായ ജൂൺഹിയെ മകന്റെ കൊലക്കത്തിയിൽനിന്ന്‌ രക്ഷിക്കാൻ മകനെ പിറകിൽനിന്ന്‌ കുത്തേണ്ടിവന്ന വയോധിക (പ്ലെയർ 149) എന്നിവരുടെ ആത്മാഹൂതികളാകാം ആരാധകരെ തളർത്തിയിട്ടുണ്ടാവുക. ഇവരിരുവർക്കും മാനസികമായും ശാരീരികമായും പിന്തുണയും സംരക്ഷണവും നൽകിയ ബുദ്ധിശാലിയായ ട്രാൻസ് വുമൺ ചോ ഹൈൻജുവിന്റെ (പ്ലെയർ 120) മരണവും ആരുടെയും ഉള്ളുലയ്‌ക്കും. മത്സരാന്ത്യം ജൂൺഹിയുടെ കൈക്കുഞ്ഞുമായി സിയോങ് ജി-ഹുൻ (പ്ലെയർ 456) വിജയിയായി പുറത്തുവരുമെന്നു കണക്കുകൂട്ടി ശുഭപര്യവസാനമെന്ന സ്വപ്നത്തിനു മേൽ കരിനിഴൽ വീണതാണ് ഏറിയ പങ്ക്‌ ആരാധകർക്കും ഉൾകൊള്ളാൻ ആകാതിരുന്നതും.


വൈകാരികതയ്‌ക്കപ്പുറം യാഥാർഥ്യം


സൂപ്പർ ഹീറോ സിനിമകളിൽ മാത്രം കണ്ടുവരുന്ന ശുഭപര്യവസാനം ജീവിതവുമായി അത്രമേൽ ഇഴചേർന്നുകിടക്കുന്ന സിനിമകളിലും വേണമെന്ന് വാശി പിടിക്കാമോ. അത് സാധ്യമാണോ.
ജീവിതമെന്ന മത്സരയോട്ടത്തിൽ വേഗത കുറഞ്ഞും തളർന്നും ഒരുപാട് പിന്നോട്ട് പോയവർ, കടം കയറി മുടിഞ്ഞവർ, ഉറ്റവരുടെ മാറാരോഗങ്ങൾക്ക് ചികിത്സയ്ക്കുള്ള പണം കൈയിലെടുക്കാനില്ലാത്തവർ, അരപ്പട്ടിണിയിലും മുഴുപ്പട്ടിണിയിലും അവഹേളനവും പരിഹാസവും മാത്രം കേട്ട് ജീവിതം തള്ളിനീക്കുന്ന ഹതഭാഗ്യർ.... മരണക്കളിയുടെ ഭാഗമാകാൻ വിഐപികളുടെ ശിങ്കിടികൾ കണ്ടെത്തിയവരുടെയെല്ലാം ജീവിത കഥ ഇതിലേതെങ്കിലും ഒന്നുതന്നെ. നിസ്സഹായാവസ്ഥയുടെ നടുവിൽ നിൽക്കുന്നവരെ കൈയിൽവരാൻ പോകുന്ന പണക്കൂമ്പാരം കാണിച്ചു മാടിവിളിക്കാൻ ഗെയിം ഏജന്റുമാർക്ക് വലിയ പ്രയാസമുണ്ടാകുന്നില്ല.


മനുഷ്യന്റെ ജീവിതസാഹചര്യങ്ങളെ മുതലെടുത്ത് അവന് ആശയും വാശിയും നൽകി അൽപ്പായുസ്സാക്കുന്ന, തങ്ങൾ വരച്ച വട്ടത്തിൽ കിടന്നവർ ശ്വാസം മുട്ടുന്നത് കണ്ട് രസിക്കുന്ന, ചാവുന്നവരുടെയും കൊല്ലുന്നവരുടെയും മേൽ പന്തയംവച്ച് ചൂതാടുന്ന, വളഞ്ഞ നട്ടെല്ലുകൾക്കുമേൽ ഞെളിഞ്ഞിരിക്കുന്ന സംഘടിതമായ ഒരു ചെറുവർഗം. നമ്മളിൽ ഒരുവനല്ലെന്ന് ബോധ്യമുള്ള ഒരു കൂട്ടം പരസ്‌പരം പോരാടിക്കുന്നതിലും പിടഞ്ഞു വീഴുന്നതിലും വിനോദം കണ്ടെത്തുന്നവർ, ഈ ചെറുസംഘത്തിന് വേണ്ടി മനം മരവിപ്പിച്ച് പണിയെടുക്കേണ്ടി വരുന്നവർ, കൂടെയുള്ളവരെ കൊന്നു തീർത്തിട്ടാണെങ്കിലും തനിക്ക് വന്നുചേരുന്ന ഭാഗ്യത്തെ കൈപ്പിടിയിലാക്കണം എന്ന് ഗൂഢപദ്ധതിയിടുന്നവർ ഇവരെല്ലാം സ്‌ക്വിഡ് ഗെയിമിലെ കേവലം കഥാപാത്രങ്ങൾ മാത്രമെന്ന്‌ പറയാനാകുമോ. ഇവരിലാരാണ് അപരിചിതർ.


സീരീസ് കൊണ്ട് പറയാനുള്ളതത്രയും പ്ലയർ 456 സീസണിന്റെ അവസാനമായി ഇങ്ങനെ പറഞ്ഞുവയ്‌ക്കുന്നുണ്ട്.. ‘ഞങ്ങൾ കുതിരകളല്ല, ഞങ്ങൾ മനുഷ്യരാണ്. മനുഷ്യർ....’ മനുഷ്യർ ആരാണെന്നും മനുഷ്യന് എങ്ങനെയൊക്കെ ആകാമെന്നും പറഞ്ഞുവച്ചാണ് മൂന്നാം സീസണും അവസാനിക്കുന്നത്.


സ്‌ക്വിഡ് ഗെയിമിന് ഇനിയൊരു സീസൺ ഉണ്ടാകില്ലെന്നും, അല്ല അടുത്ത സീസൺ അമേരിക്കയിലാണെന്നും അവസാന സീസണിനുശേഷം നിഗമനം നടത്തുന്നവരുണ്ട്‌. കഥാപരിസരം വ്യത്യസ്‌തമാകുന്നില്ലെന്നും, ഇനിയൊരു സീസൺ ആവശ്യമില്ലെന്നും വാദിക്കുന്നവരും ധാരാളം. ചൂഷിതനുമേൽ വിനോദം കണ്ടെത്തുന്ന ചൂഷകരുടെ കാലമുള്ളിടത്തോളം കാലം സീരീസിലെ കഥാപരിസരവും കഥാപാത്രങ്ങളും നിലനിൽക്കും. ആത്മാഭിമാനമോ അല്ലെങ്കിൽ ആത്മാഹൂതിയോ രണ്ടിലൊന്നിനെ തൊടാൻ അവരിനിയും ദ്വീപിലെത്തും. ആശ വറ്റി തോറ്റവരും ആർത്തി മൂത്ത് തോറ്റവരുമെല്ലാം ഇരകൾ തന്നെ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home