ബാലരാമപുരം ഗവ.എച്ച്‌എസ്‌എസ് അന്താരാഷ്ട്ര നിലവാരത്തിലേക്ക്

ബാലരാമപുരം
ബാലരാമപുരം സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്കുയരുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പത്തു കോടി രൂപ വിനിയോഗിച്ചാണ് വിദ്യാലയത്തെ അന്താരാഷ്ട്ര അക്കാദമിക് നിലവാരത്തിലേക്കുയർത്തുന്നത്. ഇതിന്റെ ഭാഗമായുള്ള നിർമാണപ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്.
ആദ്യകാലത്ത് എലിമെന്ററി സ്കൂളായി പ്രവർത്തനമാരംഭിച്ച് പിന്നീട് ഹൈസ്കൂളായി ഉയർത്തി. കമ്യൂണിസ്റ്റ് നേതാവായിരുന്ന പി ഫക്കീർഖാന് കുടുംബ വിഹിതമായി ലഭിച്ച 36 സെന്റ് ഭൂമിയും സ്കൂളിന് വിട്ടുനൽകിയിരുന്നു. തമിഴ്, ഇംഗ്ലീഷ്, മലയാളം മാധ്യമങ്ങളിലും ഹയർ സെക്കൻഡറി വിഭാഗത്തിലുമായി 1500 ലേറെ കുട്ടികളാണ് അധ്യയനത്തിനെത്തുന്നത്.
അന്താരാഷ്ട്ര നിലവാരത്തിലേക്കുയരുന്നതിന്റെ ഭാഗമായി 18 ക്ലാസ് മുറികളുള്ള മൂന്നു നില മന്ദിരം, 12 ക്ലാസ് മുറികളുള്ള ബഹുനില മന്ദിരം, പാചകപ്പുര, ഒരേ സമയം മുന്നൂറിലേറെ പേർക്ക് ഭക്ഷണം കഴിക്കാവുന്ന ഭക്ഷണശാല, കക്കൂസ് ബ്ലോക്കുകൾ, എഴുനൂറിലേറെപ്പേർക്കിരിക്കാവുന്ന ഓഡിറ്റോറിയം, ഓരോ നിലയിലും പ്രത്യേകം കക്കൂസ് സംവിധാനം എന്നിവയുടെ നിർമാണം പൂർത്തിയായിട്ടുണ്ട്.
ജില്ലാ പഞ്ചായത്തംഗം എസ് കെ പ്രീജയുടെ വികസന ഫണ്ടിൽനിന്നുള്ള പ്രവേശന കവാടം, സുരക്ഷാ മുറി, ശിശു സൗഹൃദ കക്കൂസ് നിർമാണം എന്നിവയും അവസാന ഘട്ടത്തിലാണ്. പ്രധാന കെട്ടിടത്തിന് മുകളിൽ രണ്ട് സെമിനാർ ഹാളുകളും നിർമിച്ചു.
നിലവിലെ എല്ലാ ക്ലാസ് മുറികളും ടൈൽ പാകൽ, ക്ലാസുമുറികളിൽ പ്രൊജക്ടറുകൾ സ്ഥാപിക്കൽ എന്നിവയാണ് ശേഷിക്കുന്ന പ്രവർത്തനങ്ങൾ. സ്കൂൾ ക്യാമ്പസ് പൂർണമായും വൈഫൈ സംവിധാനം നിലവിൽ വരുന്നതോടെ മികച്ച പൊതുവിദ്യാലയമായി ബാലരാമപുരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ മാറും. പൊലീസ് ഔട്ട് പോസ്റ്റിന് സമീപം ഓപ്പൺ സ്റ്റേജ് നിർമിക്കണമെന്നും സ്കൂളിന് സ്വാതന്ത്ര്യസമര സേനാനി പി ഫക്കീർ ഖാൻ സ്മാരക ഹയർ സെക്കൻഡറി സ്കൂൾ എന്നു നാമകരണം ചെയ്യണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.










0 comments