27 July Saturday

"ആർഎസ്‌എസ്‌ നേതാക്കൾ നമ്മളുമായി ബന്ധപ്പെട്ട്‌ വോട്ട്‌ ചെയ്യിക്കാറുണ്ട് '' ; പഴയ അഭിമുഖം സുധാകരന്‌ തിരിച്ചടിയാകുന്നു

കെ ടി ശശിUpdated: Thursday Jun 10, 2021

ആർഎസ്‌എസ്‌ നേതാവ്‌ വത്സൻ തില്ലങ്കേരി കണ്ണൂരിൽ കെ സുധാകരന്റെ നിരാഹാരപ്പന്തൽ 
സന്ദർശിച്ചപ്പോൾ (ഫയൽ ചിത്രം)


കണ്ണൂർ
‘ബിജെപി–- ആർഎസ്‌എസ്‌ വോട്ട്‌ എനിക്ക്‌ സ്ഥിരമായി ലഭിക്കാറുള്ളതാണ്‌. 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ലഭിച്ചിരുന്നു. എന്നാൽ കഴിഞ്ഞ(2014) തെരഞ്ഞെടുപ്പിൽ അതുണ്ടായില്ല. മോഡി അധികാരത്തിൽ വരുന്ന തെരഞ്ഞെടുപ്പായതിനാൽ നേതൃത്വം തികഞ്ഞ ജാഗ്രതയിലായിരുന്നു. കോൺഗ്രസ്‌ സ്ഥാനാർഥികൾ ഒരുതരത്തിലും ജയിക്കരുതെന്ന്‌ അവർ ഉറപ്പിച്ചു’–- 2016 നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ്‌ സൗത്ത്‌ലൈവ്‌ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ കെ സുധാകരൻ
തുറന്നു പറഞ്ഞതാണിത്‌.

കണ്ണൂർ നിയമസഭാ മണ്ഡലത്തിൽനിന്ന്‌ 1996 മുതൽ തുടർച്ചയായി മൂന്നു തവണ മത്സരിച്ചപ്പോഴും തുടർന്ന്‌ 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും തനിക്ക്‌ ബിജെപി–- ആർഎസ്‌എസ്‌ വോട്ട്‌ ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം‌ പരസ്യമായി സമ്മതിച്ചു. 2014ലെ തെരഞ്ഞെടുപ്പിൽ സിപിഐ എം നേതാവ്‌ പി കെ ശ്രീമതിയോടു പരാജയപ്പെടാനുള്ള കാരണത്തിലൊന്ന്‌ ബിജെപി–- ആർഎസ്‌എസ്‌ വോട്ട്‌ ലഭിക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

‘പ്രാദേശികമായി പല ആർഎസ്‌എസ്‌ നേതാക്കളും നമ്മളുമായി ബന്ധപ്പെട്ട്‌ വോട്ട്‌ ചെയ്യിക്കാറുണ്ട്‌. എന്നാൽ കഴിഞ്ഞ(2014) തെരഞ്ഞെടുപ്പിൽ കണ്ണൂരിലെ പ്രാദേശിക നേതാക്കളെയെല്ലാം കാസർകോട്ടേക്കയച്ചു. തൃശൂരിൽനിന്നുവന്ന ആർഎസ്‌എസ്‌ നേതാക്കളാണ്‌ കണ്ണൂരിൽ പ്രവർത്തിച്ചത്‌‌. അതിനാൽ ആർക്കും ആരെയും ബന്ധപ്പെടാനോ സംസാരിക്കാനോ കഴിഞ്ഞില്ല. അങ്ങനെ ആർഎസ്‌എസ്‌ വോട്ടുപോയി’–- സുധാകരൻ പറയുന്നു. സ്ഥിരമായി കിട്ടിയിരുന്ന എൻഡിഎഫ്‌ വോട്ട്‌ പോയതെങ്ങനെയെന്നും അഭിമുഖത്തിൽ വിശദീകരിക്കുന്നുണ്ട്‌. താൻ മതേതരവാദിയാണെന്നും ആർഎസ്‌എസുമായി ഒരു ബന്ധവുമില്ലെന്നും ഇപ്പോൾ ആണയിടുന്ന കെ സുധാകരൻ  ഈ അഭിമുഖത്തിലെ പരാമർശം ഇതുവരെ നിഷേധിച്ചിട്ടില്ല.

കോൺഗ്രസ്‌ പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്‌ രണ്ടു വർഷം മുമ്പ്‌ സുധാകരൻ കണ്ണൂർ കലക്ടറേറ്റിനു മുന്നിൽ നിരാഹാരസത്യഗ്രഹം നടത്തിയപ്പോൾ സമരപ്പന്തൽ സന്ദർശിച്ച പ്രധാനികളിലൊരാൾ ആർഎസ്‌എസ്‌ നേതാവ്‌ വത്സൻ തില്ലങ്കേരിയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top