ബജറ്റ് കുറയുമ്പോൾ സ്വാതന്ത്ര്യം കൂടു- ബാഹുൽ രമേശ് സംസാരിക്കുന്നു


കെ എ നിധിൻ നാഥ്
Published on Jul 06, 2025, 01:00 AM | 3 min read
മലയാള സിനിമയിൽ ബെഞ്ച് മാർക്ക് സൃഷ്ടിച്ച ചിത്രമായിരുന്നു കിഷ്കിന്ധ കാണ്ഡം. ബാഹുൽ രമേശ് എഴുതിയ തിരക്കഥ അത്രമേൽ ശ്രദ്ധിക്കപ്പെട്ടു. അതിനുശേഷം ബാഹുൽ കേരള ക്രൈം ഫയൽസിന്റെ രണ്ടാം സീസണിനായി തിരക്കഥയൊരുക്കി. ആദ്യ ചിത്രംപോലെതന്നെ എഴുത്തിലെ നടപ്പ് രീതിയോട് അകലം പാലിച്ചുള്ള തിരക്കഥ. പയ്യന്നൂർ സ്വദേശിയായ ബാഹുൽ ഛായാഗ്രാഹകനായാണ് സിനിമയിൽ എത്തിയത്. പിന്നീട് തിരക്കഥാ രംഗത്തേക്ക് കടന്നു. തന്റെ സിനിമാ രീതികളെക്കുറിച്ച് ബാഹുൽ രമേശ് സംസാരിക്കുന്നു
ടെംപ്ലേറ്റുകൾ മാറണം
സ്ഥിരം ചെയ്യുന്ന ടെംപ്ലേറ്റിൽനിന്നും പൊതുവായ ഫോർമുലകളിൽനിന്നും മാറി നടത്തം ആഗ്രഹിച്ചിരുന്നു. കേരള ക്രൈം ഫയൽസ്–-2 എഴുതുമ്പോൾ അത് മനസ്സിലുണ്ടായിരുന്നു. നമ്മുടെ പരിമിതിയിൽനിന്ന് പറ്റാവുന്ന മാറി നടത്തത്തിനാണ് ശ്രമിച്ചത്. ഇങ്ങനെ ചെയ്‌താൽ സുരക്ഷിതമാണ്. സമീപകാലത്ത് വിജയിച്ച സിനിമയിൽ ഇങ്ങനെ ഉണ്ടായിരുന്നു, അങ്ങനെ വന്നാൽ നന്നാകുമെന്ന് കരുതി മാറ്റം വരുത്തുന്ന രീതി എഴുത്തിൽ ഉപയോഗിച്ചിട്ടില്ല. പൊതുവിലുള്ള ടെംപ്ലേറ്റിൽ മാറ്റം വരുത്താനാണ് ശ്രമിച്ചത്. അതിന് കഴിഞ്ഞെന്നാണ് കരുതുന്നത്. എഴുതിയപ്പോൾ ഏതുതരം രീതിയിൽ വരണമെന്നാണ് ആഗ്രഹിച്ചത്, അതുപോലെതന്നെ വന്നു.
പ്രേക്ഷകനുവേണ്ടി
ടെംപ്ലേറ്റിൽനിന്ന് മാറണമെന്ന് ആഗ്രഹിക്കുമ്പോഴും അതിനായി ബോധപൂർവം ശ്രമങ്ങളും പരിശ്രമവും നടത്താറില്ല. സ്ഥിരം ഫോർമുലകൾ ചേർക്കണമെന്ന് ചെക്ക് ലിസ്റ്റ് സൂക്ഷിക്കാറില്ല. അതേസമയം ഓർഗാനിക്കായി വരണമെന്നാണ് കരുതുന്നത്. ആ രീതിയാണ് എഴുത്തിൽ പിന്തുടരുന്നത്. എഴുതുമ്പോൾ മുഴുനീള കഥ, സംഭവങ്ങൾ അങ്ങനെ മുൻകൂട്ടി ധാരണയുണ്ടാകാറില്ല. ഒരു സീനിനുശേഷം തോന്നുന്നത് അടുത്ത സീനായി എഴുതും. പ്രേക്ഷകന്റെ കാഴ്‌ചപ്പാടിൽ നിന്നാണ് എഴുതാറുള്ളത്. അവർക്ക് കാണുമ്പോൾ എങ്ങനെ തോന്നും എന്നുകൂടി ആലോചിക്കാറുണ്ട്. പ്രേക്ഷകരെ മുൻവിധിയോടെ കാണരുത്. അവർക്ക് ഇങ്ങനെയാണ് വേണ്ടതെന്ന് നമ്മൾ ചിന്തിക്കുന്നത് തെറ്റാണ്. നമുക്ക് തോന്നുന്നത് നമ്മൾ ചെയ്യണം. അതിന്റെ വരുംവരായ്‌ക ആലോചിക്കരുത്.
ഫാക്ട് ചെക്ക്
തോന്നലുകളിൽനിന്നാണ് എഴുതുന്നത്. അതിന്റെ ശരി തെറ്റുകൾ അലട്ടാറില്ല. കേരള ക്രൈം ഫയൽസ്–-2 എഴുതുന്നതിനു മുമ്പ് ഗവേഷണമൊന്നും നടത്തിയിട്ടല്ല. മനസ്സിൽ തോന്നുന്നത് എഴുതി. പത്രത്തിൽ വായിച്ചതും കണ്ടത്തും കേട്ടതുമെല്ലാം എന്റെ അറിവിൽ എഴുതുകയായിരുന്നു. എന്നാൽ, എഴുത്ത് പൂർത്തിയായശേഷം ഫാക്ട് ചെക്ക് നടത്തി. ഫോറൻസിക്, ഡോഗ് സ്‌ക്വാഡ്, പൊലീസ് എന്നിവരുമായി സംസാരിച്ചു.
എഴുത്ത് രീതി
ഇന്ദ്രൻസ് അവതരിപ്പിച്ച സിപിഒ (സിവിൽ പൊലീസ് ഓഫീസർ) അമ്പിളി രാജു പ്രതിയുമായി കോടതിയിലേക്ക് പോകുന്നു. കാഴ്‌ചയിൽ അവശനായ എന്നാൽ കാര്യപ്രാപ്‌തിയുള്ള ഒരാൾ. ഇവർ തമ്മിലുള്ള ഇടപെടൽ എങ്ങനെയായിരിക്കും എന്ന ആലോചനയിൽ കൗതുകം തോന്നി. ഇതിൽനിന്നാണ് കേരള ക്രൈം ഫയൽസ്–-2 എഴുതുന്നത്. അങ്ങനെ അമ്പിളി രാജുവിന്റെ കഥ ആലോചിച്ചു. പിന്നീട് കാന്റീൻ രംഗവും 2–-3 രംഗങ്ങളും എഴുതി. കഥാപാത്രങ്ങൾക്ക് കൃത്യമായ രൂപമാണ് ആദ്യം നൽകിയത്. പിന്നീട് സംഭവങ്ങൾക്ക് വ്യക്തിത്വം നൽകും. സംഭവങ്ങൾ എഴുതിയതിനുശേഷമാണ് കഥ എഴുതുന്നത്. രണ്ട് കഥാപാത്രങ്ങൾ തമ്മിലുള്ള സംഭാഷണം, ഒരാൾ പറയുന്നതിന് മറ്റൊരാൾ പറയുന്ന തർക്കുത്തരം, അതിനുള്ള മറുപടി എന്ന രീതിയിലാണ് സംഭാഷണം എഴുതിയത്. ഇതിന്റെ ഉപഉൽപ്പനമായി കഥാപാത്രം ഉണ്ടാകും. സംഭാഷണങ്ങളിൽനിന്ന് കഥ ഉണ്ടാക്കുകയാണ്. അതല്ലാതെ മുൻകൂട്ടി കഥാപാത്രങ്ങളെ പ്ലാൻ ചെയ്യാറില്ല.
ഛായാഗ്രാഹകൻ
ഛായാഗ്രാഹകനാണ് എന്നത് എഴുത്തിൽ അറിയാതെ ഗുണം ചെയ്‌തിട്ടുണ്ട്. പിന്നണിയിൽ പ്രവർത്തിച്ച അനുഭവം ഓരോ സീൻ എടുക്കുമ്പോഴും ഉണ്ടാകുന്ന പരിശ്രമം അറിയാം. എഴുതിയതുപോലെ ചിത്രീകരിക്കുമ്പോൾ വന്നിട്ടുണ്ടോ, അങ്ങനെ വരാൻ വേണ്ടി എന്ത് ചെയ്യാം എന്നൊക്കെ മനസ്സിലാക്കാൻ പറ്റും. ഛായാഗ്രഹണത്തോടും എഴുത്തിനോടും താൽപ്പര്യമുണ്ട്. വീട്ടിലിരിക്കുന്നപോലെയാണ് തിരക്കഥ എഴുത്ത്. എന്നാൽ, ഛായാഗ്രാഹകനാകുമ്പോൾ കോളേജിലോ നാട്ടിലെ ക്ലബ്ബിലോ ഓണാഘോഷം നടത്തുന്നതുപോലെ ഒരു ഓളമാണ്. എപ്പോഴും എഴുതാൻ പറ്റില്ല. കഥ കിട്ടില്ല. എല്ലാ കഥയും സിനിമയാകണമെന്നുമില്ല. ഛായാഗ്രാഹകനായി സജീവമായി തുടരണം. എഴുത്ത് ബോണസാണ്.
സ്വാതന്ത്ര്യം
സിനിമ എഴുതുമ്പോൾ നമുക്ക് സ്വാതന്ത്ര്യബോധം വേണം. എഴുത്തിൽ മറ്റ് ഇടപെടലുകൾ പാടില്ല. ഇത്തരം ചേരുവകൾ വേണം. മസാല ചേർക്കണം. ഹിറ്റ് അടിച്ച പടത്തിലെ ഇത്തരം സംഭവങ്ങൾ ചേർത്താൽ പടം സേഫ് ആകും തുടങ്ങിയ രീതികൾ പാടില്ല. പടത്തിന്റെ ബജറ്റിന് എഴുത്തിലെ സ്വാതന്ത്ര്യവുമായി നല്ല ബന്ധമുണ്ട്. ഇൻവെസ്റ്റ്‌മെന്റിന്റെ വലുപ്പം കുറയുമ്പോൾ സ്വാതന്ത്ര്യം കൂടും. "കിഷ്കിന്ധ കാണ്ഡം' മലയാളത്തിന്റെ സുരക്ഷിത ബജറ്റിലുള്ള പടമായിരുന്നു. 40 ദിവസം ചിത്രീകരണം. 3–-4 പ്രധാന കഥാപാത്രങ്ങളാണ് ഉണ്ടായിരുന്നത്. അതിനാൽ സുരക്ഷിതമാണെന്ന തോന്നൽ ഉണ്ടായിരുന്നു. നിർമാതാവ് ജോബി ജോർജ് ഒരുതരത്തിലും ഇടപെടൽ നടത്തിയില്ല. ബജറ്റ് കൂടിയാൽ നിർമാതാവ് ഇടപെടും. നിർമാതാവിന് റിസ്‌കില്ലാതെ പോകണമെന്ന് മാത്രമേ ആലോചിക്കേണ്ടതുള്ളൂ.
പുതിയ സിനിമ
കിഷ്കിന്ധ കാണ്ഡം ടീം വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ട് കഴിഞ്ഞു. ചിത്രത്തിന്റെ സാങ്കേതിക പ്രവർത്തകരെല്ലാം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ്. സന്ദീപ് പ്രദീപാണ് നായകൻ. അതിന്റെ പോസ്റ്റ് പ്രൊഡക്‌ഷൻ നടക്കുകയാണ്. എഡിറ്റിങ്, ഡബ്ബിങ് ഒക്കെ നടക്കാനുണ്ട്. ചിത്രത്തിന്റെ റിലീസിനു ശേഷമേ പുതിയ തിരക്കഥ ആലോചനയുള്ളൂ.
0 comments