ad
Deshabhimani

ഇവിടെയുണ്ട്‌ റിങ്‌മാസ്‌റ്റർ 
ശ്രീലക്ഷ്മി

ശ്രീലക്ഷ്മി പരിശീലനത്തിനിടെ
avatar
രവീന്ദ്രൻ കോയിലോട്

Published on May 08, 2025, 01:00 AM | 1 min read

കൂത്തുപറമ്പ്

‘‘ഓടിമറയുന്ന ഭീകരരെയും മറ്റും പിന്തുടര്‍ന്ന് പിടിക്കുന്ന ട്രാക്കര്‍ ഡോഗുകളെ പരിശീലിപ്പിക്കണം. പരിശീലനത്തിൽ 24 മണിക്കൂറും നായയ്‌ക്കൊപ്പം നില്‍ക്കണം. ഇടയിൽ ക്ലാസുകളുമുണ്ടാകും. തയ്യാറല്ലേ..?’’ ‘റെഡി’ എന്ന മറുപടിയിലൂടെ ചിറ്റാരിപ്പറമ്പ് സ്വദേശിനി പി വി ശ്രീലക്ഷ്മി എഴുതിച്ചേർത്തത്‌ അസം റൈഫിൾസിൽ ഡോഗ് ഹാൻഡ്‌ലറാകുന്ന ആദ്യ വനിതയെന്ന ചരിത്രം. പുരുഷന്മാർ മാത്രം പരിശീലകരായിരുന്ന ഡോഗ് സ്ക്വാഡിൽ ധീരതയോടെ ഇറങ്ങിയ ഇരുപത്തിനാലുവയസ്സുകാരി അസമിലെ ജോര്‍ഹട്ടില്‍ ആറുമാസത്തെ കഠിനപരിശീലനത്തിലാണിപ്പോൾ. പരശൂരിലെ അപ്പാടിയിൽ ഹൗസിൽ പ്രഭാകരന്റെയും ഷീജയുടെയും മകളായ ശ്രീലക്ഷ്‌മിക്ക്‌ കുട്ടിക്കാലംമുതൽ നായക്കുട്ടികളായിരുന്നു ചങ്ങാതിമാർ. സ്‌കൂള്‍ വിട്ടുവരുമ്പോള്‍ വഴിയിൽ കാണുന്ന നായക്കുട്ടികളെയും കൊണ്ടാകും പലപ്പോഴും വീട്ടിലെത്തുക. നൃത്തത്തിലും ചെറുകഥാ രചനയിലും ശ്രീലക്ഷ്‌മി മികവുപുലർത്തിയിരുന്നു. സൈനിക സേവനമായിരുന്നു ജീവിതലക്ഷ്യം. കണ്ണൂർ കൃഷ്‌ണമേനോൻ സ്‌മാരക ഗവ. വനിതാ കോളേജിൽനിന്ന്‌ മാത്‌സിൽ ബിരുദംനേടി. എസ്എസ്എസ്ജിഡി പരീക്ഷയെഴുതി 2023ല്‍ അസം റൈഫിള്‍സിന്റെ ഭാഗമായി. ട്രെയിനിങ്ങിനുശേഷം റൈഫിള്‍ വിമണായി അരുണാചല്‍പ്രദേശിലെ ചങ്ങ്‌ലാങ്ങിൽ ആദ്യനിയമനം. പിന്നീട് മേഘാലയയിലെ ഷില്ലോങ്ങിലും സേവനംചെയ്‌തു. ബെല്‍ജിയം മലിന്വ വിഭാഗത്തില്‍പ്പെട്ട ഐറിസ് എന്ന പെണ്‍നായയാണ് ഇപ്പോള്‍ ശ്രീലക്ഷ്മിക്കൊപ്പമുള്ളത്. രാജ്യത്തിനുവേണ്ടി മകൾ ധീരതയോടെ ഏറ്റെടുത്ത ദൗത്യമോർത്ത്‌ അഭിമാനംകൊള്ളുകയാണ് പേരാവൂരിലെ ടയർ കടയിൽ ജീവനക്കാരനായ പ്രഭാകരനും ഷീജയും. അനുജന്‍ സിദ്ധാർഥ്‌ അക്കൗണ്ടിങ്‌ വിദ്യാർഥിയാണ്‌. രാജ്യത്തിന്റെയും നാടിന്റെയും അഭിമാനമായി മാറിയ ശ്രീലക്ഷ്മിക്കിപ്പോൾ അഭിനന്ദനപ്രവാഹമാണ്. ജൂലൈയിൽ നാട്ടിലെത്തുമെന്നാണ് ശ്രീലക്ഷ്‌മി വീട്ടുകാരെ അറിയിച്ചത്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home