നവകേരള പാതയിൽ പാട്യവും

രവീന്ദ്രൻ കോയിലോട്
Published on Sep 27, 2025, 03:00 AM | 1 min read
കൂത്തുപറമ്പ് കേരള ചരിത്രത്തിൽ സുവർണ ലിപികളാൽ അടയാളപ്പെടുത്തിയ ഒട്ടേറെ മഹാരഥന്മാർക്ക് ജന്മം നൽകിയ നാടുകൂടിയാണ് പാട്യം. നവ കേരളത്തിന്റെ വികസന പാതയിൽ പാട്യം പഞ്ചായത്ത് വഹിക്കുന്ന സ്ഥാനവും ചെറുതല്ല. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നിരവധി വികസന പ്രവർത്തനങ്ങളാണ് പാട്യത്ത് നടപ്പാക്കിയത്. വാഗ്ഭടാനന്ദന്റെ സ്മരണക്ക് 50 കോടി രൂപ ചെലവിൽ മ്യൂസിയം നിർമിക്കാൻ നടപടി ആരംഭിച്ചു. കുടിവെള്ള ലഭ്യത ഉറപ്പുവരുത്താൻ ഒരുരൂപക്ക് ഒരുലിറ്റർ ശുദ്ധജലം ലഭ്യമാക്കുന്നതിന് പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിലും കാര്യാട്ടുപുറത്തും വാട്ടർ എടിഎം സ്ഥാപിച്ചു. സംസ്ഥാനത്തുതന്നെ ആദ്യമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന വഴിയോര വിശ്രമകേന്ദ്രമാണ് കൊട്ടയോടി ടൗണിൽ പ്രവർത്തിക്കുന്നത്. കാര്യാട്ടുപുറത്തും ടേക്ക് എ ബ്രേക്ക് കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്. വനിതകളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ഫിറ്റ്നസ് സെന്ററും തൊഴിൽ സുരക്ഷ ഉറപ്പാക്കാൻ ക്രെഷെയും പ്രവർത്തനമാരംഭിച്ചു. ഉൽപാദന മേഖലകളിലെ പദ്ധതികൾക്ക് 3.5 കോടി ചെലവഴിച്ചു. കാർഷികമേഖലയിൽ കേരഗ്രാമം, തേൻ ഗ്രാമം പദ്ധതികൾ, മൺചട്ടിയും പച്ചക്കറി തൈ വിതരണവും, മാവ്, ചക്കഗ്രാമം പദ്ധതികളും നടപ്പാക്കി. മൃഗസംരക്ഷണ മേഖലയിൽ പശു, പോത്തുകുട്ടി, കോഴി വിതരണം പദ്ധതികളും യാഥാർഥ്യമാക്കി.13 കോടിയുടെ റോഡ് പുനരുദ്ധാരണ പ്രവൃത്തികളും ഈ കാലയളവിൽ പൂർത്തീകരിച്ചു.
നിരവധി മാതൃകാ പദ്ധതികൾ
എല്ലാ മേഖലയിലും സുസ്ഥിര വികസനം സാധ്യമാകുന്ന തരത്തിൽ നിരവധി മാതൃകാ പദ്ധതികൾ നടപ്പാക്കി. വികസന പ്രവർത്തനങ്ങൾക്ക് തുടർച്ചയും സുസ്ഥിരതയും ഉറപ്പുവരുത്തി. മികച്ച മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ നടപ്പാക്കി. മാലിന്യം കൂട്ടിയിട്ടിരുന്ന സ്ഥലം വൃത്തിയാക്കി സീറോ പാർക്കാക്കി മാറ്റി. ചെറുടൗണുകളുടെ സൗന്ദര്യവൽക്കരണം ഉറപ്പാക്കി. എൻ വി ഷിനിജ, പ്രസിഡന്റ് പാട്യം പഞ്ചായത്ത്
ക്ഷേമവും കരുതലും ഉറപ്പാക്കി
വികസനത്തോടൊപ്പം ക്ഷേമവും കരുതലും എല്ലാ മേഖലകളിലും ഉറപ്പുവരുത്താൻ സാധിച്ചു. വയോജന സൗഹൃദ പദ്ധതികൾ നടപ്പാക്കി. പശ്ചാത്തല മേഖലയിൽ റോഡ്, തെരുവുവിളക്കിനുള്ള ലൈനുകൾ എല്ലാ മേഖലകളിലും നടപ്പാക്കി. അതിദാരിദ്ര്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. പട്ടിക വർഗമേഖലയുടെ സമഗ്ര വികസനം ഉറപ്പാക്കി. കെ പി പ്രദീപ് കുമാർ, വൈസ് പ്രസിഡന്റ്










0 comments