കുരുമുളക് വിളയും കോൺക്രീറ്റ് തൂണുകളിൽ

രവീന്ദ്രൻ കോയിലോട്
Published on Aug 07, 2025, 03:00 AM | 1 min read
കൂത്തുപറമ്പ് കോൺക്രീറ്റ് തൂണുകളിൽ കുരുമുളക് വിളയിച്ച് കാർഷികരംഗത്ത് വിപ്ലവം സൃഷ്ടിക്കുകയാണ് പാട്യം പത്തായക്കുന്നിലെ ടി ടി സുകുമാരൻ. ഒരു ഏക്കറിൽ അറുന്നൂറോളം തൂണുകളിലാണ് കുരുമുളക് വള്ളികൾ പിടിപ്പിച്ചത്. കീടബാധയും വിലസ്ഥിരതയില്ലായ്മയുംകൊണ്ട് കർഷകർ കൈയൊഴിഞ്ഞ കുരുമുളക് കൃഷിയിലാണ് ചെന്നൈയിൽ ഹോട്ടൽ വ്യാപാരിയായിരുന്ന സുകുമാരൻ പുതുമ പരീക്ഷിക്കുന്നത്. കോട്ടയം എരുമേലിയിൽനിന്ന് പ്രത്യേകം കൊണ്ടുവന്ന കുമ്പുക്കൽ, പേപ്പർ തെക്കൻ 2, കൈരളി, പന്നിയൂർ 6, 8, 9 എന്നീ ഇനങ്ങളാണ് നട്ടുപിടിപ്പിച്ചത്. വെള്ളക്കെട്ടിലും, ചതുപ്പ് നിലങ്ങളിലും കോൺക്രീറ്റ് തൂണുകളിലും അതിവേഗം വളരും എന്നതാണ് ഇവയുടെ പ്രത്യേകത. ഓസ്ട്രലിയൻ തിപ്പലിയിൽ ബഡ് ചെയ്തുപിടിപ്പിച്ചതോടെ രോഗബാധയെ മറികടക്കാൻ കഴിഞ്ഞു. 11 അടി നീളമുള്ളതാണ് തൂണുകൾ. തൊഴിലാളികളെവച്ച് സ്വന്തമായാണ് തൂണുകൾ വാർത്തത്. 1400 രൂപയ്ക്ക് ഒരു തൂൺ വാർക്കാനാകുമെന്നാണ് സുകുമാരന്റെ പക്ഷം. ഇടവേളകളിൽ വെള്ളം എത്തിക്കുന്നതിന് തുള്ളി നനയും ഒരുക്കി. കൃത്യമായി പരിചരണം ലഭിച്ചതോടെ ഒന്നാംവർഷംതന്നെ വിളവെടുക്കാനാകുംവിധം വള്ളികൾ പടർന്നു. യാത്രയ്ക്കിടെ പരിചയപ്പെട്ട ഒരാളിൽനിന്ന് ലഭിച്ച അറിവാണ് സുകുമാരനെ ഇത്തരത്തിൽ കുരുമുളക് കൃഷിയിലേക്ക് തിരിച്ചത്. പാട്യം പഞ്ചായത്തിലെ കിഴക്കേകതിരൂർ വാണിയാണ്ടി, എടത്തിൽ എന്നിവിടങ്ങളിലാണ് വ്യത്യസ്ഥമായ കൃഷിക്ക് തുടക്കം കുറിച്ചത്. നാൽപത് വർഷമായി ചെന്നൈയിൽ ഷിക്കോഗോ പേരിൽ ഹോട്ടൽ ബിസിനസ് നടത്തിവരികയായിരുന്നു സുകുമാരൻ. കഷ്ടപ്പെട്ട് പടുത്തുയർത്തിയ ഹോട്ടൽ തന്റെ തൊഴിലാളികൾക്ക് വിട്ടുനൽകിയശേഷമാണ് വിശ്രമ ജീവിതത്തിനായി ഷിക്കോഗോ സുകുമാരൻ ജന്മനാട്ടിൽ തിരിച്ചെത്തിയത്. വിശ്രമജീവിതത്തിനിടയിലും കാർഷിക മേഖലയിൽ പുതിയ വിപ്ലവം സൃഷ്ടിക്കുകയാണ് സുകുമാരൻ.










0 comments