സിപിഐ എം നേതാക്കൾ സന്ദർശിച്ചു

തകർന്ന കൂട്ടാർ പാലം സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ് സന്ദർശിക്കുന്നു
കുമളി
പ്രളയ ദുരിതമേഖലകളിൽ ആശ്വാസവുമായി സിപിഐ എം നേതാക്കളെത്തി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും വെള്ളം കയറിയും നാശനഷ്ടങ്ങൾ ഉണ്ടായ പ്രദേശങ്ങളിലാണ് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ആർ തിലകൻ, ജില്ലാ കമ്മിറ്റിയംഗം എം തങ്കദുരൈ, ഏരിയ സെക്രട്ടറി എസ് സാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചത്. കുമളി, വലിയകണ്ടം, കുഴിക്കണ്ടം, 68-ാം മൈൽ, പെരിയാർ കോളനി, ഹോളിഡേ ഹോം ഭാഗം എന്നിവിടങ്ങളിൽ വെള്ളം കയറിയ വീടുകളിലും മണ്ണിടിച്ചിലും ഉണ്ടായ സ്ഥലങ്ങളിലാണ് നേതാക്കൾ സന്ദർശിച്ചത്. കുമളി ഹോളിഡേ ഹോമിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലും നേതാക്കളെത്തി വിവരങ്ങൾ ആരാഞ്ഞു. സംഘത്തോടൊപ്പം ലോക്കൽ സെക്രട്ടറിമാർ, ഏരിയ കമ്മിറ്റി അംഗങ്ങൾ എന്നിവരും ഉണ്ടായിരുന്നു
കൂട്ടാർപാലം നിർമിക്കാനുള്ള നടപടി സ്വീകരിക്കും: സി വി വർഗീസ്
കൂട്ടാർ
കഴിഞ്ഞ ദിവസത്തെ പെരുമഴ പ്രളയത്തിൽ തകർന്ന കൂട്ടാർപാലം നിർമിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ്. തിങ്കളാഴ്ച തന്നെ സ്ഥലം സന്ദർശിച്ച് നടപടിയെടുക്കാൻ പിഡബ്യൂഡി പാലം വിഭാഗവുമായി ബന്ധപ്പെട്ടിട്ടുണ്ട്. കെടുതികളുണ്ടായ കൂട്ടാർ എസ്ബിഐ പടി പാലം ഉൾപ്പെടെയുള്ള പ്രദേശങ്ങൾ സന്ദർശിച്ചു. പാലം ദ്രുതഗതിയിൽ പൂർത്തികരിക്കാൻ ഉടൻ നടപടി സ്വീകരിക്കുന്നുമെന്ന് ജില്ലാ സെക്രട്ടറി ഉറപ്പ് നൽകി. ദുരന്തനിവാരണ പദ്ധതിയിൽപ്പടുത്തി പാലം പൂർത്തീകരിക്കാനാവുമെന്നും പറഞ്ഞു. വീട് വെള്ളം കയറി പൂർണമായും ഭാഗീകമായും നശിച്ചമേഖലകളായ കൂട്ടാർ ബാങ്ക് പടി, കുഴിക്കണ്ടം, പാറക്കടവ് എന്നീ പ്രദേശങ്ങളും സന്ദർശിച്ചു. ഏരിയ സെക്രട്ടറി വി സി അനിലും പ്രാദേശിക നേതാക്കളും ഒപ്പമുണ്ടായിരുന്നു.
താൽക്കാലിക പാലം നിർമാണവുമായി മുന്നോട്ട്
കൂട്ടാർ വാഹനം കയറ്റാവുന്ന താൽക്കാലിക പാലം നിർമിക്കാനുള്ള നടപടികൾ ആരംഭിച്ചു. കഴിഞ്ഞ ദിവസം ചേർന്ന യോഗം വി സി അനിൽ ചെയർമാനും ടി അജയൻ കൺവീനറുമായി ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രദേശവാസികളുടെയെല്ലാം പിന്തുണയോടെയും സഹകരണത്തോടെയുമാണ് യുദ്ധകാലാടിസ്ഥാനത്തിൽ നിർമിക്കുക. പാമ്പാടുംപാറ കരുണാപുരം പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണ് തകർന്നത്. കൂട്ടാറിലെ ഏക ധനകാര്യ സ്ഥാപനമായ എസ്ബിഐയിലേക്ക് പോകാനുംകൂടാതെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയ്ക്ക് പോകാനുള്ള ഏക മാർഗവും ഇതു തന്നെ. അല്ലിയാർ, അന്യാർതൊളു, കുമരകംമെട്ട്, പുളിയൻമല തുടങ്ങിയ സ്ഥലങ്ങളിലേയ്ക്ക് കൂട്ടാറിൽനിന്നും പോകാനും ഇതുവഴിയല്ലാതെ മറ്റ് മാർഗങ്ങളില്ല. ക്ഷീര കർഷകർ ആശ്രയിക്കുന്ന ആപ്കോസിൽ പോകാനുള്ള വഴിയും അടഞ്ഞു. ഇതോടെ തികച്ചും ഒറ്റപ്പെട്ടിരിക്കുകയാണ് പ്രദേശം.









0 comments