ശീതകാല സമ്മേളനത്തിന് തുടക്കമായി: പ്രതിപക്ഷ ബഹളം; ലോകസഭ നിര്‍ത്തിവെച്ചു

ന്യൂഡൽഹി: പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് തിങ്കളാഴ്‌ച തുടക്കമായി. സമഗ്ര വോട്ടർപട്ടിക പരിഷ്ക്കരണത്തിൽ (എസ്ഐആർ) ചർച്ച വേണമെന്ന് പ്രതിപക്ഷം ലോക്സഭയിൽ ആവശ്യപ്പെട്ടു. ചർച്ച അനുവദിക്കാനാകില്ലെന്ന് സ്പീക്കർ അറിയിച്ചതോടെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. തുടർന്ന് സഭ 12 മണിവരെ നിർത്തിവച്ചു.
ഡിസംബർ 19 വരെയാണ് സമ്മേളനം. ആകെ 15 സിറ്റിങ് മാത്രമാണുള്ളത്. ഇന്ത്യൻ പാർലമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും ചുരുങ്ങിയ ശീതകാല സമ്മേളനമാണിത്. ആകെ 14 ബില്ലുകളാണ് ശീതകാല സമ്മേളനത്തിൽ പരിഗണിക്കുന്നതിനായി ലിസ്‌റ്റ് ചെയ്‌തിട്ടുള്ളത്. ആണവോർജ്ജ മേഖലയിലേക്ക് സ്വകാര്യ കമ്പനികൾക്ക് കൂടി പ്രവേശനം അനുവദിക്കുന്ന ആണവോർജ്ജ ഭേദഗതി ബിൽ, ഉന്നതവിദ്യാഭ്യാസ കമീഷൻ ബിൽ, ജൻവിശ്വാസ് ബിൽ, പാപ്പർ ചട്ട ഭേദഗതി ബിൽ, മണിപ്പുർ ജിഎസ്‌ടി ബിൽ, ഇൻഷുറൻസ് ഭേദഗതി ബിൽ, ദേശീയപാത ഭേദഗതി ബിൽ, കോർപ്പറേറ്റ് നിയമ ഭേദഗതി ബിൽ തുടങ്ങിയ ബില്ലുകൾ പരിഗണിക്കും. ചണ്ഡിഗഢിനെ കേന്ദ്രസർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലേക്ക് കൊണ്ടുവരുന്ന ഭരണഘടനാ ഭേദഗതി ബിൽ ശീതകാല സമ്മേളനത്തിൽ കൊണ്ടുവരുന്നതിനാതി സർക്കാർ പദ്ധതിയിട്ടിരുന്നെങ്കിലും കടുത്ത വിമർശനം ഉയർന്നതിനാൽ ഉപേക്ഷിച്ചു.








0 comments