കോണ്‍ഗ്രസ്സും ബിജെപിയും തീവ്രവാദ സംഘടനകളും 
ജില്ലയുടെ സമാധാന അന്തരീക്ഷം തകര്‍ക്കുന്നു-: സിപിഐ എം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 09, 2025, 12:15 AM | 3 min read

ചെറുതോണി

കൊച്ചി–ധനുഷ്ക്കോടി ദേശീയപാത നിര്‍മാണത്തിന്റെയും ചട്ടഭേദഗതിയുടെയും പേരിൽ തീവ്രസ്വഭാവമുള്ള സമരങ്ങള്‍ സംഘടിപ്പിച്ച് ബിജെപിയും കോണ്‍ഗ്രസ്സും നിരോധിത സംഘടനകളും ചേര്‍ന്ന് ജില്ലയുടെ സമാധാന അന്തരീക്ഷം തകര്‍ക്കുകയാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നേരത്തെ പരിസ്ഥിതി സംഘടനകളുടെ പണംപറ്റി കോണ്‍ഗ്രസ്സ് നേതൃത്വം ജില്ലയെ നിര്‍ബന്ധിത കുടിയിറക്കി ശ്രമിക്കുകയും കുടിയേറ്റ ജനതയെ മലയിറക്കി വിടാന്‍ ആസൂത്രിത നീക്കം നടത്തുകയുമായിരുന്നു. ഇപ്പോള്‍ തീവ്രവാദ സംഘടനകളുടെ വിദേശപണം വാങ്ങി ബിജെപിയും കോണ്‍ഗ്രസ്സും ഒപ്പം ചേര്‍ന്ന് ഇടുക്കിയിലെ ഭൂ പ്രശ്നങ്ങള്‍ ഒരിക്കലും പരിഹരിക്കപ്പെടരുതെന്ന വാശിയോടെ നാട്ടിലാകെ അക്രമ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. ഡീന്‍ കുര്യാക്കോസ് എംപിയും ബിജെപി നേതാവ് എം എന്‍ ജയചന്ദ്രനും കോണ്‍ഗ്രസ്സും കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച ചില സംഘടനകളും ഒളിവില്‍നിന്ന് നടത്തുന്ന അക്രമങ്ങളാണ് നടത്തിവരുന്നത്‌. കഴിഞ്ഞ ദിവസം മന്ത്രിയുടെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പൊലീസുകാരനെ ചവിട്ടുന്ന ദൃശ്യം പ്രചരിപ്പിച്ചത് തീവ്ര സംഘടനകളുടെ അണിയറ നീക്കങ്ങളുടെ ഭാഗമാണ്. പ്രത്യേക ലക്ഷ്യംവച്ച് പെണ്‍കുട്ടികളെ മുന്നില്‍ നിര്‍ത്തിയാണ് മന്ത്രി ഓഫീസ് സമരം ആസൂത്രണം ചെയ്തത്. ദേശീയപാത നിര്‍മാണം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ കൃത്യമായ നിലപാടോടെ റോഡ് നിര്‍മാണത്തിന് പൂര്‍ണ അനുമതി ലഭിക്കത്തക്ക നിലയില്‍ ചീഫ് സെക്രട്ടറി സത്യവാങ്മൂലം ഹൈക്കോടതിയില്‍ നല്‍കി. നാലിന്‌ സത്യവാങ്മൂലം നല്‍കുകയും ഹൈക്കോടതി വെബ്സൈറ്റിലൂടെ കേസില്‍ കക്ഷികളായ എല്ലാവര്‍ക്കും ഇതിന്റെ വിവരം ലഭിക്കുകയും ചെയ്തശേഷവും ആറിന്‌ മന്ത്രി ഓഫീസ് ആക്രമിക്കാന്‍ തയാറായതിനു പിന്നിലുള്ള ലക്ഷ്യം നിഗൂഢമാണ്. ​ ഗൂഢാലോചന വ്യക്തം ​സര്‍ക്കാരിനൊപ്പം നിലകൊണ്ട് നേര്യമംഗലം– വാളറ റോഡ് നിര്‍മാണം സുഗമമായി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുമെന്നിരിക്കെ തീവ്രസംഘടനകളുമായി എംപി നടത്തിയ ഗൂഢാലോചനയിലൂടെയാണ് ഹൈക്കോടതി വ്യവഹാരത്തിലേക്ക് കൊണ്ടുപോകാന്‍ എം എന്‍ ജയചന്ദ്രനെ നിയോഗിക്കുന്നത്. ഇതിനായി ദേശീയപാത ഉദ്യോഗസ്ഥരെ ചട്ടം കെട്ടി. അനാവശ്യമായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് റോഡ് നിര്‍മാണത്തിന് അനുമതി ചോദിച്ച് അപേക്ഷ നല്‍കിയത് പ്രത്യേക ലക്ഷ്യംവച്ചാണ്. തിരുവിതാംകൂര്‍ മഹാരാജാവിന്റെ കാലത്തു തന്നെ റോഡ് നിര്‍മാണത്തിന് അനുവദിക്കപ്പെട്ട സ്ഥലമാണിവിടം. 1996 ല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റ പ്രത്യേക ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്. കോടിക്കണക്കിന് രൂപയുടെ കേന്ദ്രഫണ്ട് ഉപയോഗപ്പെടുത്തി 2014 മുതല്‍ നിര്‍മാണം നടത്തിയിട്ടുമുണ്ട്‌. സുഗമമായി റോഡ് നിര്‍മാണം നടന്നുകൊണ്ടിരിക്കെ ഒരാള്‍ കോടതിയെ സമീപിച്ചതാണ് സംശയം ഉയര്‍ത്തിയത്. വനം വകുപ്പ് റോഡ് നിര്‍മാണം തടസ്സപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് സങ്കല്‍പ്പിച്ച് ഒരു സ്വകാര്യവ്യക്തി ഹൈക്കോടതിയില്‍ എത്തുകയാണ്. തൊട്ടുപിന്നാലെ ബിജെപി നേതാവ് എം എന്‍ ജയചന്ദ്രനും ഹൈക്കോടതിയിലെത്തി. 1980 ലെ വനസംരക്ഷണ നിയമം പുതുക്കിയ 2023 ലെ സെക്ഷന്‍ രണ്ട്‌ പ്രകാരം കേന്ദ്രാനുമതി വാങ്ങണം എന്നായിരുന്നു ആവശ്യം. എം എന്‍ ജയചന്ദ്രനെ നിയോഗിച്ച ഡീന്‍ കുര്യാക്കോസ് എംപി യുടെ സാന്നിധ്യത്തില്‍ നടന്ന എന്‍എച്ച്എഐ യോഗ തീരുമാനപ്രകാരം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തോട് അനുമതി ചോദിച്ച്‌ എന്‍എച്ച്എഐ അപേക്ഷ നല്‍കി. 95 ഹെക്ടര്‍ സ്ഥലം വിട്ടു കിട്ടണമെന്നായിരുന്നു ആവശ്യം. ഇത്തരത്തില്‍ അപേക്ഷ നല്‍കേണ്ട ഒരാവശ്യം ഇല്ലെന്നിരിക്കെയാണ് ഗൂഡാലോചന അരങ്ങേറിയത്. ​ ലക്ഷ്യം തെരഞ്ഞെടുപ്പ്‌, 
സര്‍ക്കാരിനെതിരെ 
ജനരോഷം ഉയര്‍ത്തുക ​റോഡ് നിര്‍മാണം തടസ്സപ്പെടുത്തി സര്‍ക്കാരിനെതിരെ ജനരോഷം ഉയര്‍ത്തി തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് എംപി നടത്തിയ ഗൂഡാലോചനയും ഒത്തുകളിയുമാണ് തുടരുന്നത്. നാലിന്‌ ചീഫ് സെക്രട്ടറി കെ ജയതിലക് അഡ്വ. ജനറല്‍ മുഖേന നല്‍കിയ സത്യവാങ്മൂലത്തില്‍ ഇരുവശങ്ങളിലേക്കുമായി 100 അടി വീതിയില്‍ റോഡ് നിര്‍മിക്കുന്നതിന് 1932 ഏപ്രില്‍ 21ന് തിരുവിതാംകൂര്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് സഹിതമുള്ള രേഖകല്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 2775.94 ഏക്കര്‍ വനം വെട്ടിമാറ്റി റോഡ് നിര്‍മിക്കാന്‍ 1938 ആഗസ്റ്റ് രണ്ടിന് സി വി രാമസ്വാമി അയ്യര്‍ ഇറക്കിയ ഉത്തരവിന്റ പകര്‍പ്പും അന്ന് മുതല്‍ ഈ ഭൂമി സര്‍ക്കാര്‍ രേഖയില്‍ റവന്യൂ ഭൂമിയാണെന്ന് തെളിയിക്കുന്ന മുഴുവന്‍ രേഖകളും സത്യവാങ്മൂലത്തോടൊപ്പം നല്‍കിയിട്ടുണ്ട്. നിര്‍മാണത്തിന് 2017 ഫെബ്രുവരി 10ന് കേന്ദ്ര ഹൈവേ മന്ത്രാലയം പ്രത്യേക അനുമതി നല്‍കിയ കാര്യവും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സത്യാവാങ്മൂലം ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിച്ചപ്പോള്‍ വീണ്ടും ഗൂഢാലോചന അരങ്ങേറി. സത്യവാങ്മൂലം പഠിക്കാന്‍ സമയം വേണമെന്ന് ആവശ്യപ്പെട്ട് എം എന്‍ ജയചന്ദ്രന്റ അഭിഭാഷകന്‍ കേസ് നീട്ടി വയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഒരു വിധത്തിലും പ്രശ്നം പരിഹരിക്കരുതെന്നും പരമാവധി നീട്ടിക്കൊണ്ടു പോവുക എന്നതാണ് ഇ‍ൗ കൂട്ടുകെട്ടിന്റെ നിലപാട്. സമാധാന അന്തരീക്ഷം നിലനില്‍ക്കാന്‍ ആഗ്രഹിക്കുന്ന ജില്ലയിലെ മുഴുവന്‍ ജനങ്ങളും ഇത്തരം നീക്കം തിരിച്ചറിയണമെന്നും നിരോധിത സംഘടനകളുടെ അക്രമ സമരങ്ങളില്‍ ഉള്‍പ്പെട്ട് പോകാതെ ജാഗ്രത പാലിക്കണമെന്നും സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് പറഞ്ഞു. ജില്ലാ കമ്മറ്റിയംഗം കെ ജി സത്യനും പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home