പരീക്ഷകളുടെ വിശ്വാസ്യത തകർത്ത് ‘മറുനാടനി’ൽ അഭിമുഖം
സിൻഡിക്കറ്റ് യോഗത്തിൽ മുസ്ലിംലീഗ് അംഗത്തിന് രൂക്ഷവിമർശം

തേഞ്ഞിപ്പലം
കലിക്കറ്റ് സർവകലാശാലാ പരീക്ഷകളുടെ വിശ്വാസ്യത തകർക്കുംവിധം ‘മറുനാടൻ മലയാളി' യുട്യൂബ് ചാനലിന് അഭിമുഖം നൽകിയ മുസ്ലിംലീഗ് അംഗത്തിനെതിരെ സിൻഡിക്കറ്റ് യോഗത്തിൽ കടുത്ത വിമർശം. മുസ്ലിംലീഗ് അനുകൂല അധ്യാപക സംഘടനാ നേതാവുകൂടിയായ ഡോ. പി റഷീദ് അഹമ്മദിനെതിരെയാണ് വിമർശമുണ്ടായത്. ‘രാഷ്‌ട്രീയമോ സാമ്പത്തികമോ ആയ സ്വാധീനം കാരണം പരീക്ഷാ ക്രമക്കേടുകളിൽനിന്ന് വിദ്യാർഥികൾ രക്ഷപ്പെട്ടുപോകുന്ന അവസ്ഥ കലിക്കറ്റിൽ ഉണ്ടായിട്ടുണ്ടെന്ന്' ഉൾപ്പെടെയുള്ള സർവകലാശാലയെ താറടിക്കുന്ന പരാമർശങ്ങൾ അഭിമുഖത്തിലുണ്ട്.
റഷീദ് അഹമ്മദിനെതിരെയുള്ള വിമർശത്തോട് കോൺഗ്രസ് അനുകൂല സംഘടനാ നേതാവുകൂടിയായ വൈസ് ചാൻസലർ ഡോ. പി രവീന്ദ്രനും യോജിച്ചു. സർവകലാശാലാ ഭരണത്തിന് നേതൃത്വംനൽകുന്ന വൈസ് ചാൻസലർക്കുനേരെയുള്ള ഒളിയമ്പുകൂടിയായിരുന്നു അഭിമുഖത്തിലെ ആക്ഷേപങ്ങളെന്ന വിമർശവും ഉയർന്നിരുന്നു. റഷീദ് അഹമ്മദിനെ അനുകൂലിച്ച് കോൺഗ്രസിലെ ഉൾപ്പടെയുള്ള സിൻഡിക്കറ്റ് അംഗങ്ങൾ എത്താത്തതും ശ്രദ്ധേയമായി.









0 comments