തദ്ദേശ തെരഞ്ഞെടുപ്പ്
ജനകീയ പ്രകടന പത്രിക തയ്യാറാക്കാന്‍ ശാസ്ത്ര സാഹിത്യ പരിഷത്ത്

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജനകീയ വികസന പത്രിക തയ്യാറാക്കൽ ജില്ലാ പരിശീലനം സംസ്ഥാന വികസന സമിതി കൺവീനർ പി എ തങ്കച്ചൻ ഉദ്ഘാടനംചെയ്യുന്നു
മലപ്പുറം
തദ്ദേശ ഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ രാഷ്ട്രീയപാർടികൾക്കുമുന്നിൽ ജനകീയ പ്രകടനപത്രിക അവതരിപ്പിക്കാൻ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്. അടുത്ത അഞ്ചുവർഷം പഞ്ചായത്ത്, നഗരസഭകളിൽ നടപ്പാക്കേണ്ട കാര്യങ്ങളിൽ ഉൾപ്പെടുത്താനുള്ള ജനകീയ മാനിഫെസ്റ്റോയാണ് പരിഷത്ത് മുന്നോട്ടുവയ്‌ക്കുന്നത്.
വിവരശേഖരണം, സംവാദങ്ങൾ, ഗ്രൂപ്പ് ചർച്ചകൾ എന്നിവയിലൂടെ പ്രാദേശിക തലത്തിൽ നടത്തേണ്ട സുസ്ഥിരവികസന പ്രവർത്തനങ്ങൾ മുന്നോട്ടുവയ്‌ക്കുകയാണ് ലക്ഷ്യം. പഞ്ചായത്തുതല വികസനത്തിന് വിവിധ മേഖലകൾ തിരിച്ചുള്ള വിശകലനം, മുൻഗണന നിശ്ചയിക്കൽ എന്നിവ വാർഡ് തലത്തിൽ ശില്പശാലകൾ നടത്തി അന്തിമമാക്കും. തുടർന്ന് പ്രാദേശിക വികസനരേഖ അതത് പ്രദേശത്തെ രാഷ്ട്രീയ പാർടികൾക്ക് കൈമാറും.
ഇതിന്റെ ഭാഗമായുള്ള വികസന പത്രിക തയാറാക്കൽ ജില്ലാ പരിശീലനം പരിഷദ് ഭവനിൽ നടന്നു. പരിഷത്ത് സംസ്ഥാന വികസന സമിതി കൺവീനർ തങ്കച്ചൻ പി എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി പി സുരേഷ് ബാബു അധ്യക്ഷനായി. പരിഷത്ത് സംസ്ഥാന സമിതിയംഗം കെ കെ ജനാർദനൻ, ജില്ലാ വികസന സമിതി കൺവീനർ കെ അരുൺകുമാർ, ചെയർപേഴ്സൺ ബീനാ സണ്ണി, ജനകീയാസൂത്രണം ജില്ലാ കോ ഓർഡിനേറ്റർ എ ശ്രീധരൻ എന്നിവർ നേതൃത്വം നൽകി.
പരിഷത്ത് പ്രസിദ്ധീകരിച്ച കേരളപഠനം 2.0 റിപ്പോർട്ടിന്റെ ജില്ലാ പ്രകാശനം തിരുവാലി പഞ്ചായത്ത് പ്രസിഡന്റ് കെ രാമൻകുട്ടിക്ക് നൽകി പി എ തങ്കച്ചൻ നിർവഹിച്ചു. ജനറൽ കൺവീനർ സി എൻ സുനിൽ, പരിഷത്ത് ജില്ലാ സെക്രട്ടറി വി രാജലക്ഷ്മി, താനാളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ എം മല്ലിക, പരിഷത്ത് സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ഇ വിലാസിനി, പി രമേഷ് കുമാർ, പരിസരം ഉപസമിതി കൺവീനർ ടി അജിത് കുമാർ എന്നിവർ സംസാരിച്ചു.









0 comments