റോഡ് നന്നാക്കാമെന്ന് വാഗ്ദാനം നൽകി മൂന്നുലക്ഷം തട്ടി
മേയറുടെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ മാർച്ച്

വിജിലൻസ് അന്വേഷണം നേരിടുന്ന കൊച്ചി കോർപറേഷൻ മേയർ വി കെ മിനിമോൾ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രവർത്തകർ കോർപറേഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ച്
കൊച്ചി
റോഡ് നന്നാക്കാമെന്ന് വാഗ്ദാനം നൽകി മൂന്നുലക്ഷം രൂപ തട്ടിയ കൊച്ചി മേയർ വി കെ മിനിമോള്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി കോർപറേഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്തി. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എ ആർ രഞ്ജിത് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ സി അരുൺകുമാർ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് നിഖിൽ ബാബു, ജില്ലാ ജോയിന്റ് സെക്രട്ടറി അമൽ സോഹൻ, എറണാകുളം ബ്ലോക്ക് ജോയിന്റ് സെക്രട്ടറി വിഷ്ണു അനിൽ എന്നിവർ സംസാരിച്ചു.
പാലാരിവട്ടം ഡിവിഷൻ കൗൺസിലറായിരിക്കെ 2018ൽ റോഡ് നന്നാക്കാമെന്ന് വാഗ്ദാനം നൽകി റസിഡന്റ്‌സ് അസോസിയേഷനിൽനിന്ന് പണം വാങ്ങിയെന്ന കേസിൽ വി കെ മിനിമോൾക്കെതിരെ അന്വേഷണം വേണമെന്ന് കഴിഞ്ഞദിവസം വിജിലൻസ് കോടതി ഉത്തരവിട്ടിരുന്നു. കൈക്കൂലി വാങ്ങിയതിന് തെളിവുണ്ടെന്നും അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാവുന്നതാണെന്നും കോടതി നിരീക്ഷിച്ചതിനെ തുടർന്ന് മേയർ രാജിവയ്‌ക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.
എല്‍ഡിഎഫിന്റെ കോർപറേഷൻ ഓഫീസ് മാർച്ച് ഇന്ന്
കൊച്ചി
റോഡ് നന്നാക്കാമെന്ന് വാഗ്ദാനം നൽകി മൂന്നുലക്ഷം രൂപ തട്ടിയ കൊച്ചി മേയർ വി കെ മിനിമോള്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് നേതൃത്വത്തില്‍ ബുധന്‍ രാവിലെ 10ന് കോര്‍പറേഷന്‍ ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തും. മറൈൻഡ്രൈവ് ഹെലിപാഡ് മൈതാനത്തുനിന്ന് ആരംഭിക്കുന്ന മാർച്ച് കോർപറേഷൻ ഓഫീസിനുമുന്നിൽ സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്‌ഘാടനം ചെയ്യും.
കൈക്കൂലി വാങ്ങിയതിന് തെളിവുണ്ടെന്നും അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാവുന്നതാണെന്നും വിജിലന്‍സ് കോടതി നിരീക്ഷിച്ചതിനെ തുടർന്ന് മേയറുടെ രാജി ആവശ്യം ശക്തമാവുകയാണ്. മാർച്ചിൽ മുഴുവൻ എൽഡിഎഫ് പ്രവർത്തകരും ബഹുജനങ്ങളും പങ്കെടുക്കണമെന്ന് ജില്ലാ കൺവീനർ ജോർജ് ഇടപ്പരത്തി അഭ്യർഥിച്ചു.










0 comments