ആശ്വാസപ്പെയ്‌ത്ത്

കോട്ടയം നഗരത്തിൽ വ്യാഴാഴ്ച വൈകിട്ട് പെയ്ത മഴ
കോട്ടയം കനത്ത ചൂടിൽ ആശ്വാസമായി വേനൽ മഴ. വ്യാഴാഴ്‌ച വൈകിട്ടോടെയാണ് ശക്തമായ മഴയും കാറ്റും ഉണ്ടായത്. രണ്ട് ദിവസമായി കനത്തമഴയാണ് ജില്ലയിൽ പലയിടത്തും ലഭിക്കുന്നത്. കഴിഞ്ഞദിവസം മഴയ്‌ക്കൊപ്പം എത്തിയ കാറ്റും ഇടിമിന്നലും കിഴക്കൻ മേഖലയിൽ വലിയതോതിൽ നാശനഷ്‌ടങ്ങൾ ഉണ്ടാക്കി. പലയിടത്തും മരങ്ങൾ കടപുഴകി. വീടിന് മുകളിലും മരം വീണു. ആളപായമില്ല. വിവിധ സ്ഥലങ്ങളിൽ ശക്തമായ കാറ്റിൽ റോഡിലേക്ക് മരംവീണ് പലയിടത്തും ഗതാഗത തടസമുണ്ടായി. വൈദ്യുതിപോസ്‌റ്റ് ഒടിഞ്ഞുവീണതോടെ വൈദ്യുതിയും തടസപ്പെട്ടു. മഴ ശക്തമായതോടെ കോട്ടയം നഗരത്തിൽ ഓടകൾ നിറഞ്ഞ് കവിഞ്ഞ് റോഡിലേക്ക് വെള്ളം ഒഴുകിയെത്തി കാൽനട യാത്രക്കാരെ ബുദ്ധിമുട്ടിച്ചു. വാഹനങ്ങൾ പോകുമ്പോൾ ചെളിവെള്ളം തെറിച്ച് നടന്നുപോകേണ്ട അവസ്ഥയായിരുന്നു. കനത്ത വേനലുണ്ടായിട്ടും മഴയ്‌ക്ക് മുന്നേ ഓടകൾ വൃത്തിയാക്കാനോ കാടുകൾ വെട്ടിത്തെളിക്കാനോ വഴിയോരങ്ങളിലെ മാലിന്യങ്ങൾ നീക്കാനോ നഗരസഭ തയ്യാറായില്ല. ഇൗ സമയം ഓടകളിലെ മാലിന്യം നീക്കുകയാണെങ്കിൽ ഡ്രൈനേജ് സംവിധാനം നേരായ രീതിയിൽ നടക്കുമായിരുന്നു. കുര്യൻ ഉതുപ്പ് റോഡിൽ ഓടനിറഞ്ഞ് വെള്ളം റോഡിലേക്ക് കയറി. ഇത് നാഗമ്പടം ബസ്‌സ്‌റ്റാൻഡിലേക്ക് പോകുന്ന കാൽനടയാത്രക്കാർക്ക് ദുരിതമായി. ഓടയിലൂടെയുള്ള വെള്ളം ഒഴുകാൻ പറ്റാത്ത തരത്തിൽ മണ്ണും മാലിന്യവും നിറഞ്ഞ അവസ്ഥയാണ് പലയിടത്തും. തിരുനക്കര ബസ് സ്‌റ്റാൻഡിലും മഴയിൽ കുഴികളിൽ വെള്ളം നിറഞ്ഞു. കണ്ണിൽ പൊടിയിടാൻ ചിലയിടങ്ങളിൽ കുഴികളിൽ മണ്ണിട്ട് നഗരസഭാ അധികൃതർ നികത്തിയെങ്കിലും മഴ തുടങ്ങിയതോടെ ഇവിടം കുളമായി. മുണ്ടക്കയം വ്യാഴാഴ്ച വൈകിട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും മുണ്ടക്കയം -കൂട്ടിക്കൽ റോഡിലെ ചെളിക്കുഴിക്ക് സമീപം മരം ഒടിഞ്ഞുവീണ് വൈദ്യുതി പോസ്റ്റുകൾ തകർന്നു. റോഡിന്റെ വശത്തുനിന്ന് തേക്ക് ഒടിഞ്ഞ് വൈദ്യുതി ലൈനിലേക്ക് വീഴുകയായിരുന്നു. അപകടത്തെ തുടർന്ന് റോഡിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി കമ്പികൾ പൊട്ടി വീണതിനെ തുടർന്ന് മേഖലയിലേക്കുള്ള വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. കെഎസ്ഇബി ഉദ്യോഗസ്ഥരും കാഞ്ഞിരപ്പള്ളിയിൽനിന്നുള്ള ഫയർഫോഴ്സ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു. കനത്ത മഴയിലും കാറ്റിലും എരുമേലി നേർച്ചപ്പാറ കവുംങ്ങുംകുഴി പൈനുംമൂട്ടിൽ പി ജി കൃഷ്ണൻകുട്ടി, നേർച്ചപ്പാറ അജി എന്നിവരുടെ വീടുകളുകളുടെ ആസ്ബറ്റോസ് ഷീറ്റുകൾ പറന്നു പോയി. മുണ്ടക്കയത്തും നാശമുണ്ടായി.










0 comments