കുളിരണിയിച്ചും നാശംവിതച്ചും വേനൽമഴ

നെടുംകുന്നം 12–ാം മെെലിൽ കാറ്റിൽ മരം വീണ് തകർന്ന നന്ദനത്തിൽ സുന്ദരേശന്റെ വീട്
കോട്ടയം വേനൽച്ചൂടിന് ആശ്വാസമായി ജില്ലയിൽ വീണ്ടും വേനൽ മഴ. വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലായി മഴ ലഭിച്ചു. ബുധനാഴ്ച പെയ്‌ത കനത്ത മഴയിലും കാറ്റിലും ജില്ലയുടെ കിഴക്കൻ മേഖലകളിൽ വ്യാപക നാശമുണ്ടായി. വിവിധയിടങ്ങളിൽ മരംവീടിന് മുകളിൽവീണ് നാലുപേർക്ക് പരിക്കേറ്റു. മൂന്നുവീടുകൾ തകർന്നു. ശക്‌തമായ കാറ്റിൽ മരംവീണ് പലയിടത്തും വൈദ്യുതിയും ഗതാഗതവും മുടങ്ങി. ചൊവ്വാഴ്ച ജില്ലയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കുമ്മണ്ണൂരിലാണ്. 91 മില്ലി ലിറ്റർ മഴയാണ് ലഭിച്ചു. വേനൽ മഴ ലഭിച്ചതോടെ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ബുധനാഴ്ച വിവിധ പ്രദേശങ്ങളിൽ അതിരാവിലെ താപനിലയിൽ കുറവ് അനുഭവപ്പെട്ടു. കോട്ടയത്ത് രണ്ട് ഡിഗ്രിവരെ കുറവ് താപനിലയാണ് രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിൽ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും ഇടിമിന്നലുമുണ്ട്. ചൊവ്വാഴ്ച മാത്രം 73 മിന്നൽ പ്രഹരങ്ങളാണ് ജില്ലയിൽ രേഖപ്പെടുത്തിയത്. ഇടിമിന്നൽ കൂടുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രത നിർദേശങ്ങളും പുറത്തിറക്കി. ശനിയാഴ്ച മഞ്ഞ അലർട്ടാണ്. എന്നാൽ, മഴ ലഭിച്ചിട്ടും ജില്ലയിൽ അനുഭവപ്പെടുന്ന പകൽ ചൂടിന് മാറ്റമില്ല. ചൊവ്വാഴ്ച ചങ്ങനാശേരിയിൽ അൾട്രാ വയലറ്റ് സൂചിക മഞ്ഞ അലർട്ടായിരുന്നത് ബുധനാഴ്ച വീണ്ടും ഓറഞ്ച് അലർട്ടായി.










0 comments