വേനൽ മഴ
തകർന്നത് 79 വീടുകൾ

വേനൽ മഴ
കോട്ടയം
ജില്ലയിൽ വേനൽമഴയിലും കാറ്റിലും വ്യാപക നാശം. ദുരന്ത നിവാരണ അതോറിറ്റിയുടെ ഒൗദ്യോഗിക കണക്കനുസരിച്ച് 79 വീടുകളാണ് ഭാഗികമായി തകർന്നത്. മാർച്ചിൽ അഞ്ച് വീടുകളും ഏപ്രിലിൽ 13 വീടുകളും തകർന്നു. ഇൗ മാസം മാത്രം 61 വീടുകൾക്കാണ് കേടുപാടുകൾ പറ്റിയത്. മഴയ്‌ക്കൊപ്പമുള്ള ശക്തമായ കാറ്റിലാണ് അപകടങ്ങൾ ഏറേയും. പലയിടങ്ങളിലും മരംവീണ് ഗതാഗതവും വൈദ്യുതിയും തടസ്സപ്പെട്ടു. അതേസമയം ജില്ലയിൽ വ്യാപക കൃഷി നാശവും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. പച്ചക്കറി, വാഴ, റബർ, കവുങ്ങ്, തെങ്ങ്, കപ്പ തുടങ്ങിയ വിളകളാണ് നശിച്ചതിൽ ഏറെയും. 11 ബ്ലോക്കുകളിലായി 800ൽ ഏറെ കർഷകരെയാണ് വേനൽമഴ പ്രതികൂലമായി ബാധിച്ചത്. ഇന്നും മഞ്ഞ അലർട്ട് ജില്ലയിൽ മഞ്ഞ അലർട്ട് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാം. ഇടിയോടുകൂടിയ മഴയ്‌ക്ക് സാധ്യതയുണ്ട്. ഞായറാഴ്ച സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ച സ്ഥലങ്ങളിൽ വൈക്കവും കുമരകവും ഇടംപിടിച്ചു. വൈക്കത്ത് 61 മില്ലിമീറ്ററും കുമരകത്ത് 57.8 മില്ലിമീറ്റർ മഴയുമാണ് ലഭിച്ചത്. ജില്ലയിലാകെ 23 മിന്നൽ പ്രഹരങ്ങൾ ഉണ്ടായി. അറബിക്കടലിൽ തെക്കൻ കേരള തീരത്ത് പടിഞ്ഞാറൻ കാറ്റ് താഴ്ന്ന് രൂപപ്പെടുന്നതിനാൽ കാലവർഷ പ്രതീതിയുള്ള മഴയാണ് ലഭിക്കുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കൺട്രോൾ റൂമുകൾ ഉണ്ട്. സഹായങ്ങൾക്കായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാം. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും കാരണമാകാമെന്നതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.










0 comments