Deshabhimani

യെമനിൽ സംഘർഷം വീണ്ടും രൂക്ഷം; 2.9 ലക്ഷം പേർ പലായനം ചെയ്തു, ഗർഭിണികൾ കടുത്ത ദുരിതത്തിൽ

yaman
വെബ് ഡെസ്ക്

Published on Nov 01, 2026, 06:47 AM | 1 min read

ജനീവ: യെമനിൽ സർക്കാർ സൈന്യവും ഹൂതി വിമതരും തമ്മിലുള്ള പോരാട്ടം ശക്തമായതോടെ ഓഗസ്റ്റ് മുതൽ കുറഞ്ഞത് 2.9 ലക്ഷം പേർ വീടുവിട്ടു പലായനം ചെയ്തതായി ഐക്യരാഷ്ട്രസഭയുടെ മാനുഷിക സഹായ വിഭാഗമായ ഒച്ച (OCHA) അറിയിച്ചു. സംഘർഷം രൂക്ഷമായതോടെ ഗർഭിണികളായ സ്ത്രീകളുടെ സ്ഥിതി അതീവ ഗുരുതരമാണെന്നും യുഎൻ മുന്നറിയിപ്പ് നൽകി.


പലായനം ചെയ്തവരിൽ 6,100 പേർ ഗർഭിണികളാണ്. ഇവരിൽ 600 പേർ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ പ്രസവിക്കേണ്ടവരാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഭക്ഷണത്തിന്റെയും ഇന്ധനത്തിന്റെയും വില വർധിക്കുകയും ആരോഗ്യസേവനങ്ങൾ തടസ്സപ്പെടുകയും ചെയ്തതോടെ അഭയാർഥികളും സാധാരണക്കാരും കടുത്ത പ്രതിസന്ധിയിലാണ്. ഏകദേശം 2.49 ലക്ഷം പേർക്ക് ഭക്ഷണം, ശുചിത്വ സാമഗ്രികൾ, സാമ്പത്തിക സഹായം എന്നിവ എത്തിക്കാൻ സന്നദ്ധ സംഘടനകൾക്ക് കഴിഞ്ഞിട്ടുണ്ട്.


അതേസമയം, യെമനിലെ സംഘർഷം സൗദി അറേബ്യയിലേക്കും വ്യാപിക്കുകയാണ്. ശനിയാഴ്ച റിയാദ് മേഖലയ്ക്ക് മുകളിൽ എത്തിയ ഡ്രോൺ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന തകർത്തു. രണ്ട് ദിവസത്തിനിടെ റിയാദ് മേഖലയിൽ നടക്കുന്ന രണ്ടാമത്തെ ഡ്രോൺ പ്രതിരോധമാണിത്. എന്നാൽ സൗദിയെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടത്തിയെന്ന ആരോപണം ഹൂതികൾ നിഷേധിച്ചു.


യെമന്റെ ഇടക്കാല തലസ്ഥാനമായ ഏദനിലെ പ്രസിഡൻഷ്യൽ കൊട്ടാരത്തിനും അന്താരാഷ്ട്ര വിമാനത്താവളത്തിനും നേരെ ഹൂതികൾ മിസൈൽ ആക്രമണം നടത്തിയതായി സർക്കാർ ആരോപിച്ചു. അതേസമയം, തായിസ് ഉൾപ്പെടെയുള്ള മേഖലകളിൽ ഏറ്റുമുട്ടൽ ശക്തമായതോടെ സാധാരണക്കാരുടെ മരണസംഖ്യയും ഉയരുകയാണ്. ഓഗസ്റ്റ് മുതൽ 68 സാധാരണക്കാർ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭ സ്ഥിരീകരിച്ചിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ പകുതിയോളം കുട്ടികളാണ്.


2014ൽ ആരംഭിച്ച യെമൻ ആഭ്യന്തര സംഘർഷം വീണ്ടും രൂക്ഷമായതോടെ രാജ്യത്ത് മാനുഷിക പ്രതിസന്ധി അതീവ ഗുരുതരമായിരിക്കുകയാണ്. റോഡുകൾ അടച്ചതും ഭക്ഷണം, മരുന്ന്, ഇന്ധനം എന്നിവയുടെ വിതരണത്തിലുണ്ടായ തടസ്സങ്ങളും ദശലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്നുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home