അടിച്ചമർത്തലിലും തളരാതെ നോയിഡയിലെ തൊഴിലാളി സമരം; സിഐടിയു നേതാക്കൾ തടങ്കലിൽ തുടരുന്നു

Image Credit : times of india
നോയിഡ: നോയിഡയിലെ വ്യവസായ മേഖലയിൽ മിനിമം വേതനത്തിനും സുരക്ഷിതമായ തൊഴിൽ സാഹചര്യങ്ങൾക്കുമായി തൊഴിലാളികൾ നടത്തുന്ന സമരം അതിശക്തമാകുന്നു. സമരത്തെ അടിച്ചമർത്തുന്നതിന്റെ ഭാഗമായി 350-ലധികം തൊഴിലാളികളെ ഉത്തർപ്രദേശ് പോലീസ് കസ്റ്റഡിയിലെടുത്തു. സിഐടിയു നേതാക്കൾ ഉൾപ്പെടെയുള്ളവർ ഇപ്പോഴും കരുതൽ തടങ്കലിൽ തുടരുകയാണ്.
സമരം ശക്തമായ പശ്ചാത്തലത്തിൽ, കമ്പനികൾക്ക് തൊഴിലാളികളെ എത്തിച്ചുനൽകുന്ന കരാർ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുമായി തൊഴിൽ വകുപ്പ് രംഗത്തെത്തി. ഇതിന്റെ ഭാഗമായി 203 കരാറുകാരുടെ ലൈസൻസ് അധികൃതർ റദ്ദാക്കി. സർക്കാർ നടപടികൾക്കെതിരെ വ്യാപക പ്രതിഷേധമാണ് തൊഴിലാളി സംഘടനകളുടെ ഭാഗത്തുനിന്നും ഉയരുന്നത്.
രാജ്യത്തെ വിവിധ മേഖലകളിൽ തൊഴിലാളി പ്രക്ഷോഭങ്ങൾ വ്യാപിക്കുന്ന സാഹചര്യത്തിൽ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന പുതിയ ലേബർ കോഡുകൾ പിൻവലിക്കുക. നിലവിലെ തൊഴിൽ പ്രതിസന്ധികൾക്ക് കാരണം കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ ലേബർ കോഡുകളാണെന്ന് അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.
തൊഴിലാളി വിരുദ്ധ നയങ്ങൾ തിരുത്തണമെന്നും സമരക്കാരെ അടിച്ചമർത്തുന്ന നടപടികൾ അവസാനിപ്പിക്കണമെന്നുമാണ് ഇടതുപക്ഷ സംഘടനകളുടെ നിലപാട്.










0 comments