ഉത്തരാഖണ്ഡിലെ തുരങ്കത്തിൽ വെള്ളവും മണ്ണും ഇരച്ചുകയറി 7 മരണം

Image Credit : NDTV
ചമോലി: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ നിർമ്മാണത്തിലിരുന്ന ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിലേക്ക് വെള്ളവും മണ്ണും ഇരച്ചുകയറി ഏഴുപേർ മരണപ്പെടുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടസമയത്ത് നിരവധി തൊഴിലാളികളാണ് തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടന്നത്.
വിഷ്ണുഗഡ്-പീപ്പൽക്കോട്ടി ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണത്തിലിരിക്കുന്ന 2 കിലോമീറ്റർ നീളമുള്ള തുരങ്കത്തിൽ ആണ് ദുരന്തമുണ്ടായത്. ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള ഷിഫ്റ്റിൽ ജോലി ചെയ്തിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.
കുടുങ്ങിയവരിൽ 20 പേരെ പുറത്തെത്തിച്ചു. ഇതിൽ 7 പേർ മരണപ്പെട്ടു. പരിക്കേറ്റ 13 പേരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാക്കി തൊഴിലാളികളെക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. പീപ്പൽക്കോട്ടി പ്രദേശത്തെ തെഹ്‌രി ഹൈഡ്രോ ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡിൻ്റെ പദ്ധതി പ്രദേശത്താണ് അപകടം നടന്നത്. ഹിന്ദുസ്ഥാൻ കൺസ്ട്രക്ഷൻ കമ്പനിയാണ് ഇതിന്റെ നിർമ്മാണ പ്രവർത്തനം നടത്തുന്നത്.
വ്യാഴാഴ്ച വൈകുന്നേരം 6:30 ഓടെയാണ് തുരങ്കത്തിനുള്ളിലേക്ക് വലിയ തോതിൽ വെള്ളവും അവശിഷ്ടങ്ങളും ഇരച്ചുകയറിയത്. ശക്തമായ ഒഴുക്കിന്റെ ആഘാതത്തിൽ പല തൊഴിലാളികളും തുരങ്കത്തിന്റെ പ്രവേശന കവാട ഭാഗത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം നടത്താൻ നിർദ്ദേശം നൽകുകയും, ആശുപത്രിയിൽ ചികിത്സയിലുള്ള തൊഴിലാളികളെ ഫോണിൽ വിളിച്ച് സംസാരിക്കുകയും ചെയ്തു









0 comments