യുപി പൊലീസ് മതപരിവർത്തന നിരോധന നിയമം ആയുധമാക്കുന്നു ; കടുത്ത വിമർശവുമായി സുപ്രീംകോടതി

ന്യൂഡൽഹി : യുപി പൊലീസ് ഏകപക്ഷീയമായാണ് പ്രവർത്തിക്കുന്നതെന്നും മതപരിവർത്തന നിരോധന നിയമം അനാവശ്യമായി ആയുധമാക്കുന്നുവെന്നും സുപ്രീംകോടതിയുടെ കടുത്ത വിമർശം. ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധത്തിന്റെ പേരിൽ പുരുഷനെതിരെ ബലാത്സംഗക്കുറ്റവും ഒപ്പം മതപരിവർത്തന നിരോധന നിയമവും ചുമത്തിയ കേസിലാണ് ഇടപെടൽ. എട്ടുമാസമായി പ്രതി ജയിലിലാണെന്നും വ്യാജകേസാണ് ചുമത്തിയതെന്നും പ്രതിയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.
വസ്തുതകൾ സ്വയം സംസാരിക്കുന്നുണ്ടെന്നും മതപരിവർത്തന നിയമം വെറുതെ പ്രയോഗിക്കുകയാണന്നും യുപി സർക്കാരിനെ രൂക്ഷമായി വിമർശിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ ബെഞ്ച് ആഞ്ഞടിച്ചു. രണ്ടാഴ്‌ചയ്‌ക്കുള്ളിൽ സത്യവാങ്‌മൂലം നൽകണം. പൊലീസ് പക്ഷപാതപരമായി പെരുമാറുകയാണ്. മതപരിവർത്തന നിയമം ചുമത്തിയത് തികച്ചും അനാവശ്യമാണ്–-ചീഫ് ജസ്റ്റിസ് പറഞ്ഞു. വിവാഹം ചെയ്‌ത് കുട്ടിയുള്ള യുവതിയാണ് പീഡനക്കുറ്റം ആരോപിച്ച് കേസ് നൽകിയത്. കേസ് ഇനി ഏപ്രിലിൽ കേൾക്കും.









0 comments