print edition 17-ന് നിവേദനം നൽകാൻ സംയുക്ത കിസാൻ മോർച്ച

ന്യൂഡൽഹി: കർഷകരുടെ ആവശ്യം രാജ്യത്തെ ഭരണാധികാരികളെ രേഖാമൂലം അറിയിക്കാൻ സംയുക്ത കിസാൻ മോർച്ച. ആഗസ്‌ത് 17ന് പ്രധാനമന്ത്രി, ലോക്‌സഭ പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രിമാർ, സംസ്ഥാന പ്രതിപക്ഷ നേതാക്കൾ, എംപിമാർ, എംഎൽഎമാർ എന്നിവർക്ക് എസ്‌കെഎം പ്രതിനിധി സംഘം നിവേദനം കൈമാറും. രാജ്യത്താകമാനം അന്ന് മാർച്ച് സംഘടിപ്പിക്കുമെന്നും എസ്‌കെഎം നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മുഴുവൻ സ്വതന്ത്ര്യ വ്യാപാര കരാറും പിൻവലിക്കുക, വിളകൾക്ക് താങ്ങുവില നൽകുക, കർഷക – തൊഴിലാളി കടം എഴുതിത്തള്ളുന്നതുൾപ്പെടെയുള്ള നടപടി സ്വീകരിക്കുക, നാല് തൊഴിൽകോഡും റദ്ദാക്കുക, തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിച്ച് കൂലി ഉയർത്തുക, വൈദ്യുതി മേഖല സ്വകാര്യവൽക്കരണ ബിൽ, വിത്തുബിൽ, ദേശീയ ഭക്ഷ്യ സുരക്ഷാ ഭേദഗതി നിയമം എന്നിവ പിൻവലിക്കുക, ബലപ്രയോഗത്തിലൂടെ കോർപറേറ്റുകൾക്ക് വേണ്ടിയുമുള്ള ഭൂമി ഏറ്റെടുക്കൽ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കർഷകർ ഉയർത്തുന്നത്.
നവംബർ 26ന് രാജ്യവ്യാപക സമരം ആരംഭിക്കും. ഒക്‌ടോബർ മൂന്നിന് സമര വളണ്ടിയർമാരെ തീരുമാനിക്കും. ആഗസ്‌ത് 10ന് ജയിൽ നിറയ്‌ക്കൽ, ട്രെയിൻ തടയൽ, റോഡ് ഉപരോധ സമരം എന്നിവ സംഘടിപ്പിക്കും. സംസ്ഥാന കൺവൻഷനുകൾ വിളിക്കും. കർഷകരുടെ യഥാർഥ പ്രശ്‌നം ജനങ്ങളുടെ മുന്നിലെത്തിക്കുന്നഎസ്‌കെഎം ദേശവിരുദ്ധരാണെന്ന പ്രചാരണമാണ് ആർഎസ്‌എസ് നടത്തുന്നതെന്നും എസ്‌കെഎം നേതാക്കളായ പി കൃഷ്ണപ്രസാദ്, രാജൻ ക്ഷീരസാഗർ, പുരുഷോത്തം ശർമ, സത്യവാൻ, അവിക് സാഹ, രെവുല വെങ്കയ്യ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.










0 comments