ad
Deshabhimani

വെള്ളമോ ആഹാരമോ ശമ്പളമോ ഇല്ല; കർണാടകയിൽ ക്രൂരമായ അടിമവേല: മലയാളി ഉൾപ്പെടെ 18 തൊഴിലാളികളെ മോചിപ്പിച്ചു

karnataka

AI പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Apr 18, 2026, 04:06 PM | 2 min read

ഹാസൻ : കർണാടകയിലെ ഹാസനിൽ കൃഷിയിടത്തിൽ അടിമകളാക്കി വെച്ചിരുന്ന 18 തൊഴിലാളികളെ പൊലീസ് സാഹസികമായി രക്ഷപ്പെടുത്തി. മോചിപ്പിക്കപ്പെട്ടവരിൽ കാസർകോട് പുത്തിഗെ സ്വദേശിയായ ഉദയനും കൊല്ലം സ്വദേശി അനിൽ കുമാറും ഉൾപ്പെടുന്നു. കർണാടക പൊലീസും റവന്യൂ വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഈ ക്രൂരത പുറംലോകം അറിഞ്ഞത്.


ഇവിടെ ഉണ്ടായിരുന്ന തൊഴിലാളികളിൽ ഒരാൾ കർണാടക സ്വദേശിയായ ഈരണ്ണ ഇവിടെനിന്ന് രക്ഷപ്പെട്ടിരുന്നു. തുടർന്ന് ഈരണ്ണയിലൂടെയാണ് ഇവിടെ തൊഴിലാളികൾ അടിമവേല ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊലീസിന് ലഭിച്ചത്. ഈരണ്ണയുടെ മാതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കർണാടക പൊലീസും റെവന്യൂ വകുപ്പും അന്വേഷണം നടത്തിയത്. പൂട്ടിയിട്ട നിലയിൽ കണ്ടെത്തിയ തൊഴിലാളികളെ ഉടൻ തന്നെ അവിടെ നിന്നും മാറ്റി. സംഭവത്തിൽ കൃഷിയിടത്തിന്റെ ഉടമയ്ക്കെതിരെ കർശനമായ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്.


കൃഷിയിടത്തോട് ചേർന്നുള്ള ഒരു ചെറിയ ഷെഡിൽ ഇവരെ പൂട്ടിയിടുകയായിരുന്നു പതിവ്. വൃത്തിഹീനമായ ഷെഡിൽ ഒന്നിച്ച് പൂട്ടിയിട്ട നിലയിലായിരുന്നു എല്ലാവരും. കഠിനമായി പണിയെടുപ്പിച്ചിട്ടും തൊഴിലാളികൾക്ക് അർഹമായ കൂലി നൽകിയിരുന്നില്ല. ആവശ്യത്തിന് കുടിവെള്ളം പോലും ഇവർക്ക് ലഭിച്ചിരുന്നില്ല. ദിവസം രണ്ട് നേരം മാത്രമാണ് വളരെ കുറഞ്ഞ അളവിൽ ഭക്ഷണം നൽകിയിരുന്നത്.


കാസർഗോഡ് നിന്നും ഉദയനെ കൊണ്ടുപോയത് കാപ്പിത്തോട്ടത്തിൽ ജോലി നൽകാം എന്ന വാഗ്ദാനം നൽകിയാണ്. 700 രൂപയും മൂന്നുനേരം ഭക്ഷണവും അതോടൊപ്പം തന്നെ താമസവും ലഭിക്കും എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ ഇവിടെ കൂലിയോ ഭക്ഷണമോ ലഭിച്ചിരുന്നില്ല. രണ്ടുനേരം ചോറ് മാത്രമാണ് ലഭിച്ചിരുന്നത്. കുടിവെള്ളം ഉൾപ്പെടെ ഇവിടെ ലഭിച്ചിരുന്നില്ല. പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ അടക്കം മതിയായ സഹചര്യം ഉണ്ടായിരുന്നില്ല.


രാവിലെ ആറു മണിക്ക് ഒരു വാഹനത്തിൽ ഇഞ്ചിത്തോട്ടത്തിലേക്ക് കൊണ്ടുപോകും. രാത്രി 7 മണി വരെ ജോലി ചെയ്യിച്ച ശേഷം ഇവിടെ എത്തിക്കും. അതിനുശേഷം ഒരു ഷെഡിനകത്ത് എല്ലാ തൊഴിലാളികളെയും പൂട്ടിയിടുകയായിരുന്നു എന്നാണ് രക്ഷപ്പെട്ടെത്തിയ മലയാളി ഉൾപ്പെടെ പറയുന്നത്.


ഒരു കുടുംബത്തിന്റെ കീഴിലുള്ള കൃഷിത്തോട്ടത്തിലായിരുന്നു ഇവർ ജോലി ചെയ്തിരുന്നത്. ഇവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചാൽ വലിയ രീതിയിലുള്ള മർദനത്തിന് ഇരയാകും. വലിയ രീതിയിൽ മർദിക്കുമായിരുന്നുവെന്നും കൃത്യമായി ജോലി ചെയ്തില്ലെങ്കിലും മർദിക്കുമായിരുന്നെന്നും എന്നും ഇവർ പറയുന്നു. ഉദയൻ ഒരു വർഷം മുമ്പാണ് ഈ തോട്ടത്തിൽ എത്തിയത്. എന്നാൽ അഞ്ചും ആറും വർഷം തൊഴിലെടുത്ത മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ആളുകൾ ഇവിടെ ഉണ്ടായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home