സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു: ഈ സൈറ്റുകളില്‍ അറിയാം

ന്യൂഡൽഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു.93.70 ശതമാനമാണ് വിജയം. 24.71 (2471777) ലക്ഷം പേർ പരീക്ഷയെഴുതി. 23.16 (2316008) ലക്ഷം പേർ പാസായി. കഴിഞ്ഞ വർഷം 93.66 ശതമാനമായിരുന്നു വിജയം. 99.79 ശതമാനം വിജയം നേടിയ തിരുവനന്തപുരം മേഖല രാജ്യത്ത് ഒന്നാമതെത്തി. 85.32 ശതമാനം വിജയം നേടിയ ഗുവാഹത്തി മേഖലയാണ് ഏറ്റവും പിന്നിൽ.

results.cbse.nic.in, cbse.nic.in, cbseresults.nic.in, digilocker.gov.in, results.gov.in തുടങ്ങിയ വെബ്‌സൈറ്റുകളിൽ ഫലം ലഭ്യമാണ്. ഏകദേശം 25 ലക്ഷം വിദ്യാർഥികളാണ് ഫെബ്രുവരി 17 മുതൽ മാർച്ച് 11 വരെ നടന്ന ഈ പരീക്ഷയിൽ പങ്കെടുത്തത്.
ഗൾഫ് മേഖലയിലെ വിദ്യാർത്ഥികൾക്കായി പ്രത്യേകമായി ഫലം പ്രസിദ്ധീകരിക്കില്ലെന്നും, മറ്റെല്ലാ വിദ്യാർത്ഥികൾക്കുമൊപ്പം തന്നെ ഇവരുടെ ഫലവും പുറത്തുവിടുമെന്നും സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ അറിയിച്ചിരുന്നു. യുദ്ധസമാനമായ സാഹചര്യത്തെത്തുടർന്ന് ബഹ്‌റൈൻ, ഇറാൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിൽ നടത്താനിരുന്ന ബാക്കി പരീക്ഷകൾ ബോർഡ് റദ്ദാക്കിയിരുന്നു. ഫെബ്രുവരി 17 മുതൽ 28 വരെ നടന്ന പരീക്ഷകൾ വിജയകരമായി പൂർത്തിയാക്കിയതായും അതിനുശേഷം മുടങ്ങിയ പരീക്ഷകൾക്ക് പ്രത്യേക മൂല്യനിർണ്ണയ രീതി നടപ്പിലാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
നാല് വിഷയങ്ങളിൽ പരീക്ഷ എഴുതിയവർക്ക് മികച്ച മാർക്ക് ലഭിച്ച മൂന്ന് വിഷയങ്ങളുടെ ശരാശരി എടുത്ത് ബാക്കിയുള്ള പരീക്ഷകൾക്ക് മാർക്ക് നൽകും. മൂന്ന് വിഷയങ്ങളിൽ പരീക്ഷ എഴുതിയവർക്ക് മികച്ച രണ്ട് വിഷയങ്ങളുടെ ശരാശരി മാർക്ക് കണക്കാക്കും. രണ്ട് വിഷയങ്ങൾ മാത്രം എഴുതിയവർക്ക് ആ രണ്ട് വിഷയങ്ങളുടെ ശരാശരി മാർക്ക് മറ്റ് വിഷയങ്ങൾക്ക് ബാധകമാക്കും.










0 comments