ചരിത്രത്തിന്റെ വ്യാജ നിർമിതി
print edition സംഘപരിവാര്‍ ഉപയോഗിക്കുന്നത് ബ്രിട്ടീഷ് ആയുധം : മുഖ്യമന്ത്രി

തിരുവനന്തപുരം
വിദ്വേഷ നിര്‍മിതിക്കുള്ള ഉപാധിയായിട്ടാണ് ചരിത്രത്തെ വര്‍ത്തമാനകാലത്ത് ഉപയോഗിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബ്രിട്ടീഷ് ഭരണകാലത്തും ഇതേ സമീപനമായിരുന്നു. ജയിംസ് മില്ലിന്റെ ഹിസ്റ്ററി ഓഫ് ബ്രിട്ടീഷ് ഇന്ത്യ എന്ന പുസ്തകത്തില്‍ ഇത് വ്യക്തമാണ്. ഹിന്ദു– മുസ്ലിം – ബ്രിട്ടീഷ് നാഗരികത എന്ന് മൂന്നായി വേര്‍തിരിച്ച് കാണിച്ചു. ബ്രിട്ടനെതിരെ നില്‍ക്കുന്നവരെ വംശീയമായി ചിത്രീകരിക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം. ഇതേ ആയുധമാണ് സംഘപരിവാറും ഉപയോഗിക്കുന്നത്. കേരള ചരിത്ര കോണ്‍ഗ്രസിന്റെ (കെഎച്ച്സി) പത്താമത് വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്നും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളായിരുന്നു സാമ്രാജ്യത്വവും സംഘപരിവാറും. ബ്രിട്ടന് വിധേയപ്പെട്ടവരും മാപ്പെഴുതി നല്‍കിയ പാദസേവകരുമായിരുന്നു സംഘപരിവാര്‍. ആ ജാള്യം മറയ്ക്കാനാണ് ചരിത്രത്തെ വളച്ചൊടിക്കുന്നത്.
ചരിത്രത്തിന്റെ വ്യാജനിര്‍മിതിക്കായി ഭരണത്തിന്റെ ശക്തി ഉപയോഗിക്കുന്നു. പ്രത്യേക മതവിഭാഗത്തിനേ രാജ്യത്തെ സംരക്ഷിക്കാന്‍ കഴിയൂ എന്ന പ്രതീതി സൃഷ്ടിക്കുന്നു. ചരിത്രസ്മാരകങ്ങള്‍, ന്യൂനപക്ഷ ആരാധനാലയങ്ങള്‍ എന്നിവയെല്ലാം പ്രത്യേക മതത്തിന് മാത്രമുള്ളതാണെന്നും മുഗള്‍ ഭരണകാലത്ത് ഇതെല്ലാം മാറ്റിയതാണെന്നും അവകാശപ്പെട്ടു. ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാന്‍ എന്ന മുദ്രാവാക്യം സാക്ഷാൽക്കരിക്കാനുള്ള ഉപാധിയായി വിദ്യാഭ്യാസത്തെയും മാറ്റുന്നു. വിദ്യാഭ്യാസത്തെ മതവൽക്കരിച്ച്, അക്കാദമിക സ്ഥാപനങ്ങളുടെ മതനിരപേക്ഷത ചോര്‍ത്തിക്കളഞ്ഞ് വര്‍ഗീയതയുടെ രാഷ്ട്രീയം നിറയ്ക്കുകയാണ്. അതിന്റെ ഫലമായി മതനിരപേക്ഷ വിദ്യാഭ്യാസത്തിന്റെ വക്താക്കളാകേണ്ട അധ്യാപകര്‍ ജാത്യാധിക്ഷേപം നടത്തുന്ന സ്ഥിതിയുണ്ടായി.
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടക്കുന്ന ജാത്യാധിക്ഷേപത്തില്‍ ആത്മഹത്യ ചെയ്യുന്നവരുടെയും പഠനം നിര്‍ത്തുന്നവരുടെയും എണ്ണം കൂടിയെന്നും അദ്ദേഹം പറഞ്ഞു.
വഴുതക്കാട് ഗവ. വനിതാകോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കെഎച്ച്സി പ്രസിഡന്റ് പ്രൊഫ. വി കാര്‍ത്തികേയന്‍ നായര്‍ അധ്യക്ഷനായി. വി കെ പ്രശാന്ത് എംഎല്‍എ, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി ഉമാജ്യോതി, കെഎച്ച്സി ജനറല്‍ സെക്രട്ടറി ഡോ. ടി മുഹമ്മദാലി, ട്രഷറര്‍ റോബിന്‍സണ്‍ ജോസ്, ഡോ. കെ സ്വപ്നകുമാര്‍ എന്നിവര്‍ സംസാരിച്ചു. ഡോ. റോബിന്‍സണ്‍ ജോസിന്റെ ‘മനുഷ്യാവകാശ പോരാട്ടങ്ങളും ചട്ടങ്ങളും’ എന്ന പുസ്തകം മുഖ്യമന്ത്രി പ്രകാശിപ്പിച്ചു.








0 comments