മുഖ്യമന്ത്രി ഇന്നും നാളെയും യുഎഇയിൽ പ്രവാസികളുമായി സംവദിക്കും
print edition പ്രവാസികൾ കേരളത്തെ വികാരമായി കൊണ്ടുനടക്കുന്നവർ : മുഖ്യമന്ത്രി

കുവൈത്തിലെ മൻസൂരിയ അൽ അറബി ഇൻഡോർ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രവാസി സംഗമം ഉദ്‌ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി
കേരളത്തെ വികാരമായി കൊണ്ടുനടക്കുന്നവരാണ് ലോകത്താകെയുള്ള പ്രവാസി മലയാളികളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഗൾഫ് പര്യടനത്തിൽ ലഭിച്ച ഉജ്വല സ്വീകരണങ്ങൾ കേരളത്തെക്കുറിച്ചുള്ള പ്രവാസികളുടെ കരുതലിന്റെയും പ്രതീക്ഷയുടെയും പ്രതിഫലനമാണെന്നും മുഖ്യമന്ത്രി കുവൈത്തിൽ പറഞ്ഞു. മൻസൂരിയ അൽ അറബി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പ്രവാസി സംഗമം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ വിവിധ ഭാഗത്തുനിന്ന് ആയിരക്കണക്കിന് ആളുകൾ പരിപാടിയിൽ പങ്കെടുത്തു.
നാടിനെ മാറ്റണമെന്ന ദൗത്യമാണ് 2016ൽ ജനത എൽഡിഎഫ് സർക്കാരിനെ ഏൽപ്പിച്ചത്. കഴിഞ്ഞ ഒന്പതര വര്‍ഷത്തിൽ കേരളം എല്ലാ മേഖലയിലും വലിയ വളർച്ച നേടി. 2016–21 ഘട്ടത്തില്‍ ആരംഭിച്ച വികസന പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ നടപ്പാക്കാന്‍ തുടര്‍ഭരണത്തിലൂടെ സാധിച്ചു. വികസനം എല്ലായിടത്തും എത്തണമെന്നതാണ് കേരളത്തിലെ എൽഡിഎഫ് സർക്കാരിന്റെ നയം. കേരളം മുമ്പുതന്നെ രാജ്യത്തിന്റെയും ലോകത്തിന്റെയും ശ്രദ്ധ പിടിച്ചുപറ്റിയ നാടാണ്. അതിന്റെ ഭാഗമായാണ് കേരള മോഡൽ എന്ന പ്രയോഗം തന്നെയുണ്ടായതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മലയാളം മിഷൻ കുവൈത്ത് ചാപ്റ്റർ സെക്രട്ടറി ജെ സജി അധ്യക്ഷനായി. മന്ത്രി സജി ചെറിയാൻ, ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സഞ്ജയ് മുലൂക്ക, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, നോർക്ക റൂട്ട്‌സ് വൈസ് ചെയർമാൻ എം എ യൂസഫലി, സംഘാടക സമിതി ചെയർമാൻ ഡോ. അമീർ അഹമ്മദ്, കല കുവൈത്ത് ജനറൽ സെക്രട്ടറി ടി വി ഹിക്‌മത്ത്, ലോക കേരള സഭ അംഗം മണിക്കുട്ടൻ എടക്കാട്ട് എന്നിവർ സംസാരിച്ചു. ശനിയും ഞായറും മുഖ്യമന്ത്രി യുഎഇയിൽ പ്രവാസികളുമായി സംവദിക്കും. ഞായറാഴ്‌ച അബുദാബി സിറ്റി ഗോൾഫ് ക്ലബ്ബിൽ നടക്കുന്ന ‘മലയാളോത്സവ’ത്തിലും അദ്ദേഹം പങ്കെടുക്കും. ബഹ്റൈൻ, ഒമാൻ, ഖത്തർ എന്നീ രാജ്യങ്ങളിലെ സന്ദർശനം പൂർത്തീകരിച്ചിരുന്നു.








0 comments