രാജ്യത്ത് കാര്‍ ടി സെല്‍ തെറാപ്പി നല്‍കുന്ന രണ്ടാമത്തെ സര്‍ക്കാര്‍ സ്ഥാപനം: എംസിസിയിൽ കാര്‍ ടി സെല്‍ തെറാപ്പി വിജയം

malabar cancer centre
വെബ് ഡെസ്ക്

Published on Mar 18, 2025, 09:20 PM | 2 min read

തിരുവനന്തപുരം: മലബാര്‍ കാന്‍സര്‍ സെന്റര്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സ് ആന്റ് റീസര്‍ച്ചിന് കാര്‍ ടി സെല്‍ തെറാപ്പിയില്‍ (CAR T Cell Therapy) അഭിമാനകരമായ നേട്ടം. എംസിസിയില്‍ രാജ്യത്ത് തന്നെ സര്‍ക്കാര്‍ തലത്തില്‍ രണ്ടാമതായി ആരംഭിച്ച കാര്‍ ടി സെല്‍ തെറാപ്പി വിജയം. 5 രോഗികള്‍ക്കാണ് കാര്‍ ടി ചികിത്സക്ക് ആവശ്യമായ ടി സെല്‍ ശേഖരണം നടത്തിയത്. ഇതില്‍ 3 പേരുടെ ചികിത്സ പൂര്‍ത്തീകരിച്ചു. ഈ അഞ്ചുപേരില്‍ 3 പേര്‍ക്ക് ബി അക്യൂട്ട് ലിംഫോബ്ളാസ്റ്റിക് ലുക്കീമിയ എന്ന രോഗമായിരുന്നു. അതില്‍ തന്നെ ഒരാളുടെ അസുഖം മജ്ജമാറ്റിവക്കല്‍ ചികിത്സയ്ക്ക് ശേഷം തിരിച്ചുവന്ന അവസ്ഥയിലായിരുന്നു. 16, 19, 20 വയസ് പ്രായമുള്ള രോഗികളായിരുന്നു ഇവരെല്ലാം. ബി നോണ്‍ ഹോഡ്കിന്‍സ് ലിംഫോമ എന്ന രോഗമായിരുന്നു മറ്റ് രണ്ടുപേര്‍ക്കും. രണ്ട് തരം അതിശക്തമായ കീമോതെറാപ്പി പരാജയപ്പെട്ട രോഗമായിരുന്നു. ഇവര്‍ക്കാണ് കാര്‍ ടി ചികിത്സ സഹായകരമായത്.


സാധാരണക്കാര്‍ക്കും ലോകോത്തര അത്യാധുനിക ചികിത്സകള്‍ ലഭ്യമാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അതിന്റെ ഭാഗമായാണ് റോബോട്ടിക് സര്‍ജറി, കാര്‍ ടി സെല്‍ തുടങ്ങിയ അത്യാധുനിക ചികിത്സകള്‍ സാധ്യമാക്കിയത്. രാജ്യത്തിന് അഭിമാനകരമായ നേട്ടം കൈവരിച്ച ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള എംസിസിയിലെ മുഴുവന്‍ ടീം അംഗങ്ങളേയും മന്ത്രി അഭിനന്ദനം അറിയിച്ചു.


പ്രതിരോധ കോശങ്ങള്‍ കൊണ്ട് കാന്‍സറിനെ ചികിത്സിക്കുന്നതാണ് കാര്‍ ടി സെല്‍ തെറാപ്പി. മനുഷ്യ ശരീരത്തിലെ രോഗ പ്രതിരോധം ഉറപ്പാക്കുന്ന ഒരു തരം വെളുത്ത രക്താണുക്കളാണ് ടി സെല്ലുകള്‍. കാര്‍ ടി സെല്‍ ചികിത്സാ രീതിയില്‍ ഈ ലിംഫോസൈറ്റുകളെ രോഗിയില്‍ നിന്നും ശേഖരിച്ച ശേഷം അവയെ പ്രത്യേകം സജ്ജീകരിച്ച ലബോറട്ടറിയില്‍ വെച്ച് ജനിതക പരിഷ്‌കരണം നടത്തുന്നു. ജനിതകമാറ്റം വരുത്തിയ കോശങ്ങള്‍ രോഗിയില്‍ തിരികെ പ്രവേശിപ്പിക്കുന്നു. ഇത് ട്യൂമര്‍ കോശങ്ങളെ നശിപ്പിക്കുന്നു. ട്യൂമറിനെതിരായ ഏറ്റവും ഫലപ്രദമായ തെറാപ്പികളില്‍ ഒന്നാണിത്.


ആരോഗ്യമുള്ള കോശങ്ങളെ നശിപ്പിക്കാതെ കാര്‍ ടി സെല്ലുകള്‍ പ്രത്യേകമായി കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്നു. മാറാത്ത രക്താര്‍ബുദങ്ങള്‍ക്ക് ഏറെ ഫലപ്രദമാണിത്. പരമ്പരാഗത കീമോതെറാപ്പി അല്ലെങ്കില്‍ റേഡിയേഷന്‍ തെറാപ്പി എന്നിവയില്‍ നിന്ന് വ്യത്യസ്തമായി കാര്‍ ടി സെല്‍ തെറാപ്പി സാധാരണയായി ഒറ്റത്തവണ ചികിത്സയാണ്. പരമ്പരാഗത കാന്‍സര്‍ ചികിത്സകളെ അപേക്ഷിച്ച് കാര്‍ ടി സെല്‍ തെറാപ്പിക്ക് പാര്‍ശ്വഫലങ്ങള്‍ കുറവായിരിക്കും. രോഗ ലക്ഷണങ്ങള്‍ കുറയ്ക്കുകയും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നതിലൂടെ രോഗികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ കാര്‍ ടി സെല്‍ തെറാപ്പിക്ക് കഴിയും. കാര്‍ ടി സെല്‍ തെറാപ്പിയുടെ ആശുപത്രിവാസ സമയം താരതമ്യേന കുറവാണ്. ആശുപത്രി വാസമില്ലാതെയും ഇത് നല്‍കാന്‍ സാധിക്കും.


സാധാരണ നിലയില്‍ 50 ലക്ഷത്തോളം രൂപ വരുന്ന ജനിതക പരിഷ്‌കരണമാണ് 'പേഷ്യന്റ് അസ്സിസ്റ്റന്‍സ് പ്രോഗ്രം' വഴി 30 ലക്ഷം രൂപയ്ക്ക് ലഭ്യമാക്കിയത്. വിവിധ സര്‍ക്കാര്‍ പദ്ധതികളുള്‍പ്പെടെ ചികിത്സയ്ക്ക് സഹായമാക്കുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home