print edition പൊലീസ് ജീപ്പിൽനിന്ന് മദ്യക്കുപ്പി; രക്തപരിശോധനാ ഫലം വൈകുന്നു

വാഹനത്തില്‍ നടത്തിയ പരിശോധനയില്‍ കിട്ടിയ ചീട്ടും പുകയില ഉല്‍പ്പന്നവും
തൊടുപുഴ : പൊലീസ് ജീപ്പിൽനിന്ന് മദ്യക്കുപ്പിയും പുകയില ഉൽപ്പന്നവും ചീട്ടും കണ്ടെടുത്ത സംഭവത്തിൽ കരിമണ്ണൂർ എസ്ഐ എൻ എസ് റോയിയുടെയും സിപിഒ ജിജോ ആന്റണിയുടെയും രക്ത പരിശോധനാ ഫലം വൈകുന്നു. രണ്ട് ദിവസത്തിനകം ലഭിക്കുമെന്ന് പറഞ്ഞ ഫലം ഇനിയും ലഭ്യമായില്ലെന്നാണ് പൊലീസ് പറയുന്നത്. തിങ്കൾ പകൽ തന്നെ എസ്ഐ എൻ എസ് റോയിയുടെയും സിപിഒ ജിജോ ആന്റണിയുടെയും രക്ത സാമ്പിളുകൾ കാക്കനാട് റീജണൽ കെമിക്കൽ എക്സാമിനേഴ്സ് ലാബിലേക്ക് അയച്ചിരുന്നു. തിങ്കൾ, ചൊവ്വ, ബുധൻ പിന്നിടുമ്പോഴും ഫലമില്ല. പകൽ മുഴുവൻ ഫലത്തിനായി ആളെ കാക്കനാട്ടേക്ക് അയച്ചിട്ടുണ്ടെന്ന് പറഞ്ഞാണ് പൊലീസ് ഉഴപ്പിയത്. റിപ്പോർട്ട് വരാതെ വകുപ്പ്തല നടപടിയടക്കം ഒന്നിനും സാധ്യമല്ലെന്നും പറയുന്നു.
അതേസമയം പൊലീസ് വാഹനത്തിൽ മദ്യക്കുപ്പി എങ്ങനെ വന്നുവെന്ന് വ്യക്തതയില്ലെന്ന് കരിമണ്ണൂർ പൊലീസ് പറഞ്ഞു. ഇത് സംബന്ധിച്ച രേഖകളൊന്നും ലഭ്യമല്ല. വാഹനത്തിലും ഇത്തരമൊരു രേഖയില്ലെന്ന് വാഹനം പരിശോധിച്ച തൊടുപുഴ സിഐ സിജോ വർഗീസ് വ്യക്തമാക്കിയിരുന്നു. കരിമണ്ണൂർ സ്റ്റേഷനിൽനിന്ന് തൊടുപുഴ ഡിവൈഎസ്‍പി റിപ്പോർട്ട് തേടിയിരുന്നു. ഇരുവരുടെയും ആശുപത്രിക്കുള്ളിലെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
എഫ്ഐആറിൽ ഹാൻസ്
ജീപ്പിൽനിന്ന് കിട്ടിയത് വിൽക്കാവുന്ന പുകയിലയാണെന്ന് പലതവണ പറഞ്ഞ സിഐ പക്ഷേ നാട്ടുകാർക്കെതിരെ എസ്ഐയുടെ പരാതിയിൽ തയ്യാറാക്കിയ എഫ്ഐആറിൽ ഹാൻസ് എന്ന് കൃത്യമായി പരാമർശിച്ചിട്ടുണ്ട്. ഇത് നിരോധിത പുകയില ഉൽപ്പന്നമാണ്. ഇരുവരുടെയും വാഹനം തടഞ്ഞ നാട്ടുകാർക്കും പൊതുപ്രവർത്തകർക്കുമെതിരെയാണ് കേസെടുത്തിട്ടുള്ളത്.










0 comments