'കമ്യൂണിസ്റ്റ് സ്ഥൈര്യത്തിന്റെ മാതൃക'; കൂത്തുപറമ്പ് സമരപോരാളി പുഷ്പന്റെ സമഗ്രജീവചരിത്രം പ്രകാശനം ചെയ്തു

തിരുവനന്തപുരം: കൂത്തുപറമ്പ് സമരപോരാളി പുതുക്കുടിയിൽ പുഷ്പന്റെ സമഗ്രജീവചരിത്രം 'സഖാവ് പുഷ്പൻ' പ്രകാശനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആദ്യപ്രതി ഏറ്റുവാങ്ങി. കമ്യൂണിസ്റ്റ് സ്ഥൈര്യത്തിന്റെ ഉത്തമയായ മാതൃകയാണ് പുഷ്പനെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാ ഘട്ടങ്ങളിലും പുഷ്പനെ സന്തോഷവാനായേ കണ്ടിട്ടുള്ളു. അതാണ് പുഷ്പന്റെ പ്രത്യേകത. ഒരു ഘട്ടത്തിലും പുഷ്പനെ തളർന്ന് കണ്ടിട്ടില്ല. അദ്ദേഹത്തെ കുറിച്ച് പുസ്തകം തയാറാക്കാൻ മുൻകൈയെടുത്തവരെ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
പുഷ്പനുമായി ദീർഘകാലം അടുത്തിടപഴകിയ ഭാനുപ്രകാശാണ് പുസ്‌തകം രചിച്ചത്. മുഖ്യമന്ത്രിയുടെ അവതാരികയോടെ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയുടെ യുവധാര പബ്ലിക്കേഷൻസാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. കൂത്തുപറമ്പിൽ ചോരയിലമർന്ന കെ കെ രാജീവൻ, മധു, ബാബു, കെ വി റോഷൻ, ഷിബുലാൽ എന്നീ അഞ്ച് രക്തസാക്ഷികളുടെ ജീവിതവും സ്വപ്നങ്ങളും മുപ്പതിലേറെ അധ്യായങ്ങളുള്ള പുസ്തകത്തിലുണ്ട്. ഫാസിസ്റ്റുകളുടെ കൊലക്കത്തിക്കിരയായ കെ വി സുധീഷ്, മാമൻ വാസു തുടങ്ങിയവരുടെ ജീവിതവും പ്രതിപാദിക്കപ്പെടുന്നു. മൂന്നുഭാഗങ്ങളിലായി മുന്നൂറ്റി അൻപതിലേറെ പേജുള്ള പുസ്തകത്തിൽ ദേശാഭിമാനി ഫോട്ടോഗ്രാഫറായിരുന്ന കെ മോഹനൻ പകർത്തിയതുൾപ്പെടെ നൂറിലേറെ ചിത്രങ്ങൾ ചേർത്തിട്ടുണ്ട്. സൈനുൽ ആബിദ് ഡിസൈൻ ചെയ്ത പുസ്തകം രണ്ടു കവർചിത്രങ്ങളിൽ ലഭ്യമാകും.
Related News
പ്രകാശന ചടങ്ങിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ജയരാജൻ, എ എ റഹിം എംപി, ഭാനുപ്രകാശ്, ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, പ്രസിഡൻ്റ് വി വസീഫ്, എം ഷാജർ, ചിന്ത ജെറോം എന്നിവർ പങ്കെടുത്തു.









0 comments