Deshabhimani

print edition 1980കളിലെ സാരിയും ഇന്നത്തെ സ്ത്രീയും

women
avatar
ഡോ. കീർത്തിപ്രഭ

Published on Sep 20, 2026, 01:30 AM | 2 min read

സമൂഹമാധ്യമത്തിൽ ഇപ്പോൾ 1980കളുടെ നിറമാണ്. പഴയ സിനിമകളെ ഓർമിപ്പിക്കുന്ന സാരികൾ, വലിയ പൊട്ടുകൾ, നീണ്ട മുടി, വലിയ കമ്മലുകൾ, പഴയകാല പശ്ചാത്തലങ്ങൾ. സ്വന്തം ചിത്രങ്ങളെ എൺപതുകളിലേക്ക് തിരികെ കൊണ്ടുപോകാനുള്ള കൗതുകത്തിലാണ് സമൂഹമാധ്യമം. ഒരിക്കൽ ജീവിച്ച കാലത്തെ, സാങ്കേതികവിദ്യ ഉപയോഗിച്ച് വീണ്ടും സൃഷ്ടിക്കുകയാണ്.

പക്ഷേ, ഈ ചിത്രങ്ങൾ ശ്രദ്ധിച്ചുനോക്കിയാൽ ഒരു ചോദ്യംകൂടി ഉയരും. നമ്മൾ തിരിച്ചുകൊണ്ടുവരുന്നത് ഒരു കാലത്തിന്റെ വസ്ത്രധാരണം മാത്രമാണോ? അതോ ആ കാലത്തിന്റെ സൗന്ദര്യസങ്കൽപ്പങ്ങളെയുംകൂടിയാണോ?


​1980കളിലെ സാരി വീണ്ടും ഫാഷനബിളാകുമ്പോൾ, അന്നത്തെ സ്ത്രീയെ സമൂഹം എങ്ങനെയാണ് കാണാൻ ആഗ്രഹിച്ചിരുന്നതെന്നുകൂടി ഓർക്കേണ്ടിവരും. അന്ന് സാരി പലപ്പോഴും സ്ത്രീയുടെ സ്വഭാവത്തിന്റെ അടയാളംകൂടിയായിരുന്നു. സാരിയണിഞ്ഞ സ്ത്രീയെ ‘കുടുംബസ്ത്രീ’യായും മറ്റൊരു വേഷത്തിലുള്ള സ്ത്രീയെ ‘മോഡേണാ’യോ ‘വ്യത്യസ്ത’യായോ വായിക്കുന്ന സാമൂഹികകാഴ്ചപ്പാട് സിനിമകളിലും നിലനിന്നിരുന്നു. വസ്ത്രധാരണം സ്ത്രീയുടെ സ്വഭാവത്തെ നിർവചിക്കുന്ന ഭാഷയായിരുന്നു.


1980-ലെ മലയാളസിനിമയിൽ വസ്ത്രധാരണംപോലും സ്ത്രീയെ ‘നല്ല സ്ത്രീ/ആധുനിക സ്ത്രീ’ എന്നിങ്ങനെ വേർതിരിക്കാൻ ഉപയോഗിച്ചിരുന്നുവെന്ന നിരീക്ഷണങ്ങളുണ്ട്. അതേസമയം, ആ കാലത്തെ സിനിമയിൽ ശക്തമായ സ്ത്രീകഥാപാത്രങ്ങളും ഉണ്ടായിരുന്നു. സമൂഹമാധ്യമത്തിലെ 80കളിലെ എഐ ട്രെൻഡിലും സാരി, വലിയ ആഭരണങ്ങൾ, പഴയ മുടിയുടെ സ്റ്റൈൽ തുടങ്ങിയവ വീണ്ടും ജനപ്രിയമാകുന്നുണ്ട്.


അതിനൊപ്പംതന്നെ, ആ കാലത്തെ സിനിമയിലെ സ്ത്രീകളെ ഓർക്കുമ്പോൾ മറ്റൊന്നുകൂടി ശ്രദ്ധയിൽപ്പെടും; അവരുടെ ശരീരങ്ങൾ. ഇന്നത്തെ ‘തികഞ്ഞ ശരീരഘടന’ എന്ന നിർവചനത്തിൽ ഒതുങ്ങാത്ത പല ശരീരങ്ങളും അന്ന് സിനിമയുടെ വെള്ളിത്തിരയിൽ സ്വാഭാവികമായി ഉണ്ടായിരുന്നു. നായികമാർക്ക് ഒരേതരത്തിലുള്ള ശരീരവടിവ് വേണമെന്ന നിർബന്ധം ഇന്നത്തെപ്പോലെ ശക്തമായിരുന്നില്ല.

നായകന്മാരുടെ കാര്യത്തിലും ഇതുതന്നെ. അന്നത്തെ നായകന്മാരുടെ ശരീരങ്ങളിൽ ഒരു സ്വാഭാവികത ഉണ്ടായിരുന്നു.


ശരീരം കഥാപാത്രത്തിന്റെ ഭാഗമായിരുന്നു. ​ഇന്ന് സമൂഹമാധ്യമം ഓരോരുത്തരെയും ഒരു ചെറിയ ‘പ്രദർശനജാലക’മാക്കി മാറ്റിയിരിക്കുന്നു.

ഇതിനിടയിലാണ് 1980കളിലെ ഒരു സാരി ധരിച്ച ചിത്രം നമ്മോട് പറയുന്നത്: സുന്ദരിയാകാൻ ഇത്രയും തിരുത്തലുകൾ ആവശ്യമില്ലായിരുന്നു. എന്നാൽ, ആ കാലത്തെ മുഴുവൻ ആദർശവൽക്കരിക്കാനും കഴിയില്ല.


കാരണം അന്നും സ്ത്രീയുടെ ശരീരം സമൂഹത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ‘നല്ല സ്ത്രീ’ എങ്ങനെ വസ്ത്രം ധരിക്കണം, എങ്ങനെ പെരുമാറണം, എത്രത്തോളം സ്വതന്ത്രയാകണം എന്നൊക്കെയുള്ള അളവുകോലുകൾ ശക്തമായിരുന്നു.

​അതിനാൽ 1980കളെ തിരികെ കൊണ്ടുവരുമ്പോൾ സാരിയെമാത്രം തിരികെ കൊണ്ടുവരാം. പക്ഷേ, സ്ത്രീയെ വിലയിരുത്തിയിരുന്ന പഴയ കണ്ണുകളെ തിരികെ കൊണ്ടുവരേണ്ടതില്ല. ഇന്നത്തെ സ്ത്രീയുടെ വലിയ മാറ്റം അതാണ്.


അവൾ സാരി ധരിക്കുന്നുവെങ്കിൽ അത് ‘നല്ല പെൺകുട്ടി’യായിരിക്കാനുള്ള സർട്ടിഫിക്കറ്റ് അല്ല.ജീൻസ് ധരിക്കുന്നുവെങ്കിൽ അത് ‘മോഡേണാ’ണെന്ന പ്രഖ്യാപനവുമല്ല. സാരി ഇഷ്ടമാണെങ്കിൽ അത് വ്യക്തിപരമായ തെരഞ്ഞെടുപ്പാണ്. വെസ്റ്റേൺ ഡ്രസ് ഇഷ്ടമാണെങ്കിലും അതും അവളുടെ തെരഞ്ഞെടുപ്പാണ്. വസ്ത്രം അവളുടെ സ്വഭാവത്തിന്റെ തെളിവല്ല. അത് അവളുടെ വ്യക്തിത്വവും സ്വയംപ്രകടനവും തെരഞ്ഞെടുക്കാനുള്ള അവകാശമാണ്.ഒരുപക്ഷേ അതുകൊണ്ടുതന്നെയാണ് ഇന്നത്തെ സ്ത്രീ 1980കളിലെ സാരി വീണ്ടും ധരിക്കുന്നത്.


ആ കാലത്തേക്ക് മടങ്ങിപ്പോകാൻ ആഗ്രഹിക്കുന്നതുകൊണ്ടല്ല. ​കാലം തിരിച്ചുപോകുന്നില്ല. ഓർമകൾമാത്രമാണ് പുതിയ അർഥങ്ങളോടെ തിരിച്ചുവരുന്നത്. 1980കളിലെ നായികമാരുടെ സൗന്ദര്യത്തെ ഓർക്കുമ്പോൾ അവരുടെ ശരീരവടിവുമാത്രം ഓർക്കേണ്ടതില്ല. അവരുടെ കഥാപാത്രങ്ങളെയും ഓർക്കണം. ​കാരണം അക്കാലത്തെ സ്ത്രീകൾക്ക് നമ്മൾ ഇന്ന് കാണുന്നത്ര തെരഞ്ഞെടുപ്പുകൾക്കുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ലെങ്കിലും അവർ ജീവിച്ച കഥകളാണ് ഇന്നത്തെ സ്ത്രീയുടെ സ്വാതന്ത്ര്യത്തിനുപിന്നിലെ പല പടികളും. അതുപോലെ, അന്നത്തെ നായകന്മാരുടെ ശരീരത്തെ ഇന്നത്തെ ജിം ശരീരങ്ങളുമായി താരതമ്യം ചെയ്യേണ്ടതുമില്ല.


ഒരുകാലത്ത് ശരീരം കഥാപാത്രത്തിന്റെ ഭാഗമായിരുന്നു. ഇന്ന് പലപ്പോഴും ശരീരംതന്നെ ഒരു ഉൽപ്പന്നമായി മാറുന്നു. ഇത് നല്ലതോ ചീത്തയോ എന്ന് വിധിക്കേണ്ടതില്ല. പക്ഷേ, ചോദിക്കേണ്ട ഒരു ചോദ്യം തീർച്ചയായുമുണ്ട്: സൗന്ദര്യം നമ്മൾ സ്വന്തമായി നിർവചിക്കുന്നതാണോ അതോ ഓരോ കാലവും നമ്മളെ പഠിപ്പിക്കുന്നതാണോ? 1980കളിലെ സാരി വീണ്ടും ട്രെൻഡാകുമ്പോൾ ഒരുപക്ഷേ, നമ്മൾ തിരികെ കൊണ്ടുവരേണ്ടത് ആ സാരിയുടെ ഭംഗിമാത്രമല്ല. സ്വാഭാവികതയോടുള്ള ആ കാലത്തിന്റെ ചില സൗന്ദര്യബോധവുംകൂടിയാണ്. പക്ഷേ, അതിനൊപ്പം ഇന്നത്തെ സ്ത്രീ നേടിയെടുത്ത ഏറ്റവും വലിയ ആഭരണവും അവൾക്കൊപ്പംതന്നെ ഉണ്ടാകണം. തെരഞ്ഞെടുക്കാനുള്ള അവകാശം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home