Deshabhimani

print edition തീവ്രസമസ്യകളുമായി ‘പോഡ്കാസ്റ്റ് ഓപ്പെറ’

Women
avatar
മനോജ് കെ പുതിയവിള

Published on Oct 18, 2026, 01:30 AM | 2 min read

എനിക്ക് ഞാൻ ഇതുവരെ പറയാത്ത ഒരു രഹസ്യം പറയാനുണ്ട്. ചിലപ്പോൾ അതു പുറത്തുവന്നാൽ വലിയ ഒച്ചപ്പാട് ഉണ്ടാകും. എന്നാലും എനിക്കു പറയണം.”

"പോഡ്കാസ്റ്റ് നമ്പർ 69: ‘രഹസ്യം’

അവൾ പോഡ്‌കാസ്റ്റ് റെക്കോഡ് ചെയ്യാൻ തുടങ്ങുകയാണ്. അവളുടെ പോഡ്കാസ്റ്റ് പരമ്പരയുടെ ഏറ്റവും പുതിയ എപ്പിസോഡ്. ‘അവിടത്തെ പിള്ളേര് പോഡ്കാസ്റ്റ് അമ്മച്ചി എന്നും അവിടെ ചെല്ലുന്ന പെണ്ണുങ്ങൾ പോഡ്കാസ്റ്റ് ചേച്ചി എന്നും’ വിളിക്കുന്ന, പേര്‌ നഷ്ടപ്പെട്ട നായിക.

സജിത മഠത്തിലാണ് പേരില്ലാത്ത നായികയായി, പറയപ്പെടാത്ത മറ്റു പലരായി അരങ്ങിൽ പകർന്നാടുന്നത്. "പറഞ്ഞാൽ തീരാത്ത ഓർമകളും കഥകളും നിറഞ്ഞ' മനസ്സിന്റെ പെട്ടി തുറന്ന്‌ പുറത്തിറങ്ങുന്ന വർണസുരഭിലമായ അഭിലാഷങ്ങളുടെയും തീവ്രാനുഭവങ്ങളുടെയും പരമ്പരയാണ് ‘പോഡ്‌കാസ്റ്റ് ഓപ്പെറ’ എന്ന നാടകം.


നാൽപ്പത്‌ വയസ്സിലാണ് കേരളീയസ്ത്രീകൾ ജീവിക്കാൻ തുടങ്ങുന്നതെന്നു പറയുന്ന ഒരു ഡോക്യുമെന്ററി കണ്ടത് ഓർക്കുന്നു. രണ്ടു ദശാബ്ദം മുമ്പാണെന്നാണ് ഓർമ. അന്ന് അവർ 60 കഴിഞ്ഞവരെപ്പറ്റി ആലോചിച്ചിരുന്നോ എന്ന് അറിയില്ല. ആയുർദൈർഘ്യം ഗണ്യമായി ഉയർന്നിരിക്കുന്ന, അതിവേഗം വയോജനസമൂഹമായി മാറിക്കൊണ്ടിരിക്കുന്ന പുതിയ കേരളത്തിൽ 60 പിന്നിട്ട സ്ത്രീകളുടെ അവസ്ഥ എന്താണ്.


സ്വന്തം പ്രായത്തെ ‘സെക്കൻഡ് തേർട്ടീസ്’ (2nd 30’s) എന്ന്‌ സ്വയം പ്രഖ്യാപിച്ച് മോഹങ്ങളുടെ ഹിമാലയം കീഴടക്കാൻ വെമ്പുന്ന സ്ത്രീമനസ്സുകൾ. അവർ ഓർമപ്പെട്ടികൾ തുറക്കുമ്പോൾ പുറത്തുവരുന്നത് യഥാർഥലോകത്തെ ജീവിതാനുഭവങ്ങളും ആ പ്രായത്തിലെ പുതിയ സ്ത്രീയുടെ നിറമുള്ള സ്വപ്നങ്ങളുമാണ്. ആ പ്രായത്തിലൂടെ കടന്നുപോകുന്ന നായിക സ്വന്തം ജീവിതാനുഭവങ്ങളും വ്യത്യസ്ത ജീവിതാവസ്ഥകളിലുള്ള സമപ്രായക്കാരുടെ അനുഭവങ്ങളും പോഡ്കാസ്റ്റുകളിലൂടെ മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നതിന്റെ കലാത്മകാവിഷ്കാരമാണ് ‘പോഡ്കാസ്റ്റ് ഓപ്പെറ’.


ഇത് ഏകപാത്രനാടകമല്ല, ഒരാൾ പലരായി പകർന്നാടുന്ന ഏകനടീനാടകമാണ്. പരമ്പരാഗത സങ്കൽപ്പത്തിൽ പോഡ്കാസ്റ്ററെ വേണമെങ്കിൽ നായിക എന്നു വിളിക്കാം. നരച്ച ജീവിതച്ഛായയോടെ അരങ്ങിലെത്തി 63–ാം പോഡ്കാസ്റ്റിന്‌ സൗണ്ട് ചെക്ക് ചെയ്യുന്ന നായിക അടുത്തനിമിഷം തീക്ഷ്ണ‌വർണങ്ങളുള്ള ഉടയാടയിൽ ഉല്ലാസവതിയായി നൃത്തം വയ്ക്കുന്നു. ഓരോ പോഡ്‌കാസ്റ്റിനും മുമ്പ് സ്വയം ഉണർത്താൻ അവൾ ഇങ്ങനെ നൃത്തം വയ്ക്കും.


പഴങ്കാലത്തിന്റെ പ്രാതിനിധ്യമുള്ള ആർ ഡി ബർമന്റെയും എം എസ് വിശ്വനാഥന്റെയുംമുതൽ ബിടിഎസിന്റെവരെ പാട്ടുകൾക്കൊത്ത്‌ ചുവടുവയ്ക്കുമെന്നു പറയുമ്പോൾ ഇന്നലെകളിൽ തളയ്ക്കപ്പെട്ടവളല്ല താനെന്നുകൂടി പ്രഖ്യാപിക്കുകയാണ് അവൾ. അതുവരെ ഊന്നിനടന്ന വാക്കർ ഉപേക്ഷിച്ചു നടത്തുന്ന ആ നൃത്തം ശരീരത്തിന്റെ പരിമിതികൾ മറികടക്കുന്ന മനസ്സിന്റെ അഭിവാഞ്ഛയാണ്. ഇതുതന്നെയാണ് നാടകത്തിന്റെ ആത്മാവ്.


ഒരുമണിക്കൂർ അരങ്ങിൽനിന്ന്‌ കണ്ണും കാതും പറിച്ചെടുക്കാനാകാതെ നമ്മെ പിടിച്ചിരുത്തുന്ന ‘പോഡ്‌കാസ്റ്റ് ഓപ്പെറ’യിൽ ജീവിതത്തിന്റെ സവിശേഷാവസ്ഥയുടെ മാറിമറിയുന്ന ഭാവങ്ങൾ അനായാസം സജിത ആവിഷ്കരിക്കുന്നു. സജിത നല്ലൊരു നർത്തകിയാണെന്നുകൂടി വെളിവാക്കുന്ന ആദ്യരംഗങ്ങളിലെ നൃത്തംമുതൽ വിതുമ്പലുകളും പൊട്ടിക്കരച്ചിലുകളുംവരെയുള്ള ഭാവത്തിന്റെ സൂക്ഷ്മാസഞ്ചരങ്ങൾ മർമജ്ഞയായ നടിയുടെ വിജയം വിളംബരം ചെയ്യുന്നു. പോഡ്കാസ്റ്റ് എന്ന ഫോർമാറ്റ് കഥ പറച്ചിലിന്‌ സൗകര്യം ഒരുക്കുകയും ചെയ്യുന്നു. വ്യക്തികളുടെ ആത്മഭാഷണവും അത് സുസാധ്യമാക്കുന്നു.


സാഹിത്യരചനകളിൽ ആത്മാംശം കടന്നുകൂടുക സ്വാഭാവികമാണല്ലോ. ‘പോഡ്കാസ്റ്റ് ഓപ്പെറ’യിൽ സജിത മഠത്തിലിനെ അറിയുന്നവർക്ക്‌ പലപ്പോഴും അതു കാണാം. ആദ്യഭാഗത്ത്‌ നായിക ഉച്ചരിക്കുന്ന ഒരുപിടി പദങ്ങളിൽ സജിതയുടെ ജീവിതയാത്രയിലെ വഴിക്കല്ലുകൾ കാണാം. സജിതയുടെ ‘മുഖമുദ്ര’യായി കടന്നുവന്ന വലിയ പൊട്ടു സമ്മാനിച്ച കൽക്കട്ടയിലെ കൂട്ടുകാരി മമോഷ്മി, ചെറുപ്പത്തിൽ സ്വന്തം തറവാട്ടിൽ ഉണ്ടായിരുന്ന ‘ഇളക്കക്കാരി അമ്മായി’, പന്തീരാങ്കാവ് സ്കൂൾ, അവിടെ അധ്യാപികയായിരുന്ന റസിയ ബീഗമൊക്കെ സ്വന്തം അനുഭവങ്ങളുടെയും കാഴ്ചകളുടെയും ആവിഷ്കാരങ്ങളല്ലെങ്കിൽ മറ്റെന്ത്.


വലിയ പൊട്ടും കണ്ണടയും വലിയ കല്ലുകളോ കക്കകളോ കോർത്ത മാലയുമെല്ലാമായി പതിഞ്ഞുപോയ സജിതയുടെ രൂപത്തിൽനിന്ന്‌ കഥാപാത്രത്തെ സ്വതന്ത്രമാക്കുക എന്നത് വെല്ലുവിളി ആയിരുന്നെന്നു പറയുന്ന സംവിധായകൻ എമിൽ മാധവിയും സാക്ഷ്യപ്പെടുത്തുന്നു.

​ലാളിത്യമാണ്‌ നാടകത്തിന്റെ മുഖമുദ്ര. വേഷത്തിലായാലും സ്റ്റേജ് സാമഗ്രികളിലായാലും ശബ്ദ- പ്രകാശ വിന്യാസങ്ങളിലായാലും എല്ലാം ഈ ലാളിത്യം കാണാം.


അതാണ് ഇവിടെ നാടകീയതയ്ക്ക്‌ മിഴിവേകുന്നത്. ഇന്ദുലേഖ ജയരാജും വർക്കിയും ചേർന്ന് ഒരുക്കിയ റാപ്പും പഴയകാല സിനിമാഗാനങ്ങളും രബീന്ദ്രസംഗീതവും കാറ്റിന്റെയും പ്രകൃതിയുടെയുമെല്ലാം ശബ്ദങ്ങളും വൈകാരികത പകരുന്നു; പോളി വർഗീസിന്റേതാണ് തീം മ്യൂസിക്. മെൽബണിലും സിഡ്നിയിലും അഡിലെയ്‌ഡിലുമടക്കം പത്തിലേറെ വേദികളിൽ ‘പോഡ്‌കാസ്റ്റ് ഓപ്പെറ’ ഇതിനകം അവതരിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home